ഗൾഫ്–യു.എസ് ഉച്ചകോടി: എന്താകും ആ സുപ്രധാന പ്രഖ്യാപനം?
text_fieldsറിയാദ്: മേയ് 21ന് ഗൾഫ് അമേരിക്ക ഉച്ചകോടി സൗദിയിലെ റിയാദിൽ നടക്കാനിരിക്കെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ച ആ സുപ്രധാന പ്രഖ്യാപനം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് നയതന്ത്ര ലോകം. കഴിഞ്ഞയാഴ്ച കാനഡ പ്രധാനമന്ത്രി മാർക് കാർണിയുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ പശ്ചിമേഷ്യ സന്ദർശനത്തിൽ വളരെ പ്രധാനപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് ഇതെന്ന് ഗൾഫ് മേഖലയിലെ നയതന്ത്ര വൃത്തങ്ങൾ പേര് വെളിപ്പെടുത്താതെ സൂചന നൽകി. ഹമാസിന് സ്വാധീനമില്ലാത്ത ഫലസ്തീൻ രാഷ്ട്രം എന്നതാണ് യു.എസ് വിഭാവന ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
സൗദിയിലെ സൽമാൻ രാജാവ് ഒഴികെ എല്ലാ ജി.സി.സി രാഷ്ട്രനേതാക്കളും ഗൾഫ് -യു.എസ് ഉച്ചകോടിയിൽ സംബന്ധിക്കും. ആരോഗ്യ പ്രശ്നങ്ങളുള്ള സൽമാൻ രാജാവിന് പകരം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് നേതൃത്വം നൽകുക. അമേരിക്ക ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ നിർണായക സംഭവ വികാസമാകും. ട്രംപിന്റെ നീക്കങ്ങൾ ഇസ്രായേലിന് ആശങ്ക സൃഷ്ടിക്കുന്നതായി അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലിന്റെ എക്കാലത്തെയും ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് അമേരിക്ക. ഗസ്സയിലെ അധിനിവേശത്തിന് ഉൾപ്പെടെ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് അമേരിക്ക നൽകിവന്നത്. കഴിഞ്ഞ ദിവസം അമേരിക്ക യമനിലെ ഹൂതികളുമായി നേരിട്ട് ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഇസ്രായേൽ നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. തങ്ങളുടെ താൽപര്യത്തിന് എതിരായി അമേരിക്ക ഒന്നും ചെയ്യില്ല എന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്.
അതിനിടെ, ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ടതാകില്ല ആ പ്രഖ്യാപനമെന്ന് പറയുന്നു മുൻ നയതന്ത്രജ്ഞനായ അഹ്മദ് അൽ ഇബ്രാഹിം. ഫലസ്തീനുമായി ചേർന്നുകിടക്കുന്ന ഈജിപ്തും ജോർഡനും ഉച്ചകോടിയിൽ ഇല്ലാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള പ്രധാന സാമ്പത്തിക സഹകരണ കരാറാകും പ്രഖ്യാപനമെന്നാണ് അദ്ദേഹം പറയുന്നത്. 2017ലെ ഗൾഫ് -യു.എസ് ഉച്ചകോടിയിൽ സൗദി അമേരിക്കയുമായി 40000 കോടി ഡോളറിന്റെ വ്യാപാര കരാറുണ്ടാക്കിയിരുന്നു. യു.എ.ഇ അമേരിക്കയിൽ ലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. സൗദി 60000 കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

