പേടിച്ച് നാടുവിട്ട ഗോടബയ ആദ്യമെത്തിയത് മാലദ്വീപിൽ, പിന്നാലെ സിംഗപ്പൂർ, ഒടുവിൽ സൗദിയിലേക്ക്
text_fieldsകൊളംബോ: ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തെ പേടിച്ച് നാടുവിട്ട പ്രസിഡന്റ് ഗോടബയ സൗദി അറേബ്യയിലേക്ക് പോകാൻ ഒരുങ്ങുന്നയായി റിപ്പോർട്ട്. ശ്രീലങ്കൻ ജനത പ്രസിഡന്റിന്റെ രാജിക്കത്തും കാത്തിരിക്കുമ്പോൾ വിമാനത്തിൽ പറന്നുനടക്കുകയാണ് ഗോടബയ.
സിംഗപ്പൂർ വഴി സൗദിയിലെത്താനാണ് ഗോടബയയുടെ ശ്രമമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്കു പാലിക്കാൻ ഗോടബയ തയാറായില്ല. മാലദ്വീപിൽ നിന്ന് സൗദി വിമാനത്തിലാണ് ഗോടബയ സിംഗപ്പൂരിലേക്ക് പറന്നത്. വ്യാഴാഴ്ച രാത്രിയോടെ ഗോടബയയും സംഘവും സിംഗപ്പൂരിലെത്തുമെന്നാണ് കരുതുന്നത്.
ജനകീയ പ്രക്ഷോഭത്തിൽ അടിപതറിയ ഗോടബയ അറസ്റ്റ് ഭയന്നാണ് ആദ്യം മാലദ്വീപിലേക്ക് പറന്നത്. മാലദ്വീപിൽ പ്രതിപക്ഷ പാർട്ടികൾ എതിർത്തതിനെ തുടർന്ന് സൗദി വിമാനത്തിൽ സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു. അവിടെ നിന്ന് ഉടൻ ജിദ്ദയിലെത്തുമെന്നാണ് അഭ്യൂഹം. ഇതെ കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല. ഭരണകാലത്ത് കടുത്ത മുസ്‍ലിം വിരോധം വെച്ചു പുലർത്തിയ വ്യക്തയാണ് ഗോടബയ. ഒടുവിൽ അഭയം നൽകാൻ മുസ്‍ലിം രാഷ്ട്രങ്ങൾ തന്നെ വേണ്ടി വന്നുവെന്നും പ്രതികരണം വരുന്നുണ്ട്.
അതിനിടെ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭകരെ തടയാൻ ശ്രീലങ്കൻ സൈന്യംപാർലമെന്റിനു സമീപം ടാങ്കുകൾ വിന്യസിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

