കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമനി; ജനങ്ങൾക്ക് കഞ്ചാവ് ചെടി വളർത്താനും അനുവാദം
text_fieldsബർലിൻ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബിൽ ജർമൻ മന്ത്രിസഭ പാസാക്കി. കഞ്ചാവ് കൈവശംവെക്കാനും ചെടികൾ വളർത്താനും ജനങ്ങൾക്ക് അനുമതി നൽകുന്നതാണ് ബിൽ. പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാം.
മൂന്ന് കഞ്ചാവ് ചെടി വരെ വളർത്താനുള്ള അനുമതിയും ജർമനി നൽകുന്നുണ്ട്. കരിഞ്ചന്തയിലെ കഞ്ചാവ് കച്ചവടത്തിന് തടയിടാനും ലഹരിമൂലമുള്ള കുറ്റകൃത്യങ്ങൾ ഒരുപരിധി വരെ കുറക്കാനും തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.
കഞ്ചാവിനുള്ള നിയന്ത്രണം നീക്കുന്നതിലൂടെ അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചർച്ചകളും അവബോധവും വളർത്താനും പുതിയ ബിൽ സഹായിക്കുമെന്ന് ജർമൻ ആരോഗ്യമന്ത്രി കാൾ ലോറ്റർബച്ച് പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ബിൽ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് നയിക്കുന്നതാണെന്നും യുവാക്കളെ ലഹരിക്ക് അടിമപ്പെടുത്തുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 2017 മുതൽ മരുന്നാവശ്യത്തിന് ജർമനിയിൽ കഞ്ചാവ് നിയമവിധേയമാണ്. മാൾട്ടയാണ് കഞ്ചാവിന്റെ ഉപയോഗം ആദ്യമായി നിയമവിധേയമാക്കിയ യൂറോപ്യൻ രാജ്യം. ഈ ബിൽ പാസായാൽ കഞ്ചാവ് നിയമവിധേയമാക്കുന്ന യൂറോപ്പിലെ വൻകിട രാജ്യങ്ങളിലൊന്നായി ജർമനി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

