ആഗോള ഊർജ പ്രതിസന്ധി; എണ്ണശേഖരം വിപണിയിലെത്തിക്കാൻ ജപ്പാൻ
text_fieldsടോക്കിയോ: ആഗോള ഊർജ വിപണി പ്രതിസന്ധിയിലായതോടെ, അടിയന്തര സാഹചര്യങ്ങൾക്കായി കരുതിയ എണ്ണശേഖരം വിപണിയിലെത്തിക്കാൻ ജപ്പാൻ. തിങ്കളാഴ്ച പുറത്തിറക്കിയ സർക്കാർ ഗസറ്റിലൂടെയാണ് ജപ്പാൻ ഈ ഔദ്യോഗിക വിവരം അറിയിച്ചത്.
ഹുർമുസ് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, എണ്ണക്ഷാമം പരിഹരിക്കാൻ 80 ദശലക്ഷം ബാരൽ എണ്ണ തങ്ങളുടെ ശേഖരത്തിൽനിന്ന് വിട്ടുനൽകുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനയ് തകേയ്‌ച്ചി പ്രഖ്യാപിച്ചു. തുടർന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയും വിവിധ രാജ്യങ്ങളിൽനിന്നായി 400 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഊർജ ആവശ്യങ്ങൾക്കായി 80 ശതമാനവും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന രാജ്യമാണ് ജപ്പാൻ. എന്നാൽ, 254 ദിവസത്തെ ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരം ജപ്പാന്റെ കൈവശമുണ്ട്.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനുശേഷം ആഗോള വിപണിയിൽ എണ്ണവിലയിൽ 40 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. ഇറാൻ 'ഹോർമുസ് കടലിടുക്ക്' ഭാഗികമായി അടച്ചതാണ് ലോകരാജ്യങ്ങളെ പരിഭ്രാന്തിയിലാക്കിയത്.
കഴിഞ്ഞ ഒരാഴ്ചയായി ബാരലിന് 100 ഡോളറിന് മുകളിലാണ്. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം വില ബാരലിന് 104.85 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലെ സ്തംഭനാവസ്ഥ തുടരുന്നിടത്തോളം വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
കടലിടുക്കിലെ തടസ്സം നീക്കാൻ മറ്റ് രാജ്യങ്ങൾ സൈനിക സഹായം നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ നാവികസേനയെ അയക്കാൻ പദ്ധതിയില്ലെന്ന് ടോക്കിയോ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

