ബാങ്കോക്ക്: തിരക്കുപിടിച്ച സമയത്ത് ആളുകൾക്കൊപ്പം ഷോപ്പിങ്ങിന് ഒരു കൂറ്റൻ ഗോഡ്സില്ല സൂപർ മാർക്കറ്റിലെത്തിയാലോ? എത്ര സൗകര്യങ്ങളുണ്ടായാലും ആരും സന്തോഷപൂർവം അതിനെ സ്വാഗതം ചെയ്യില്ലെന്നുറപ്പ്. എന്നല്ല, കണ്ടുനിൽക്കുന്നവർ ബഹളം വെച്ചും അട്ടഹസിച്ചും പരമാവധി പുറത്തെത്തിക്കാനും സ്വന്തം കാര്യം സുരക്ഷിതമാക്കാനുമാകും ശ്രമിക്കുക.
കഴിഞ്ഞ ദിവസം തായ്ലൻഡിലുമുണ്ടായ സമാനമായ സംഭവം. ആളുകൾ അകത്തുനിൽക്കുന്നതിനിടെ തുറന്നിട്ട കതകിനുളളിലൂടെ കൂറ്റൻ ഉടുമ്പ് അകത്തുകയറി. പതിയെ നടന്നുനീങ്ങിയ കക്ഷി ആളുകളെ കണ്ടതോടെ ഒരു മൂലയിലെ റാക്കിൽ പറ്റിപ്പിടിച്ചു കയറാനായി പിന്നെ ശ്രമം. നിരത്തിവെച്ച സാധനങ്ങൾ ഒന്നിനു പിറകെ ഒന്നായി താഴെ പതിക്കുന്നതിനിടെയും കൂസാതെ പറ്റിപ്പിടിച്ച് മുകളിലെത്തുന്നതിൽ വിജയിച്ചു. സ്വസ്ഥം സുഖം അവിടെ നീണ്ടുനിവർന്ന് വാൽ പൊക്കിയും നിലത്തുവെച്ചും കാഴ്ചകൾ കണ്ട് വിശ്രമിക്കാനായിരുന്നു പിന്നെ ആളുടെ തീരുമാനം. ഉടുമ്പിന്‍റെ സഞ്ചാരവും വിശ്രമവും പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലാണ്.
വിിഡിയൊ മൊബൈലിൽ പകർത്തിയത് ആരെന്ന് അറിയില്ലെങ്കിലും ട്രാവൽ ഏജൻസിയായ മുണ്ടോ നൊമാഡ ആണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കാഴ്ച കണ്ട് പകച്ചുപോയ കുട്ടികളുടെയും മുതിർന്നവരുടെയും ബഹളം പിന്നാമ്പുറത്ത് വ്യക്തമായി കേൾക്കാം. പക്ഷേ, ഉടുമ്പിനെ പകർത്തുന്ന തിരക്കിൽ ആളുകളാരും വിഡിയോയിൽ പതിഞ്ഞിട്ടില്ല.
സമൂഹ മാധ്യമത്തിൽ എത്തിയതോടെ ഇത് അടുത്ത ഗോഡ്സില്ല ചിത്രത്തിന്‍റെ ഗ്രാന്‍റ് ലോഞ്ചിങ്ങാകാം എന്നുവരെ പ്രതികരിക്കുന്നവരുണ്ട്.
ഇത്തരം വലിയ ഉടുമ്പുകൾ ബാേങ്കാക്കിൽ സാധാരണമാണെന്ന് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച മുണ്ടൊ നൊമാഡ പറയുന്നു. ചത്ത ജീവികളുടെ അഴുകിയ മാംസം ഏറെ ഇഷ്ടമുള്ള ഇവ പക്ഷേ, സൂപർമാർക്കറ്റിന്‍റെ വാതിൽ കടന്ന് അകത്തുകയറുന്നത് ആദ്യം.
അകത്തുകടന്നയുടൻ കാഴ്ചകണ്ടിരുന്ന ആരോ ''ദൈവമേ, എല്ലാം നശിപ്പിച്ചല്ലോ' എന്നു പറയുന്നത് കേൾക്കാം. മുകളറ്റത്ത് ആരുടെയും ശല്യമില്ലാതെ വിശ്രമിച്ച ഉടുമ്പിനെ അവസാനം എന്തു ചെയ്തുവെന്ന് അറിയില്ല. പുറത്തെ കടുത്ത കാലാവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ അകത്തുകയറി കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്.