മ്യാന്മറിൽ 15 പേരെ ജനാധിപത്യവാദികൾ കൊലപ്പെടുത്തിയെന്ന് ഭരണകൂടം
text_fieldsമ്യാന്മറിൽ നടന്ന പ്രതിഷേധം
ബാങ്കോക്ക്: രാജ്യത്തിന്റെ മധ്യമേഖലയിൽ ജനാധിപത്യ വാദികൾ നടത്തിയ മോർട്ടാർ ആക്രമണത്തിൽ 15 നാട്ടുകാർ കൊല്ലപ്പെട്ടതായി മ്യാന്മറിലെ സൈനിക നിയന്ത്രണത്തിലുള്ള സർക്കാർ. പീപ്ൾസ് ഡിഫൻസ് ഫോഴ്സസ് എന്ന ഗറില സംഘം ബുധനാഴ്ച പുലർച്ചെ നാലിന് സാഗിങ് മേഖലയിലെ എൻഗ്വേ ട്വിൻ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള മ്യാന്മ അലീൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് സന്യാസിമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
2021 ഫെബ്രുവരി ഒന്നിന് ഓങ്സാൻ സൂചിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് പി.ഡി.എഫ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപ്രാപിച്ചത്. സൈനിക ഭരണകൂടത്തെ എതിർക്കുന്ന നിഴൽ ഭരണകൂടമായ ദേശീയ ഐക്യ സർക്കാറിനെ പിന്തുണക്കുന്നവരാണ് ഇവർ. സൈനിക ഭരണകൂടത്തിനെതിരായ പോരാട്ടം നടക്കുന്ന പ്രധാന സ്ഥലമാണ് സാഗിങ്. എന്നാൽ, സൈനിക ഭരണകൂടത്തെ പിന്തുണക്കുന്ന പ്രദേശമാണ് എൻഗ്വേ ട്വിൻ ഗ്രാമം. സൈന്യം നടത്തുന്ന ഭീകരവിരുദ്ധ നടപടികളെ പിന്തുണക്കുന്നവരുമാണ് ഇവിടെയുള്ളവർ.
ആക്രമണം നടന്ന വിവരം പി.ഡി.എഫ് അംഗങ്ങളിൽ ഒരാൾ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് സ്ഥിരീകരിച്ചു. സൈന്യത്തെ പിന്തുണക്കുന്ന സായുധ വിഭാഗങ്ങൾ ജനാധിപത്യവാദികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും സൈന്യത്തെ സഹായിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈനികരും സൈന്യത്തെ പിന്തുണക്കുന്നവരുമായ 19 പേരെ കൊലപ്പെടുത്തിയതായും 20 പേർക്ക് പരിക്കേറ്റതായും മറ്റൊരു പി.ഡി.എഫ് സംഘമായ പീപ്ൾസ് സെർവന്റ് റവല്യൂഷൻ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

