ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി ജോർജിയ
text_fieldsവാഷിങ്ടൺ: ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി യു.എസ് സ്റ്റേറ്റായ ജോർജിയ. ഇതാദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കുന്നത്. ഹിന്ദുഫോബിയയെ അപലപിക്കുന്ന പ്രമേയം ഹിന്ദു വിരുദ്ധ മതഭ്രാന്തിനെതിരെയും രംഗത്തെത്തുന്നുണ്ട്.
1.2 ബില്യൺ ജനങ്ങൾ വിശ്വസിക്കുന്ന ലോകത്തിലെ വലുതും പഴക്കമുള്ളതുമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയം പറയുന്നു. 100ഓളം രാജ്യങ്ങളിൽ മതത്തിന് അനുയായികളുണ്ട്. വ്യത്യസ്തമായ പാരമ്പര്യങ്ങളും വിശ്വാസവുമുള്ള ഹിന്ദുമതം എല്ലാവരേയും ഉൾക്കൊള്ളുകയും പരസ്പര ബഹുമാനവും സമാധാനവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുവെന്നും പ്രമേയം പറയുന്നു.
ലോറൻ മക്ഡോണാൾഡ്, ടോഡ് ജോൺസ് എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. ജോർജിയയിലെ ഫോർസിത് പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളാണ് ഇരുവരും. ജോർജിയയിലെ ഏറ്റവും വലിയ ഹിന്ദു സമൂഹം ഈ പ്രദേശത്താണ് ജീവിക്കുന്നത്. അമേരിക്കയിലെ ഹിന്ദു സമൂഹം ആരോഗ്യരംഗം, ശാസ്ത്രം, എൻജീനിയറിങ്, വിവര-സാങ്കേതിക വിദ്യ, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, നിർമ്മാണം, ഊർജം, റീടെയിൽ തുടങ്ങിയ മേഖലകളിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്. യോഗ, ആയുർവേദ, മെഡിറ്റേഷൻ, ഭക്ഷണം, സംഗീതം എന്നിവയിലും അവർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അമേരിക്കൻ ഹിന്ദുക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹിന്ദുഫോബിയയെ വർധിപ്പിക്കുകയും സ്ഥാപനവൽക്കരിക്കുകയുമാണ് ചില അക്കാദമിക പണ്ഡിതന്മാർ ചെയ്യുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. അവർ ഹിന്ദുമതത്തിന്റെ പുണ്യഗ്രന്ഥങ്ങളേയും സാംസ്കാരിക ക്രമങ്ങളേയും അക്രമവും അടിച്ചമർത്തലുമായി ചിത്രീകരിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.
നേരത്തെ ജോർജിയയുടെ തലസ്ഥാനത്ത് ഹിന്ദുസമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഡെമോക്രാറ്റിക്, റിപബ്ലിക്കൻ ജനപ്രതിനിധികൾ പങ്കെടുത്തിരുന്നു. ഹിന്ദുക്കളെ വിവേചനത്തിൽ നിന്നും സംരക്ഷിക്കുക, നിയമനിർമാണത്തിൽ ഹിന്ദുക്കളുടെ ശബ്ദത്തിനും പ്രാധാന്യം നൽകുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

