ജർമനിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴു മരണം
text_fieldsബർലിൻ: ജർമനിയിൽ കുടിയേറ്റക്കാരെ കടത്തുകയായിരുന്നുവെന്ന് സംശയിക്കുന്ന ബസ് അപകടത്തിൽപെട്ട് ഏഴു പേർ മരിച്ചു.
ദക്ഷിണ ജർമനിയിൽ ഓസ്ട്രിയൻ അതിർത്തിയോടു ചേർന്ന ഹൈവേയിൽ പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ അമിത വേഗത്തിൽ ഓടിച്ചുപോയ ബസാണ് അപകടത്തിൽപെട്ടത്. റോഡിൽനിന്ന് തെന്നിനീങ്ങിയ ബസ് തലകീഴായി മറിയുകയായിരുന്നു.
ബസിൽ 20 പേരാണുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ടവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു.
കുട്ടികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ എവിടെനിന്നാണ് വന്നതെന്ന് വ്യക്തമായിട്ടില്ല. സമീപകാലത്ത് രാജ്യത്തെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

