ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്തണം; ഗസ്സയിലെ വംശഹത്യയിൽ നിന്ന് ആഗോള സ്ഥാപനങ്ങൾ വൻ ലാഭം കൊയ്യുന്നുവെന്നും യു.എന്നിന്റെ പ്രത്യേക റിപ്പോർട്ടർ
text_fieldsലണ്ടൻ: ഇസ്രായേലിനെതിരെ ആയുധ ഉപരോധം അടക്കമുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ഗസ്സയിലെ വംശഹത്യയിൽ നിന്ന് ലാഭം നേടുന്നതിന് ആഗോള കോർപ്പറേറ്റുകളെ ഉത്തരവാദിത്തപ്പെടുത്തണമെന്നും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് അന്വേഷിക്കാൻ യു.എൻ നിയോഗിച്ച പ്രത്യേക റിപ്പോർട്ടർ.
ഗസ്സയിൽ 21 മാസത്തെ ആക്രമണത്തിൽ ഇസ്രായേലിനെ പിന്തുണക്കുന്നതിൽ ലോകമെമ്പാടുമുള്ള കമ്പനികളുടെ ആഴത്തിലുള്ള പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഫ്രാൻസെസ്ക അൽബനീസ് യു.എൻ മനുഷ്യാവകാശ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ട്.
ഗസ്സയിലെ ജീവിതം നശിപ്പിക്കപ്പെടുകയും വെസ്റ്റ് ബാങ്ക് വർധിച്ചുവരുന്ന ആക്രമണത്തിന് വിധേയമാകുകയും ചെയ്യുമ്പോൾ, ഇസ്രായേലിന്റെ വംശഹത്യ തുടരുന്നത് എന്തുകൊണ്ടാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് പലർക്കും ലാഭകരമാണെന്നതിനാലാണത്.
അധിനിവേശ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വംശഹത്യയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീൻ പ്രദേശങ്ങൾ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വിതരണം ചെയ്യുന്നതിലും ഭാരമേറിയ യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിലുമുള്ള അന്താരാഷ്ട്ര കോർപ്പറേറ്റ് പങ്കാളിത്തം, അനധികൃത കുടിയേറ്റങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന കാർഷിക കമ്പനികൾ, യുദ്ധത്തിന് ധനസഹായം നൽകുന്ന നിക്ഷേപ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തം പരിശോധിക്കുന്നു.
രാഷ്ട്രീയ നേതാക്കളും സർക്കാറുകളും അവരുടെ കടമകളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇസ്രായേലിന്റെ നിയമവിരുദ്ധ അധിനിവേശം, വർണവിവേചനം, വംശഹത്യ എന്നിവയിൽ നിന്ന് ലാഭം എന്നിവ നേടിയിട്ടുണ്ട്.
ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്ന പങ്കാളിത്തം മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. സ്വകാര്യ കോർപറേറ്റ് മേഖലയെ, അതിന്റെ ഉദ്യോഗസ്ഥ വൃന്ദം അടക്കമുള്ളവരെ അതിന് ഉത്തരവാദിത്തപ്പെടുത്താതെ ഇത് അവസാനിപ്പിക്കാൻ കഴിയില്ല.
പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് ഉപദേശിക്കാനോ റിപ്പോർട്ട് ചെയ്യാനോ യു.എൻ നിയമിക്കുന്ന സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധരാണ് പ്രത്യേക റിപ്പോർട്ടർമാർ. 2022 മുതൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടറായ ഇറ്റാലിയൻ നിയമ പണ്ഡിതയായ അൽബനീസ് 2024 ജനുവരിയിലാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ആദ്യമായി ഒരു ‘വംശഹത്യ’ എന്ന് സ്ഥിരീകരിച്ചത്. വംശഹത്യയുടെ തെളിവുകൾ വളരെയേറെയാണെന്ന് അൽബനീസ് സമർത്ഥിക്കുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനെതിരായ വംശഹത്യാ കുറ്റം പരിഗണിക്കുന്നുണ്ട്.
‘630 ദിവസമായി ഞാനിത് അന്വേഷിക്കുന്നു. ഇത് വംശഹത്യയാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. വംശഹത്യ എന്താണെന്ന് സ്ഥാപിക്കാൻ നിങ്ങൾക്ക് ഒരു ശാസ്ത്രജ്ഞന്റെ ആവശ്യമില്ല. നിങ്ങൾ പോയിന്റുകൾ ബന്ധിപ്പിച്ചാൽ മതിയെന്നും അവർ ‘ഗാർഡിയ’നോട് പറഞ്ഞു.
‘60,000 ത്തോളം ആളുകളെ കൊന്നൊടുക്കിയ പ്രവൃത്തികൾ, ഒരുപക്ഷേ അതിലും കൂടുതൽ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കൽ, 80ശതമാനം വീടുകളും വെള്ളവും ഭക്ഷണവും ഇല്ലാതാക്കൽ തുടങ്ങി വംശഹത്യയായി അംഗീകരിക്കപ്പെട്ട പ്രവൃത്തികൾ ഇസ്രായേൽ ചെയ്തിട്ടുണ്ട്.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 56,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ്. എന്നാൽ, യഥാർത്ഥ മരണസംഖ്യ വളരെ കൂടുതലായിരിക്കുമെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ട്. കാരണം നിരവധി ഫലസ്തീനികളെ കാണാതാവുകയും അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചു മൂടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

