ജനറേറ്ററുകൾ നിലച്ചു; മരണം മുഖാമുഖം കണ്ട് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ
text_fieldsഗസ്സ: പരിക്കേറ്റവരും ശസ്ത്രക്രിയ കഴിഞ്ഞവരും ഇൻകുബേറ്ററിലുള്ള നവജാതശിശുക്കളുമെല്ലാമുള്ള ഗസ്സയിലെ ആശുപത്രികൾക്കുചുറ്റും വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ പൊട്ടിച്ചും ടാങ്കുകളും സ്നൈപ്പറുകളും നിരത്തിയും ഇസ്രായേൽ പൈശാചികത. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ഹോസ്പിറ്റലിൽ ജനറേറ്ററുകൾ നിലച്ച് ഇൻകുബേറ്ററിലുള്ള 39 നവജാതശിശുക്കൾ ഏതു നിമിഷവും മരിക്കുമെന്ന അവസ്ഥയിലാണ്. വെന്റിലേറ്ററിലുള്ള രണ്ടുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ആശുപത്രിയുടെ പ്രധാന ഐ.സി.യു വിഭാഗത്തിനുമേലും ബോംബിട്ടു. ജനറേറ്റർ നിലച്ചതുകാരണം ഫ്രീസറിൽനിന്ന് മാറ്റിയ മൃതദേഹങ്ങൾ ഖബറടക്കാനായി അൽശിഫ ആശുപത്രിയിൽ കൂട്ടക്കുഴിമാടം ഒരുക്കാനുള്ള ശ്രമം ഇസ്രായേലി ഷെല്ലിങ്ങിനെ തുടർന്ന് ഉപേക്ഷിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ആർക്കും ആശുപത്രിയിൽനിന്ന് പുറത്തുകടക്കാനോ ആശുപത്രിയിലേക്ക് വരാനോ സാധിക്കുന്നില്ല. അനങ്ങുന്ന ആരെയും സ്നൈപ്പറുകൾ വെടിവെച്ചിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൽ ഖുദ്സ് ഹോസ്പിറ്റൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. 14,000പേർ അഭയംതേടിയിരിക്കുന്ന ആശുപത്രി വളപ്പിലേക്ക് ഏതുനിമിഷവും ടാങ്കുകൾ ഇരച്ചുകയറുമെന്ന അവസ്ഥയാണ്.
ഇതുവരെയായി 11,078 ഫലസ്തീനികൾ മരിച്ചു. അതേസമയം, ഹമാസ് ആക്രമണത്തിൽ തങ്ങളുടെ 1400 പൗരൻമാർ മരിച്ചിരുന്നുവെന്ന കണക്ക് വെള്ളിയാഴ്ച ഇസ്രായേൽ നാടകീയമായി വെട്ടിക്കുറച്ചു. 1200ലധികം പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

