പേരക്കുട്ടിയുടെ ട്യൂഷൻ ഫീസുൾപ്പെടെ 8600 ഡോളർ ചെലവഴിച്ച് മുഖത്തെ ചുളിവുകൾ മാറ്റാൻ ഈ ചൈനീസ് മുത്തശ്ശി പ്ലാസ്റ്റിക് സർജറി ചെയ്തു; പിന്നീട് സംഭവിച്ചത്...
text_fieldsബെയ്ജിങ്: മുഖത്തെ ചുളിവുകൾ മാറ്റി യുവത്വം തിരിച്ചുപിടിക്കാൻ ചൈനയിലെ ഒരു മുത്തശ്ശി പേരക്കുട്ടിയുടെ ട്യൂഷൻ ഫീസടക്കം തന്റെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചിട്ടും രക്ഷയുണ്ടായില്ല. പ്രായമായാൽ മുഖത്തുണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് സർജറിക്കാണ് മുത്തശ്ശി വിധേയായത്. ഭർത്താവിന് സ്നേഹം കുറയുന്നത് തടയാനാണ് ഇത്തരമൊരു കടുംകൈക്ക് മുതിർന്നതെന്നാണ് അവർ പറയുന്നത്.
കുയി എന്നാണ് മുത്തശ്ശിയുടെ കുടുംബപ്പേര്. ഒരിക്കൽ വീടിനടുത്ത പ്ലാസ്റ്റിക് സർജറി ക്ലിനിക്കിൽ പോയപ്പോൾ ആവശ്യത്തിലധികം ചുളിവുകളുണ്ട് മുത്തശ്ശിയുടെ മുഖത്തെന്ന് ക്ലിനിക്കിലെ സർജൻ പറഞ്ഞു. ഇവർ താമസിക്കുന്ന സ്ഥലത്തെ തെറാപ്പി സെന്ററിന്റെ ഉടമയാണ് പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലേക്ക് കൊണ്ടുപോയത്. ഈ ചുളിവുകൾ നിർഭാഗ്യമാണെന്നും അയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാടുകൾ ഭർത്താവ് ചതിക്കുമെന്നതിന്റെ സൂചനയാണെന്നും സർജൻ പറയുകയുണ്ടായി. മാത്രമല്ല, കണ്ണുകൾക്ക് ചുറ്റുമുള്ള ചുളിവുകൾ മാറുന്നത് മൂലം മക്കൾക്കും ഭർത്താവിനും ഭാഗ്യം വന്നുചേരുമെന്നും അയാൾ കൂട്ടിച്ചേർത്തു.
പെട്ടെന്ന് പണം നൽകി സർജറി ചെയ്യാനും ക്ലിനിക്കിലെ ജീവനക്കാരും 58കാരിയെ നിർബന്ധിച്ചു. എന്താണെന്ന് ആലോചിക്കുന്നതിന് മുമ്പേ കുയിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ ക്ലിനിക്കിന്റെ അക്കൗണ്ടിലെത്തി. അങ്ങനെ തന്റെ സമ്പാദ്യം മുഴുവൻ നൽകി മുത്തശ്ശി മുഖത്തെ ചുളിവുകൾ മാറ്റാൻ പ്ലാസ്റ്റിക് സർജറി ചെയ്തു. എന്നാൽ ഒരുമാറ്റവുമുണ്ടായില്ല. ഏതാണ്ട് 8,600 ഡോളറായിരുന്നു (ഏതാണ്ട് ഏഴര ലക്ഷത്തോളം രൂപ) പ്ലാസ്റ്റിക് സർജറിയുടെ ചെലവ്. കൊച്ചുമകന് ട്യൂഷൻ ഫീസായി കൊടുക്കാൻ വെച്ച പണമടക്കമായിരുന്നു അത്.
58 വയസുള്ള സുയി ചികിത്സക്കു ശേഷം ചർദിയും തലവേദനയും മൂലം ബുദ്ധിമുട്ടി. വായ തുറക്കാനും പ്രയാസപ്പെട്ടു. ഹൈലൂറോണിക് ആസിഡ് ആയിരുന്നു കുയിയുടെ മുഖത്ത് കുത്തിവെച്ചിരുന്നത്. മകളോട് കുയി കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ലോകമറിഞ്ഞത്. അമ്മ തട്ടിപ്പിനിരയായ കാര്യം മനസിലാക്കിയ മകൾ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ക്ലിനിക്കിനെ സമീപിച്ചു. എന്നാൽ പണം തിരിച്ചുതരില്ലെന്നും നിയമ നടപടി സ്വീകരിച്ചോളാനുമാണ് ക്ലിനിക്കിൽ നിന്ന് പറഞ്ഞത്.
പിന്നാലെ ക്ലിനിക്കിനെതിരെ മകൾ പോലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് സൗത്ത ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട്. ചൈനയില്‍ സൗന്ദര്യ വർധക ക്ലിനിക്കുകൾക്കെതിരെ നേരത്തെയും വലിയ തോതില്‍ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. പലതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരായ നിരവധി രോഗികൾക്ക് പിന്നീട് പല തരത്തിലുള്ള അലര്‍ജികളും അസ്വസ്ഥതകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനകം ആറോളം സൗന്ദര്യ വർധക ക്ലിനിക്കുകൾക്കെതിരെ പൊലീസ് നടപടി എടുത്തു. അതിലേറെ അനധികൃത ക്ലിനിക്കുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

