‘ബാലിയിൽ നിന്ന് തിരികെയെത്തിച്ച മകന്റെ മൃതദേഹത്തിൽ ഹൃദയം കാണാനില്ല’ നടപടികളിൽ ദുരൂഹതയെന്നും കുടുംബം
text_fieldsബൈറൺ ഹാഡോ
ക്വീൻസ്‍ലാൻഡ് (ഓസ്ട്രേലിയ): ബാലിയിൽ താമസ സ്ഥലത്ത് മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ചപ്പോൾ ആന്തരാവയവങ്ങൾ കാണാനില്ലെന്ന് കുടുംബം. ക്വീൻസ്‍ലാൻഡ് സ്വദേശിയായ ബൈറൺ ഹാഡോ (23) സ്വകാര്യവില്ലയിലെ പൂളിൽ മുങ്ങിമരിച്ചതായി മെയ് 26നാണ് കുടുംബത്തിന് അറിയിപ്പ്‍ ലഭിച്ചത്.
അതേസമയം, ബൈറൺ ഹാഡോയുടെ മരണത്തിന് പിന്നാലെ നാലുദിവസങ്ങൾക്ക് ശേഷമാണ് കെട്ടിട ഉടമകൾ സംഭവം പൊലീസിൽ അറിയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസെത്തുമ്പോഴേക്കും സംഭവമുണ്ടായ പൂളിന്റെ പരിസരമടക്കം വൃത്തിയാക്കി തെളിവുകളടക്കം നശിപ്പിച്ചിരുന്നു. സംഭവമുണ്ടായി നാല് ആഴ്ചകൾക്ക് ശേഷമാണ് യുവാവിൻറെ മൃതദേഹം ഓസ്ട്രേലിയയിലെ വീട്ടിലെത്തിക്കാനായതെന്നും കുടുംബം പറയുന്നു.
നാട്ടിലെത്തിച്ച മൃതദേഹത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് ഹൃദയം ശരീരത്തിൽ നിന്ന് എടുത്തുമാറ്റിയതായി കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെയോ ബന്ധപ്പെട്ട അധികൃതരുടെയോ അറിവും സമ്മതവുമില്ലാതെയാണ് അവയവം എടുത്ത് മാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
‘മരണത്തിന് നാല് ആഴ്ചയോളം കഴിഞ്ഞാണ് മൃതദേഹം ഓസ്ട്രേലിയയിലെ വീട്ടിലെത്തിച്ചത്. എന്നാൽ, തുടർന്ന് വീണ്ടും നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഹൃദയമില്ലെന്ന് തിരിച്ചറിഞ്ഞത്. ഞങ്ങളുടെ അറിവില്ലാതെ, ഞങ്ങളുടെ സമ്മതമില്ലാതെ, നിയമപരമായോ ധാർമ്മികമായോ യാതൊരു ന്യായീകരണവുമില്ലാതെ, ഇത് മനുഷ്യത്വരഹിതമാണ്. വാക്കുകൾക്ക് അതീതമായ ദുരിതമാണ്,’- ബൈറണിന്റെ മാതാപിതാക്കളായ റോബർട്ട് ഹാഡോയും ചാന്റൽ ഹാഡോയും പറഞ്ഞു.
മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും യുവാവിനെ മയക്കുമരുന്ന് നൽകി അപായപ്പെടുത്തുകയായിരുന്നുവെന്നാണ് സംശയമെന്നും കുടുംബം പറഞ്ഞു. നീക്കിയ ഹൃദയം തിരിച്ചെത്തിക്കാൻ 700 ഓസ്ട്രേലിയൻ ഡോളർ അധികൃതർ വീണ്ടും വാങ്ങി. യുവാവിന്റെ മരണകാരണം പൂളിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ബാലിയിൽ പോസ്റ്റ്മോർട്ടം നടത്തിയ വിദഗ്ദൻ അറിയിച്ചതെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

