ജോർജ് വാഷിങ്ടൺ മടങ്ങി; പശ്ചിമേഷ്യയിൽ ഇനി രണ്ട് യു.എസ് വിമാനവാഹിനിക്കപ്പലുകൾ മാത്രം
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിലെ യു.എസ് നാവികസേനയുടെ സാന്നിധ്യം കുറയുന്നു. മൂന്ന് മാസത്തെ വിന്യാസത്തിനുശേഷം യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജോർജ് വാഷിങ്ടൺ മേഖല വിട്ടു. ഇതോടെ പശ്ചിമേഷ്യയിൽ യു.എസ് വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറഞ്ഞു. യു.എസ് പസഫിക് ഫ്ലീറ്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ജോർജ് വാഷിങ്ടൺ നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് ഏഴാം ഫ്ലീറ്റിന്റെ പ്രവർത്തനമേഖലയിലാണ്. ഓഗസ്റ്റ് 19നാണ് യു.എസ്.എസ് റോബർട്ട് സ്മാൾസ് ക്രൂയിസർ, യു.എസ്.എസ് ഷൂപ്പ് ഡിസ്ട്രോയർ എന്നിവയ്ക്കൊപ്പം അഞ്ചാം ഫ്ലീറ്റിന്റെ പ്രവർത്തനമേഖലയിലെത്തിയത്. പടിഞ്ഞാറൻ പസഫിക്കിൽ വിന്യാസത്തിലായിരുന്ന കപ്പലിനെ യു.എസ്.എസ് എബ്രഹാം ലിങ്കണിന് പകരമായാണ് പശ്ചിമേഷ്യയിലേക്ക് അയച്ചത്.
ജോർജ് വാഷിങ്ടൺ മടങ്ങുന്നതിന് തൊട്ടുമുമ്പ് യു.എസ്.എസ് തിയോഡർ റൂസ്‌വെൽറ്റ് നയിക്കുന്ന വിമാനവാഹിനിക്കപ്പൽ സംഘവും മേഖലയിൽ എത്തിയിരുന്നു. യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് നയിക്കുന്ന സംഘവും ഏപ്രിൽ മുതൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. കപ്പലുകളുടെ വിന്യാസമാറ്റ സമയത്ത് ഏതാനും ദിവസങ്ങൾ മൂന്ന് വിമാനവാഹിനിക്കപ്പൽ സംഘങ്ങൾ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും ജോർജ് വാഷിങ്ടൺ മടങ്ങിയതോടെ എണ്ണം രണ്ടായി കുറഞ്ഞു. ജോർജ് വാഷിങ്ടണിനെ പശ്ചിമേഷ്യയിലേക്ക് അയച്ചതോടെ ഇൻഡോ-പസഫിക് മേഖലയിൽ വിമാനവാഹിനിക്കപ്പലില്ലാത്ത അവസ്ഥയും യു.എസിന് നേരിടേണ്ടിവന്നു.
വിമാനവാഹിനിക്കപ്പലുകളുടെയും അനുബന്ധ യുദ്ധക്കപ്പലുകളുടെയും ദീർഘകാല വിന്യാസം നാവികസേനക്ക് വലിയ സമ്മർദമാകുന്നുണ്ട്. നാവികരുടെ കുടുംബങ്ങൾ കപ്പലുകളിലെ സാഹചര്യങ്ങളിലും നീണ്ട വിന്യാസങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യു.എസ്.എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ വിന്യാസം ഒരു വർഷം വരെ നീളാൻ സാധ്യതയുണ്ട്. ഇത് യു.എസ്എസ് ജെറാൾഡ് ആർ. ഫോർഡും എബ്രഹാം ലിങ്കണും സ്ഥാപിച്ച ദീർഘകാല വിന്യാസ റെക്കോർഡുകൾ മറികടന്നേക്കാം.
വിമാനവാഹിനിക്കപ്പലുകൾക്കൊപ്പം വിന്യസിക്കുന്ന ഡിസ്ട്രോയറുകളും ദീർഘകാലം കടലിൽ തുടരേണ്ടിവരുന്നു. യു.എസ്.എസ് മൈക്കൽ മർഫി, യു.എസ്.എസ് സ്പ്രുവൻസ് എന്നിവ 346, 357 ദിവസത്തെ വിന്യാസത്തിനുശേഷമാണ് അടുത്തിടെ മടങ്ങിയെത്തിയത്. സ്പ്രുവൻസ്, എബ്രഹാം ലിങ്കണിനേക്കാൾ 36 ദിവസം അധികമാണ് കടലിൽ ചെലവഴിച്ചത്.
അതേസമയം, യു.എസ് നാവികസേനയുടെ കപ്പൽ നിർമാണ പദ്ധതികൾക്ക് കോൺഗ്രസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. 2027 സാമ്പത്തിക വർഷത്തെ പ്രതിരോധ ചെലവ് ബില്ലിന്റെ കരടിൽ കപ്പൽ നിർമാണത്തിനായി 41.6 ബില്യൺ ഡോളർ നീക്കിവയ്ക്കാനാണ് സെനറ്റ് നിർദേശിച്ചിരിക്കുന്നത്. നാവികസേന ആവശ്യപ്പെട്ടതിലും 18.5 ബില്യൺ ഡോളർ കുറവാണിത്.
ട്രംപ് ക്ലാസ് യുദ്ധക്കപ്പൽ പദ്ധതിക്കായി നാവികസേന ആവശ്യപ്പെട്ട ഒരു ബില്യൺ ഡോളറിന്റെ മുൻകൂർ നിർമാണ ഫണ്ടും സെനറ്റ് ഒഴിവാക്കി. പദ്ധതി ആവശ്യമായ സമയത്തേക്കാൾ നേരത്തെയുള്ള ചെലവഴിക്കലാണെന്ന വിലയിരുത്തലിലാണ് തീരുമാനം.
വിദേശ കപ്പൽശാലകളിൽ നിർമിക്കുന്ന യുദ്ധക്കപ്പലുകൾക്കും അമേരിക്കയിൽ നിർമിക്കുന്ന കപ്പലുകൾക്കായി വിദേശത്തുനിന്ന് പ്രധാന ഘടകങ്ങൾ വാങ്ങുന്നതിനും ഫണ്ട് വിനിയോഗിക്കുന്നത് തടയുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. നാവികസേന ഒരു ആർലീ ബർക്ക് ക്ലാസ് ഡിസ്ട്രോയർ ആവശ്യപ്പെട്ടപ്പോൾ രണ്ടാമത്തെ കപ്പലിനായി അധിക തുകയും അനുവദിച്ചിട്ടുണ്ട്.
ഒരേസമയം വിവിധ മേഖലകളിൽ സൈനിക സാന്നിധ്യം നിലനിർത്താൻ യുഎസ് നാവികസേനയ്ക്ക് കൂടുതൽ കപ്പലുകളും ജീവനക്കാരും ആവശ്യമാണ്. എന്നാൽ ദീർഘകാല വിന്യാസം ജീവനക്കാരുടെ ക്ഷീണത്തിനും കപ്പലുകളുടെ പരിപാലന വെല്ലുവിളികൾക്കും കാരണമാകുമ്പോൾ കപ്പൽ നിർമാണത്തിനുള്ള ബജറ്റിലും നിയന്ത്രണങ്ങൾ വരുന്നത് നാവികസേനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ്.

