'ചൈന ഭീഷണി': പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തി തായ്വാൻ
text_fieldsതായ്പെയ്: അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ബജറ്റിൽ പ്രതിരോധത്തിന് വൻതുക അധികം നീക്കിവെച്ച് തായ്വാൻ. ചൈനയുടെ കടന്നുകയറ്റസാധ്യത വലിയ ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിന് 1900 കോടി ഡോളർ തായ്വാൻ വകയിരുത്തിയത്.
സമീപകാലത്തെ ഏറ്റവും വലിയ സൈനികാഭ്യാസമാണ് തായ്വാൻ കടലിലും വ്യോമാതിർത്തി കടന്നും ചൈന അടുത്തിടെ നടത്തിയിരുന്നത്. മേഖലയിൽ സൈനികവിന്യാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്വാനിലെത്തിയതിനു പിന്നാലെയായിരുന്നു നടപടി.
അതേ സമയം, യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളും സ്വന്തമാക്കാനാണ് തുകയിൽ വലിയ പങ്ക് നീക്കിവെക്കുക. 2017നുശേഷം പ്രതിരോധത്തിന് ഓരോ വർഷവും രാജ്യം നീക്കിവെക്കുന്ന തുക വർധിപ്പിച്ചുവരുകയാണ്. അടുത്ത വർഷത്തെ പ്രതിശീർഷ ആളോഹരി വരുമാനത്തിന്റെ 2.4 ശതമാനമാകും പ്രതിരോധത്തിന് നീക്കിവെക്കുക. കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ചൈനയുടെ ബജറ്റിലും പ്രതിരോധത്തിന് 7.1 ശതമാനം തുക കൂട്ടിയിരുന്നു.
അതിനിടെ, ചൈനയെ കൂടുതൽ പ്രകോപിപ്പിച്ച് കൂടുതൽ യു.എസ് സാമാജികർ തായ്വാനിലേക്ക്. അമേരിക്കൻ രാഷ്ട്രീയനേതാക്കളുടെ മൂന്നാം സംഘമാണ് ഇതോടെ രാജ്യത്തെത്തുന്നത്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന തായ്വാനിൽ അനുമതിയില്ലാതെ യു.എസ് സാമാജികർ എത്തുന്നത് ബെയ്ജിങ്ങിനെ ചെറുതായൊന്നുമല്ല പ്രകോപിപ്പിക്കുന്നത്