വിദേശവനിതകളെ പീഡിപ്പിച്ച കേസിൽ കൊച്ചുമകൻ പ്രതി; പാകിസ്താൻ ഉപപ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി
text_fieldsകറാച്ചി: ലാഹോറിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൊച്ചുമകൻ മുഹമ്മദ് റാസ ദാർ പ്രതിയായതിനു പിന്നാലെ പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്‍റെ രാജിക്കായി മുറവിളി ശക്തമാകുന്നു. ഇഷാഖ് ദാർ രാജിവെക്കണമെന്ന് സെനറ്റർ ഫൈസൽ വാവ്ദ ആവശ്യപ്പെട്ടു. വെനസ്വേല, നെതർലൻഡ്സ് സ്വദേശികളായ വനിതകൾ ജൂൺ 29നാണ് കൂട്ടബലാത്സംഗത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ഒളിവിലാണ്. ഇഷാഖ് ദാറിന്റെ കൊച്ചുമകൻ ഉൾപ്പെടെയുള്ള പ്രതികളെ വെള്ളിയാഴ്ച ലാഹോർ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. റാസ ദാർ കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വെച്ചാണ് ഈ വനിതകളെ പരിചയപ്പെട്ടതെന്നും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട് ഇവർ പങ്കാളികളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താന്‍ സന്ദർശനത്തിനായി ഇവർക്ക് ബിസിനസ് വിസ സംഘടിപ്പിച്ചത് റാസ ദാറാണ്.
പാകിസ്താൻ സൈനിക മേധാവികളുമായി അടുത്ത ബന്ധം പുലർത്തുന്ന സെനറ്റർ ഫൈസൽ വാവ്ദ ശനിയാഴ്ചയാണ് ഇഷാഖ് ദാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കേസിൽ മന്ത്രിയുടെ ബന്ധുവിനെ സംരക്ഷിക്കാൻ ഫെഡറൽ ഗവൺമെന്റും പഞ്ചാബ് പ്രവിശ്യാ സർക്കാരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.'പാകിസ്താൻ ഒരു കുടുംബ കോർപറേഷനെപ്പോലെയാണ് പ്രവർത്തിക്കുന്നത്'ഇഷാഖ് ദാറിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയ സെനറ്റർ വാവ്ദ അറിയച്ചു. സംഭവത്തെ ഉദ്ധരിച്ച് ഇഷാഖ് ദാറിന്റെ കൊച്ചുമകനെ പ്രധാന പ്രതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
`വിദേശ എംബസികൾ ഇടപെട്ടതിന് ശേഷം മാത്രമാണ് റാസ ദാറിന്‍റെ അറസ്റ്റ് ഉണ്ടായത്. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെ എങ്ങനെയാണ് ഇഷാഖ് ദാറിന് ലോകത്തിന് മുന്നിൽ പാകിസ്താന്‍റെ ഉപപ്രധാനമന്ത്രിയായും വിദേശകാര്യമന്ത്രിയായും തുടരാൻ കഴിയുക?' വാവ്ദ എക്സിൽ കുറിച്ചു. `പാകിസ്താന്‍റെ അന്താരാഷ്ട്ര പ്രതിച്ഛായയെക്കുറിച്ച് അല്പമെങ്കിലും ചിന്തയുണ്ടെങ്കിൽ ഇഷാഖ് ദാർ ഉടൻ രാജിവെക്കണം' അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന്‍ സൈനിക വിഭാഗത്തോട് അടുപ്പം പുലർത്തുന്നയാളാണ് വാവ്ദ. ഭരണസഖ്യത്തിലെ പാർട്ടികളായ പാകിസ്താന്‍ പീപ്പിൾസ് പാർട്ടി(പി.പി.പി), പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പി.എം.എൽ-എന്‍) എന്നിവയുടെ പിന്‍ബലത്തോട സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയെ അദ്ദേഹം പ്രതിനിധീകരിക്കുന്നില്ല. കൂടാതെ കേസിനെ ബലാത്സംഗത്തിൽനിന്ന് കവർച്ചയാക്കാന്‍ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദേശികളായ ഇരകളെ എത്രയും വേഗം അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും വാവ്ദ ആരോപിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ പാകിസ്താനെ പ്രതിനിധീകരിക്കുന്ന ഉന്നത നേതാക്കളിൽ ഒരാളാണ് ഇഷാഖ് ദാർ. കൊല്ലപ്പെട്ട ഇറാൻ നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വെള്ളിയാഴ്ച തെഹ്‌റാനിൽ എത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും സൈനിക മേധാവി അസിം മുനീറിനുമൊപ്പം ഇഷാഖ് ദാറും ഉണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

