രാജ്യത്തിെൻറ പകുതി ഭാഗവും വെള്ളത്തിൽ; അന്താരാഷ്ട്ര സഹായം തേടി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: സമീപകാലത്തൊന്നും പാകിസ്താനിൽ ഇങ്ങനെയൊരു വെള്ളപ്പൊക്കമുണ്ടായതായി ആരും ഓർക്കുന്നില്ല. 2010ലുണ്ടായ വെള്ളപ്പൊക്കത്തെക്കാൾ വലിയ ദുരിതമാണ് ജനങ്ങൾ നേരിടുന്നത്. അന്നത്തെ വെള്ളപ്പൊക്കം 20മില്യൺ ആളുകളെ ബാധിച്ചിരുന്നു. 2000 ത്തോളം ആളുകൾ വെള്ളപ്പൊക്ക കെടുതികളിൽ പെട്ട് മരിക്കുകയും ചെയ്തു. ഇത്തവണത്തെ വെള്ളപ്പൊക്കം രാജ്യത്തെ ആകെ ജനസംഖ്യയുടെ 15ശതമാനം ആളുകളെ അതായത് 33 മില്യണെ ബാധിച്ചതായാണ് പാകിസ്താനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.
വെള്ളപ്പൊക്കത്തിൽ പെട്ട് ആഗസ്റ്റ് 27 വരെയുള്ള കണക്കനുസരിച്ച് 1041 പേർ മരിച്ചു. നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിരിക്കയാണ്. ജനങ്ങളുടെ ദുരിതമകറ്റാൻ കൂടുതൽ അന്താരാഷ്ട്ര സഹായം തേടിയിരിക്കയാണ് പാകിസ്താൻ. നിലവിൽ യു.എസ്, യു.കെ, യു.എ.ഇ രാജ്യങ്ങൾ സഹായം നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ സാമ്പത്തിക സഹായം അനിവാര്യമാണെന്നാണ് പാക് ആഭ്യന്തരമന്ത്രാലയം പറയുന്നത്. ജനങ്ങളുടെ സുരക്ഷക്കായി കഴിവിെൻറ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സർക്കാർ അധികൃതർ വ്യക്തമാക്കി.
എല്ലാവർഷവും പാകിസ്താനിൽ മൺസൂൺ കാലത്ത് ജനം ദുരിതമനുഭവിക്കാറുണ്ട്. സാധാരണ ജൂലൈ മുതലാണ് രാജ്യത്ത് മഴ ശക്തമാകുന്നത്. എന്നാൽ ഇക്കുറി ജൂൺ മുതലേ ശക്തമായ മഴയുണ്ടായി. ഇതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. ജൂൺ-ജൂലൈ മാസങ്ങളിൽ മാത്രം നൂറുകണക്കിനാളുകൾ മരിച്ചു. ആഗസ്റ്റ് ഒന്നു മുതൽ 26 വരെ മാത്രം രാജ്യത്ത് 176.8 മില്ലീമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്. തെക്കൻ മേഖലയായ സിന്ധ് ആണ് ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവിച്ചത്. ഇവിടെ ഈ മാസം മാത്രം 442.5 മില്ലീ മീറ്റർ മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

