
ജർമനി വീണ്ടും ഭീതിയിൽ; ഇടവേളക്കു ശേഷം കോവിഡ് കൂടുന്നു
text_fieldsബെർലിൻ: കോവിഡ് മഹാമാരിയെ ശക്തമായി പ്രതിരോധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ജർമനി വീണ്ടും ഭീതിയിൽ. ഒരിടവേളക്കു േശഷം രാജ്യത്ത് വീണ്ടും കോവിഡ് ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1707 പേർക്കാണ് ജർമനിയിൽ രോഗം സ്ഥിരീകരിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന ഏപ്രിലിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 2,29621 പേർക്കാണ് കോവിഡ് രാജ്യത്ത് ആകെ ബാധിച്ചത്. 24 മണിക്കൂറിനിടെ പത്തു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 9315 പേരാണ് കോവിഡ് ബാധിച്ച് ജർമനിയിൽ മരിച്ചത്.
ജർമനിയോടൊപ്പം മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലും രോഗം വർധിക്കുന്നുണ്ട്. ഫ്രാൻസിൽ കോവിഡ് കേസുകളുടെ എണ്ണം താരമ്യേന കൂടുകയാണ്. 24 മണിക്കൂറിനിടെ 4000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3000 അധികം പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനിൽ രോഗം സ്ഥിരീകരിച്ചു. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറ്റലിയിൽ 600 പേർക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചത്.
ക്രൊയേഷ്യയിലും രോഗികളുടെ എണ്ണം കുടുകയാണ്. ഇതോടെ ജർമനി ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ക്രൊയേഷ്യയെ വൈറസ് റിസ്ക് രാജ്യമാക്കി ഉത്തരവിട്ടു. ഇവിടുന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്കുണ്ടാവും. നേരത്തെ, സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടമുണ്ടായിരുന്ന രാജ്യമായിരുന്നു ക്രൊയേഷ്യ. 300ഓളം പ്രതിദിന കേസുകളുമായി ഈ രാജ്യവും കോവിഡിനു മുന്നിൽ പ്രയാസപ്പെടുകയാണ്.
ഉക്രൈയ്നിൽ 24 മണിക്കൂറിനിടെ 2134 കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് ആരോഗ്യ മന്ത്രി മക്സിം സ്റ്റെപനോവ് പറഞ്ഞു. ഇതോെട എട്ടു മാസം പിന്നിട്ടിട്ടും കോവിഡ് മഹാമാരി വിട്ടുപോകുന്നില്ലെന്നാണ് ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
രോഗവ്യാപന നിരക്ക് വർധിക്കുന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും നിർബന്ധിതരാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
