Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ തലമുറ...

ബംഗ്ലാദേശിൽ തലമുറ മാറ്റം; ഇനി ‘ഡാർക്ക് പ്രിൻസ്’ നയിക്കും

text_fields
bookmark_border
ബംഗ്ലാദേശിൽ തലമുറ മാറ്റം; ഇനി ‘ഡാർക്ക് പ്രിൻസ്’ നയിക്കും
cancel
camera_alt

താരീഖ് റഹ്മാനും ഭാര്യ സുബൈദ റഹ്മാനും ഖാലിദ സിയക്കൊപ്പം. 2024 ജനുവരി എട്ടിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽനിന്നുള്ള ചി​ത്രം

മൂന്നരപ്പതിറ്റാണ്ടിനിടെ, ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഭരണം കൈയാളിയത് രണ്ട് വനിതകളായിരുന്നു: ബി.എൻ.പിയുടെ ഖാലിദ സിയയും അവാമി ലീഗിന്റെ ശൈഖ് ഹസീനയും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലെപ്പോഴോ അധികാരത്തിന്റെ വഴികളിലെത്തിയ ഇവരെ ‘പോരാടുന്ന ബീവിമാർ’ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ രാഷ്ട്രീയ വഴികളിലെ രണ്ട് കുലങ്ങളെ അവർ പ്രതിനിധീകരിക്കുന്നുണ്ട്. രാഷ്ട്രപിതാവ് മുജീബുർറഹ്മാന്റെ മകളാണ് ശൈഖ് ഹസീന. മുൻ പ്രസിഡന്റ് സിയാവുർറഹ്മാന്റെ ഭാര്യയാണ് ബീഗം ഖാലിദ. 1980കളിൽ ഇവർ പരസ്പരം തുടങ്ങിയ പോരാട്ടത്തിന്റെകൂടി ചരിത്രമാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ബംഗ്ലാദേശിന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയ പോരിനൊടുവിൽ ഖാലിദ സിയ ജയിലിലായി(2018); 2025 ഡിസംബർ 30ന് അവർ മരണപ്പെടുകയും ചെയ്തു.

രാഷ്ട്രീയ പ്രക്ഷോഭത്തെ തുടർന്ന് ഹസീന അധികാര ഭ്രഷ്ടയായി രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മറ്റൊരു തെരഞ്ഞെടുപ്പിന് അരങ്ങൊരുക്കിയപ്പോൾ ജനഹിതം ഖാലിദ സിയയുടെ രാഷ്ട്രീയ പക്ഷത്തിനൊപ്പമാണ്. മകൻ താരീഖ് റഹ്മാനാണ് അധികാര യോഗം.

17 വർഷത്തെ നിർബന്ധിത പ്രവാസത്തിനുശേഷം ഇടക്കാല സർക്കാറിന്റെ ‘സുരക്ഷ’യിൽ താരീഖ് ധാക്കയിലെത്തുമ്പോൾ ഖാലിദ സിയ മരണശയ്യയിലായിരുന്നു. ധാക്കയിലെ നാഷനൽ ഹോസ്പിറ്റലിൽ പ്രിയമാതാവിനെ താരീഖ് സന്ദർശിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നപ്പോഴേ, രാജ്യത്തിന്റെ രാഷ്ട്രീയ ട്രെൻഡ് വ്യക്തമായി. ദിവസങ്ങൾക്കുശേഷം ഖാലിദ മരണപ്പെട്ടപ്പോൾ, അതും ഹസീനക്കെതിരായ ആയുധമായി ബി.എൻ.പി പരിവർത്തിപ്പിച്ചു.

അതിന് പിന്നിലും താരീഖ് തന്നെയായിരുന്നു. ഭർത്താവിന്റെ പേരിലുള്ള അനാഥാലയത്തിലേക്ക് വന്ന സ്വത്ത് വകമാറ്റി ചെലവഴിച്ചുവെന്ന കേസിലാണ് ഹസീന സർക്കാർ ഖാലിദ സിയയെ കുരുക്കിയത്. അഞ്ചുവർഷമാണ് ശിക്ഷ വിധിച്ചത്. കാരാഗൃഹ വാസത്തിനിടെ ആരോഗ്യം വഷളായപ്പോഴാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ’80കളിൽ തുടങ്ങിയ രാഷ്ട്രീയ പോരിൽ ഹസീന പകപോക്കിയെന്ന ആഖ്യാനത്തിന് വ്യാപക പ്രചാരം ലഭിച്ചതോടെ ബി.എൻ.പിക്ക് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായി.

എന്നാൽ, ഹസീനയുടെ ഏകാധിപത്യ ഭരണത്തിന് എതിരായ ജനവികാരം ആർക്കായിരിക്കും ഗുണം ചെയ്യുക എന്ന ചോദ്യം ബാക്കിയായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിൽ ഹസീനയുടെ പാർട്ടിക്ക് അയോഗ്യത കൽപിക്കപ്പെട്ടതിനാൽ മുഖ്യ എതിരാളി ജമാഅത്തെ ഇസ്‍ലാമിയും സഖ്യകക്ഷിയായ, പ്രക്ഷോഭകരുടെ കൂട്ടായ്മ എൻ.സി.പിയുമായിരുന്നു. ഹസീന വിരുദ്ധ വോട്ടുകൾ ഈ സഖ്യം സമാഹരിക്കുമെന്ന് പൊതുവിൽ കരുതപ്പെട്ടിരുന്നുവെങ്കിലും ജനഹിതം മറ്റൊന്നായിരുന്നു. അതിന്റെ കാരണങ്ങൾ ഇനിയും വ്യക്തമായിട്ടുവേണം.

ഒരുവശത്ത്, ജമാഅത്തും എൻ.സി.പിയും വോട്ടെടുപ്പ് നൂറ് ശതമാനം സുതാര്യമായിരുന്നില്ല എന്ന് ആരോപണം ഉയർത്തിയിട്ടുണ്ട്. മറുവശത്ത്, ഖാലിദ സിയയോടുള്ള സഹതാപ തരംഗവും താരീഖ് റഹ്മാൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സൃഷ്ടിച്ച ഓളവും ജനഹിതത്തെ സ്പർശിച്ചുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതെന്തായാലും, തലമുറ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രിയുടെയും മുൻ പ്രസിഡന്റിന്റെയും മകൻ ഇനി ബംഗ്ലാദേശിനെ നയിക്കും.

അണിയറയിൽനിന്ന് അരങ്ങത്തേക്ക്

എട്ടു വർഷത്തെ പട്ടാള ഭരണത്തെ നാടുകടത്തിയ ക്രെഡിറ്റിലാണ് 1991ൽ, ഖാലിദ സിയ ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. രാജ്യത്തിന്റെ പാർലമെൻററി സംവിധാനത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ അവർക്കായി; പ്രസിഡൻഷ്യൽ രീതിയിൽനിന്ന് പാർലമെൻററി സംവിധാനത്തിലേക്കുള്ള മാറ്റം. അതിനായി ഭരണഘടന ഭേദഗതി ചെയ്തു. പക്ഷേ, 1996ൽ പാർട്ടിക്ക് കാലിടറി.

അവാമി ലീഗ് അധികാരത്തിലെത്തി; ഹസീന പ്രധാനമന്ത്രിയുമായി. 2001ലെ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ സഖ്യ കക്ഷിയാക്കി ഖാലിദ രണ്ടാമതും പ്രധാനമന്ത്രി കസേരയിലെത്തി. രണ്ടാം വരവിൽ ഖാലിദക്കൊപ്പം അണിയറയിൽ മകനുമുണ്ടായിരുന്നു. പലപ്പോഴും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് താരീഖ് ആയിരുന്നു. അങ്ങനെയാണ് ഡാർക്ക് പ്രിൻസ് എന്ന വിളിപ്പേര് വന്നത്.

ധാക്കയിലെ ഹവാ ഭവനിലെ ഓഫിസിലിരുന്ന് അദ്ദേഹം രാജ്യം ഭരിച്ചു. ആ സർക്കാറിന്റെ കാലാവധി തീർന്നതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങി. കാവൽ സർക്കാറിന് കലാപത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വന്നതോടെ, 2007ൽ രാജ്യത്ത് അടിയന്തരാവസ്ഥയായി. കാവൽ സർക്കാറിനെ നയിച്ച ഫക്രുദ്ദീൻ അഹമ്മദ് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കിയതും ഇതേ കാലത്താണ്.

അഴിമതിക്കേസിൽ ഹസീനയും ഖാലിദയുമെല്ലാം അകത്തായി. ഖാലിദ സിയ ഏകദേശം ഒരു വർഷമാണ് ജയിലിൽ കിടന്നത്. ഒപ്പം, താരീഖുമുണ്ടായിരുന്നു. ജയിലിൽനിന്നിറങ്ങിയ താരീഖ് ചികിത്സക്കായി ലണ്ടനിലേക്ക് കടക്കുകയായിരുന്നു. അഴിമതി, ഹസീനക്കെതിരൊയ വധശ്രമം തുടങ്ങി ഒട്ടേറെ കേസുകളുണ്ടായിരുന്നു താരീഖിനെതിരെ.

2009ൽ ഹസീന അധികാരത്തിൽ വന്നതോടെ ഒരു നിലക്കും രാജ്യത്തേക്ക് തിരിച്ചുവരാനാകാത്ത സാഹചര്യവുമുണ്ടായി. അപ്പോഴും ലണ്ടനിലിരുന്ന് പാർട്ടിയെ നിയന്ത്രിച്ചു. 2024ൽ, വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഹസീന പുറത്താക്കപ്പെട്ടതോടെ താരീഖിനെതിരായ കേസുകളെല്ലാം പിൻവലിക്കപ്പെട്ടു. അങ്ങനെയാണ് തിരിച്ചുവരവിന് അവസരമായത്.

1965 നവംബർ 20ന് ധാക്കയിലാണ് താരീഖ് ജനിച്ചത്. 1991 മുതൽ തന്നെ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എന്നാൽ, ഖാലിദ സിയയുടെ മറവിൽ പാർട്ടിക്കുള്ളിൽ കാര്യങ്ങൾ നിയന്ത്രിച്ചു. സിയയുടെ മരണശേഷം അദ്ദേഹം നേരിട്ടിറങ്ങിയ തെരഞ്ഞെടുപ്പിൽ പാർട്ടി ചരിത്ര വിജയം നേടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengladeshSheikh HasinaKhalida Zia
News Summary - Generational Shift in Bangladesh: “Dark Prince” Set to Take the Lead
Next Story