ജെർമനിയിൽ നക്ബ റാലിക്കുനേരെ പൊലീസ് അതിക്രമം, കുരുമുളക് സ്പ്രേ പ്രയോഗിച്ചു
text_fieldsബെർലിൻ: ജെർമൻ തലസ്ഥാനമായ ബെർലിനിൽ നക്ബ വാർഷികത്തിന്‍റെ ഭാഗമായി നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കുനേരെ പൊലീസ് അതിക്രമം. ജെർമൻ പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്ന വീഡിയോ പുറത്തുവന്നു. 1948ൽ ഇസ്രായേൽ രാജ്യം രൂപീകരിച്ച് ഫലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് പുറത്താക്കിയതിന്‍റെ ഓർമ പുതുക്കിയാണ് മെയ് 15ന് നക്ബ (ദുരന്ത)ദിനം ആചരിക്കുന്നത്. നക്ബ ദിനത്തിൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയും ബെർലിനിൽ സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. പ്രതിഷേധക്കാർക്കു നേരെ ജെർമൻ പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതും സ്ത്രീകൾ അടക്കം അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
നക്ബ ദിനത്തിൽ ഫ്രാൻസിലെ ഈഫൽ ടവറിൽ എക്സ്റ്റിങ്ഷൻ റിബല്ലിയൻ ഫ്രാൻസ് എന്ന സംഘടനാ പ്രവർത്തകർ ഫലസ്തീൻ പതാക ഉയർത്തി. ഗസ്സയിൽ നടക്കുന്ന വംശഹത്യ ലോകം ചർച്ചചെയ്യുന്നതിനും ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് നക്ബ ദിനത്തിൽ പതാക ഉയർത്തിയതെന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു.
ഗസ്സയിൽ 2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 75,000 പിന്നിട്ടിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ 22,800 കുഞ്ഞുങ്ങളും 16,600 സ്ത്രീകളുമാണ്. ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം കൊലപ്പെടുത്തിയത് 603 പേരെയാണ്.
1948ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനിടെയും ശേഷവുമായി റൈഫിളുകൾ, യന്ത്രത്തോക്കുകൾ, മോർട്ടാറുകൾ എന്നിവയുമായി ഫലസ്തീനികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ട ജൂത മിലീഷ്യകൾ അവരെ പുറത്താക്കുകയും താമസകേന്ദ്രങ്ങൾ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ജറൂസലം, ജഫ്ഫ അടക്കം ഫലസ്തീനി മേഖലകൾ കൂട്ടമായി കൈയേറുകയും ചെയ്തു. അയൽരാജ്യങ്ങളായ ലബനാൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ അഭയം തേടിയവർ പിന്നീട് വളർന്ന് 60 ലക്ഷത്തോളമായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

