എച്ച് 1 ബി വിസയിലുള്ള ജീവനക്കാർ യു.എസ് വിട്ടുപോകരുതെന്ന് ഗൂഗ്ൾ, ആപ്പിൾ കമ്പനികളുടെ മുന്നറിയിപ്പ്; കാരണം?
text_fieldsവാഷിങ്ടൺ: എച്ച് 1 ബി വിസയിലുള്ള ജീവനക്കാർ യു.എസ് വിട്ടുപോകരുതെന്ന് മുന്നറിയിപ്പ് നൽകി ആപ്പിൾ, ഗൂഗ്ൾ കമ്പനികൾ. എംബസികളിലെയും കോൺസുലേറ്റുകളിലെയും വിസ നടപടിക്രമങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനാലാണ് ഈ മുന്നറിയിപ്പെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തെ കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന മെമ്മോകൾ ഇരുകമ്പനികളെയും പ്രതിനിധീകരിക്കുന്ന ഇമിഗ്രേഷൻ നിയമസ്ഥാപനങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിൽ പോയി വന്ന ശേഷം യു.എസിൽ വീണ്ടും പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ നിലവിൽ അനന്തമായി നീളുകയാണ്. ഇത് വിവിധ കമ്പനികളിലെ ജോലികളെയും ബാധിക്കുന്നു.
''ചില യു.എസ് എംബസികളും കോൺസുലേറ്റുകളും വിസ സ്റ്റാമ്പിങ് അപ്പോയിന്റ്മെന്റ് കാലതാമസം നേരിടുന്നുണ്ടെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. നിലവിൽ ഈ കാലതാമസം മാസങ്ങളോളം നീണ്ടുനിന്നേക്കാം. ഈ സമയത്ത് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് യു.എസിലേക്ക് തിരിച്ചുള്ള പ്രവേശനം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്''-എന്നാണ് ഗൂഗ്ളിന്റെ മെമ്മോയിലുള്ളത്. കാരണം ജീവനക്കാർക്ക് ജോലികളിലേക്ക് മടങ്ങേണ്ട കൃത്യസമയത്ത് വിസ സ്റ്റാമ്പിങ് അപ്പോയിന്റ്മെന്റുകൾ ലഭിച്ചേക്കില്ല.
''സമീപ കാലത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദേശയാത്ര ചെയ്യുന്നവരിൽ സാധുവായ എച്ച് 1 ബി വിസ സ്റ്റാമ്പ് ഇല്ലാത്ത ജീവനക്കാർ ഈ സമയം അന്താരാഷ്ട്ര യാത്ര ഒഴിവാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു''-എന്നാണ് ആപ്പിളിന്റെ മെമ്മോയിലുള്ളത്.
കുറച്ചു മാസങ്ങളായി വിസ പ്രോസസിങ് സമയപരിധികൾ വർധിച്ചതിനാൽ എച്ച്1ബി വിസ കൈവശമുള്ള ജീവനക്കാരുടെ യു.എസിലേക്കുള്ള യാത്ര മുടങ്ങിക്കിടക്കുക്യാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി വർധിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. ആ സമയത്ത് തൊഴിലാളികൾ അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഗൂഗ്ളും ആപ്പിളും അടക്കമുള്ള കമ്പനികൾ നിർദേശം നൽകിയിരുന്നു.
എച്ച് 1 ബി വിസ അപേക്ഷകർ, അവരുടെ ആശ്രിതർ, വിദ്യാർഥികൾ എന്നിവരുടെ സമൂഹ മാധ്യമങ്ങളെ കുറിച്ചുള്ള പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ വിസ നടപടിക്രമങ്ങൾക്ക് ഏറെ കാലതാമസം നേരിടുന്നത്. സമഗ്ര പരിശോധനക്കാണ് ഇപ്പോൾ എംബസികളും കോൺസുലേറ്റുകളും മുൻഗണന നൽകുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് വ്യക്തമാക്കി.
മുൻകാലങ്ങളിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിലും കാത്തിരിപ്പ് സമയം കുറക്കുന്നതിലും ഊന്നൽ നൽകിയിരുന്നു. എന്നാൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ഞങ്ങളുടെ എംബസികളും കോൺസുലേറ്റുകളും ഇപ്പോൾ എല്ലാറ്റിനുമുപരി ഓരോ വിസ കേസും സമഗ്രമായി പരിശോധിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും വക്താവ് പറഞ്ഞു.
സാധുവായ വിസ സ്റ്റാമ്പ് ഇല്ലാതെ ജീവനക്കാർക്ക് വീണ്ടും യു.എസിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല.അതിനാലാണ് യാത്രകൾ അനിവാര്യമല്ലെങ്കിൽ ഒഴിവാക്കാൻ ജീവനക്കാർക്ക് ആപ്പിളും ഗൂഗ്ളും നിർദേശം നൽകിയത്.
ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് വിവിധ സാങ്കേതിക മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുന്നതാണ് എച്ച്1 ബി വിസ. ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ പ്രധാന കമ്പനികളിലെ ആയിരക്കണക്കിന് എൻജിനീയർമാരും ഡാറ്റാ സയൻറിസ്റ്റുകളും സോഫ്റ്റ്വെയർ ഡെവലപ്പർമാരും ഈ വിസയിലെത്തിയവരാണ്. വിസ പ്രോസസിങ് നടപടികൾ മന്ദഗതിയിലായതിനാൽ അതിനെതിരെ പല കമ്പനികളും ഇപ്പോൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ചില കമ്പനികൾ അത്യാവശ്യമല്ലാ യാത്രകൾ വൈകിപ്പിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകുമ്പോൾ, മറ്റ് ചിലർക്ക് അടിയന്തര വിസ നടപടിക്രമങ്ങളെ കുറിച്ച് മാർഗനിർദേശവും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

