പാകിസ്താനിൽ ഇംറാന്റെ ലൈവ് പ്രസംഗങ്ങൾ നിരോധിച്ച് സർക്കാർ
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇംറാൻ ഖാന്റെ നിശിത വിമർശനം ചെറുക്കാൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ലൈവ് സംപ്രേഷണം വിലക്കി ശഹബാസ് ശരീഫ് സർക്കാർ. കഴിഞ്ഞ ദിവസം ഇസ്‍ലാമാബാദിൽ നടന്ന റാലിയിൽ ഭരണഘടന സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും പ്രകോപനപരമായും പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്, റാലി കഴിഞ്ഞ ഉടൻ രാജ്യത്തെ ഇലക്ട്രോണിക് മീഡിയ നിയന്ത്രണ അതോറിറ്റി വിലക്കുമായി രംഗത്തുവന്നത്.
രാജ്യത്തിന്റെ സ്ഥാപനങ്ങൾക്കെതിരായ ഉള്ളടക്കമുള്ള പ്രസ്താവനകൾ ലൈവ് നൽകാതെ, സെൻസർഷിപ്പിനുശേഷം മാത്രമെ സംപ്രേഷണം ചെയ്യാവൂ എന്ന പാകിസ്താൻ ഇലക്ട്രോണിക് മീഡിയ നിയന്ത്രണ അതോറിറ്റി (പി.ഇ.എം.ആർ.എ) യുടെ ഉത്തരവ് ടി.വി ചാനലുകൾ അനുസരിക്കുന്നില്ലെന്നും ഇത് അനുവദിക്കാനാവില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
ശനിയാഴ്ച ഇസ്‍ലാമാബാദിൽ നടന്ന റാലിയിൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വനിത മജിസ്ട്രേറ്റിനെതിരെയും തെരഞ്ഞെടുപ്പ് കമീഷനെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും വിമർശനമുന്നയിച്ച ഇംറാൻ ഇവർക്കെതിരെ പരാതി നൽകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ സ്ഥാപനങ്ങൾക്കെതിരെ ഇത്തരം പ്രസ്താവന നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ക്രമസമാധാനനില തകരുന്നതിന് പ്രേരകമാകുന്നുവെന്ന് പി.ഇ.എം.ആർ.എ ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ ഭരണഘടനയുടെ 19ാം വകുപ്പിനും മാധ്യമപെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണെന്നും സമിതി വ്യക്തമാക്കി. ഇംറാന്റെ പ്രസംഗങ്ങളും പ്രസ്താവനകളും സർക്കാർ സമിതി പരിശോധിച്ച് അനുമതി തരും വരെ സംപ്രേഷണം നടത്തരുതെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറക്കുമതി ചെയ്ത ഫാഷിസ്റ്റ് സർക്കാറിന്റെ കാട്ടിക്കൂട്ടലുകളാണിതെന്ന് തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവ് കൂടിയായ ഇംറാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

