ഇസ്രായേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ജർമനി; ആയുധ കയറ്റുമതി നിർത്തുമെന്ന് പ്രഖ്യാപനം
text_fieldsബർലിൻ: ഗസ്സയിൽ വലിയ രീതിയിൽ ആക്രമണം തുടരുന്ന ഇസ്രായേലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ജർമനി. മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കാൻ ആയുധം കയറ്റുമതി ചെയ്യില്ലെന്ന് ജർമ്മൻ വിദേശകാര്യമന്ത്രി പറഞ്ഞു. വലിയ രീതിയിലുള്ള വ്യോമാക്രമണങ്ങളും ഭക്ഷണത്തിന്റേയും മരുന്നുകളുടേയും ക്ഷാമവും മൂലം ഗസ്സയിലെ ജനങ്ങൾ വലിയ ദുരിതം നേരിടുന്ന സാഹചര്യത്തിൽ തങ്ങളുടെ പിന്തുണയെ ഇസ്രായേൽ ആയുധമാക്കി മാറ്റരുതെന്ന് ജർമൻ വിദേശകാര്യമന്ത്രി ജോൺ വാഡേപോൾ പറഞ്ഞു.
ഇനി എന്ത് നടപടികൾ സ്വീകരിക്കണമെന്നത് സംബന്ധിച്ച് ഞങ്ങൾ ഗൗരവകരമായി ചിന്തിക്കുകയാണ്. കൂടുതൽ നശീകരണ പ്രവർത്തനങ്ങൾക്കായി ആയുധങ്ങൾ നൽകില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇസ്രായേലിൽ നിന്നും ആയുധ വിതരണത്തിൽ നിന്നും പുതിയ ഓർഡറുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇസ്രായേൽ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസിലർ ഫ്രെഡിക് മെർസ് രംഗത്തെത്തിയിരുന്നു. ഇസ്രായേലിന്റെ ഹമാസിനെതിരായ പോരാട്ടത്തെ ഇനിയും ന്യായീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഗസ്സ മുനമ്പിൽ യുദ്ധക്കുറ്റമാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മുൻ പ്രധാനമന്ത്രി യഹൂദ് ഒൽമെർട്ട് പറഞ്ഞിരുന്നു. ഫലസ്തീൻ പൗരന്മാരെ വിവേചനവും പരിധിയുമില്ലാതെ ക്രൂരമായി കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പത്രമായ ഹരീറ്റ്സിൽ എഴുതിയ ലേഖനത്തിലാണ് ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ സർക്കാറിനെ രൂക്ഷമായി വിമർശിക്കുന്നത്.
‘‘ഒരു വർഷത്തിനിടെ ഇസ്രായേലിനെതിരെ ഉയർന്ന വംശഹത്യ, യുദ്ധക്കുറ്റ ആരോപണങ്ങൾ ഞാൻ പരസ്യമായി നിഷേധിച്ചിരുന്നു. കാരണം, ഭീകരമായ തോതിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഗസ്സയിലെ സാധാരണക്കാരെ വിവേചനരഹിതമായി ആക്രമിക്കാൻ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന കൊലപാതകങ്ങളും പട്ടിണിയും എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു’’ -ഒൽമെർട്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

