അമേരിക്കയുടെ കോടികൾ വേണ്ട! പൗരന്മാരുടെ ഡാറ്റ നൽകില്ലെന്ന് ഖാന; ആഫ്രിക്കയിൽ 'അമേരിക്ക ഫസ്റ്റ്' നയം പാളുന്നു
text_fieldsഅക്ര: പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ ചോരുമെന്ന ആശങ്കയെത്തുടർന്ന് അമേരിക്കയുമായുള്ള നിർണ്ണായക ആരോഗ്യ കരാർ ഖാന വേണ്ടെന്നു വെച്ചു. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വ്യവസ്ഥകൾ കരാറിലുള്ളതിനാലാണ് ഈ പിന്മാറ്റമെന്ന് ഖാന ഔദ്യോഗികമായി അറിയിച്ചു. സിംബാബ്‌വെക്ക് പിന്നാലെ ഈ കരാറിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഖാന.
ഖാനയിലെ ജനങ്ങളുടെ അതീവ സംവേദനക്ഷമമായ ആരോഗ്യവിവരങ്ങൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ അമേരിക്കൻ ഏജൻസികൾക്ക് കൈമാറാൻ കരാർ നിർബന്ധിക്കുന്നുവെന്ന് ഖാന ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആർനോൾഡ് കവാർപു പറഞ്ഞു. വെറും ആരോഗ്യ വിവരങ്ങൾ മാത്രമല്ല, ഡാറ്റാ മോഡലുകൾ, റിപ്പോർട്ടിങ് ടൂളുകൾ തുടങ്ങിയവയിലേക്കും അമേരിക്കക്ക് നേരിട്ട് പ്രവേശനം ലഭിക്കുമായിരുന്നു. ഇത് രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനത്തെ വിദേശ രാജ്യത്തിന് അടിയറവ് വെക്കുന്നതിന് തുല്യമാണെന്ന് ഖാന ആരോപിക്കുന്നു.
വിവരങ്ങൾ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന് ഖാനയെ അറിയിക്കേണ്ടതില്ല എന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. പത്തോളം അമേരിക്കൻ ഏജൻസികൾക്ക് ഇത്തരത്തിൽ ഡാറ്റ ലഭ്യമാകുമായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് ഇത്തരം കരാറുകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന USAIDക്ക് പകരമായാണ് ഈ പുതിയ സംവിധാനം. ആഫ്രിക്കയിലെ 30ഓളം രാജ്യങ്ങളുമായി അമേരിക്ക ഇത്തരം കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ നേരിടാൻ കോടിക്കണക്കിന് ഡോളറിന്റെ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ഖാനയുമായുള്ള 300 മില്യൺ ഡോളറിന്റെ മൊത്തം പദ്ധതിയിൽ 109 മില്യൺ ഡോളർ (ഏകദേശം 900 കോടിയിലധികം രൂപ) അമേരിക്ക നൽകേണ്ടതായിരുന്നു. എന്നാൽ പണത്തേക്കാൾ വലുത് പൗരന്മാരുടെ സ്വകാര്യതയാണെന്ന നിലപാടിലാണ് ഖാന.
ആരോഗ്യ ഡാറ്റയുടെ സ്വകാര്യതയും രാജ്യത്തിന്റെ പരമാധികാരവും ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ സിംബാബ്‌വെ ഈ കരാർ തള്ളിയിരുന്നു. കരാറിലെ ചില വ്യവസ്ഥകളിൽ സാംബിയയും അതൃപ്തി അറിയിച്ചിട്ടുണ്ട്. ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജനറൽ ജീൻ കസേയയും ഡാറ്റ കൈമാറ്റത്തിലെ സുതാര്യതയില്ലായ്മയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കൂടാതെ, നൈജീരിയ പോലുള്ള രാജ്യങ്ങളിൽ ക്രിസ്ത്യൻ മിഷനറി ആശുപത്രികൾക്ക് മാത്രം മുൻഗണന നൽകുന്ന രീതിയിൽ വിവേചനപരമായ സഹായമാണ് അമേരിക്ക നൽകുന്നതെന്നും ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. കരാർ നിരസിച്ച ഖാന, തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചുകൊണ്ട് പുതിയൊരു കരാറിന് തയാറാണെന്ന് അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

