ആഗോളതലത്തിൽ അനൗപചാരിക വിസ അപ്പീൽ സംവിധാനം അവസാനിപ്പിക്കാൻ ജർമനി; വിസ അപ്പീൽ ഇനി എളുപ്പമാകില്ല; നടപടി ഇന്ത്യക്കാരെ ബാധിക്കുമോ?
text_fieldsജൂലൈ ഒന്നോടുകൂടി അനൗപചാരിക വിസ അപ്പീൽ സംവിധാനം നിർത്തലാക്കാനുള്ള ജർമനിയുടെ തീരുമാനം സ്കിൽഡ് ജോലികൾക്കും ഉന്നത വിദ്യാഭ്യാസത്തിനും വിനോദ സഞ്ചാരത്തിനുമൊക്കെയായി ജർമനിയിലെത്താൻ നോക്കുന്നവർക്ക് തിരിച്ചടിയാകും. ഒരിക്കൽ വിസ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ഇനി ഔദ്യോഗിക നിയമ നടപടികളിലൂടെ മാത്രമേ വിസ അപേക്ഷിക്കാൻ കഴിയൂ.
വിസ ആപ്ലിക്കേഷൻ പ്രക്രിയ സുഗമമാക്കാനും കാത്തിരിപ്പിൻറെ ദൈർഘ്യം കുറയ്ക്കാനും തീരുമാനം സഹായിക്കുമെന്നാണ് ജർമൻ അധികൃതർ കരുതുന്നത്.എന്നാൽ ഇതിനൊപ്പം വിസ അപേക്ഷ ഒരിക്കൽ നിരസിക്കപ്പെട്ടാൽ കോടതി നടപടിയിലൂടെയല്ലാതെ അപ്പീലിനു സമീപിക്കാനുള്ള അവസരവും എടുത്തുമാറ്റുമെന്ന് ജർമനിയിലെ ഇന്ത്യൻ മിഷൻ പറഞ്ഞു.
എന്താണ് പുതിയ മാറ്റം
ഷെങ്കൻ വിസ വഴി ജർമനിയിലെത്താൻ ശ്രമിക്കുന്നവർക്ക് വിസ ആപ്ലിക്കേഷൻ റിജക്ട് ചെയ്യപ്പെട്ടാൽ നിയമപരമായ ഇടപെടലില്ലാതെ അപ്പീലിനു ശ്രമിക്കാനുള്ള അവസരമുണ്ട്. 'റിമോൺസ്ട്രേഷൻ' എന്നാണ് ഈ നടപടി അറിയപ്പെടുന്നത്. നിലവിലെ തീരുമാനത്തിലൂടെ ഈ അവസരമാണ് നിർത്തലാക്കുന്നത്. വിസ അപ്പീൽ സംവിധാനം നിർത്താലാക്കുന്നതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും പുതിയ വിസ അപേക്ഷകളിൻമേലുള്ള നടപടികൾ വേഗത്തിലാക്കാനാകുമെന്നുമാണ് കരുതുന്നത്.
ഇന്ത്യക്കാരെ ബാധിക്കുമോ?
വിസ അപ്പീൽ നിർത്താനുള്ള തീരുമാനം ഇന്ത്യക്കാരെ വലിയ രീതിയിൽ ബാധിക്കും. 2024ൽ മാത്രം 2,06,733 ഷെങ്കൻ വിസ ആപ്ലിക്കേഷനുകളിൽ 13.7 ശതമാനം നിരസിക്കപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. ജൂലായ് മുതൽ വിസ റിജക്ട് ചെയ്യപ്പെടുന്നവർക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. ഒന്നുകിൽ വിസയ്ക്ക് പുതിയ അപേക്ഷ നൽകുക, അല്ലെങ്കിൽ ജർമൻ കോടതിയിൽ ഔദ്യോഗിക നിയമനടപടിയിലൂടെ അപ്പീൽ നൽകുക. വളരെ ചെലവ് കൂടുതലാണ് ഇത്തരത്തിൽ അപ്പീൽ പോകുന്ന പ്രക്രിയ.
എന്നാൽ റിമോൺസ്ട്രേഷൻ പ്രക്രിയ അവസാനിപ്പിക്കുക മാത്രമല്ല വിസ നിരസിക്കപ്പെട്ടവർക്ക് നിയമപരമായി മുന്നോട്ടു പോകുന്നതിനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ജെർമൻ എംബസ്സിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

