തൊഴിലാളികൾ പുറത്ത്, റോബോട്ടുകൾ അകത്ത്; ജനറൽ മോട്ടോഴ്‌സിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം
text_fieldsഡെട്രോയിറ്റ്: അമേരിക്കൻ വാഹന നിർമാണ കമ്പനിയാണ് ജനറൽ മോട്ടോഴ്‌സ് തങ്ങളുടെ പ്രധാന അസംബ്ലി പ്ലാന്റിൽ നിന്ന് ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടത് വലിയ വിവാദങ്ങൾക്കും തൊഴിൽ സമരങ്ങൾക്കും വഴിതുറക്കുന്നു. കമ്പനിയുടെ ഈ തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇലക്ട്രിക് വാഹന നിർമാണത്തിലുള്ള തങ്ങളുടെ മുൻഗണനകളിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ്, മനുഷ്യ തൊഴിലാളികൾക്ക് പകരം 50 പുതിയ റോബോട്ടിക് യൂണിറ്റുകളെ കമ്പനി തങ്ങളുടെ മിഷിഗൺ പ്ലാന്റിൽ വിന്യസിച്ചത്.
'കൊളാബറേറ്റീവ് റോബോട്ടുകൾ' അഥവാ 'കോബോട്ടുകൾ' എന്ന് വിളിക്കപ്പെടുന്ന ഈ യന്ത്രങ്ങൾ ഇപ്പോൾ അസംബ്ലി ലൈനിൽ വാഹനങ്ങളുടെ ബോഡി പാനലുകൾ ഘടിപ്പിക്കുന്ന ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഫാക്ടറിയിലെ ശേഷിക്കുന്ന തൊഴിലാളികൾക്കൊപ്പം ഈ റോബോട്ടുകൾ പ്രവർത്തിക്കും. തങ്ങളുടെ വിശാലമായ ഓട്ടോമേഷൻ തന്ത്രത്തിന്റെ ഭാഗമായാണ് പ്ലാന്റിൽ ഡസൻ കണക്കിന് റോബോട്ടിക് യൂണിറ്റുകൾ സ്ഥാപിച്ചതെന്ന് ജനറൽ മോട്ടോഴ്‌സ് സ്ഥിരീകരിച്ചു.
മത്സരവിപണിയിൽ മുന്നേറാനും തൊഴിലാളികളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താനും ഇത്തരം സാങ്കേതികവിദ്യകൾ അനിവാര്യമാണെന്നാണ് ജനറൽ മോട്ടോഴ്‌സ് വക്താവ് കെവിൻ കെല്ലി വിശദീകരിക്കുന്നത്. ‘ഞങ്ങളുടെ നിർമാണ മേഖലയിലുടനീളം അത്യാധുനിക സാങ്കേതികവിദ്യകൾ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കോബോട്ടുകൾ സ്ഥാപിക്കുന്നത്. ഫാക്ടറി സീറോയിൽ തൊഴിലാളികളോടൊപ്പം ഇവ പ്രവർത്തിക്കുന്നത് സുരക്ഷ വർധിപ്പിക്കാനും പ്രവർത്തനങ്ങൾ കൂടുതൽ വഴക്കമുള്ളതാക്കാനും സഹായിക്കുന്നു’ കെവിൻ വ്യക്തമാക്കി.
എന്നാൽ, കമ്പനിയുടെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ട്രേഡ് യൂണിയനുകൾ. തങ്ങളുടെ തൊഴിൽ അവസരങ്ങൾ കവർന്നെടുക്കുന്ന നടപടിയാണിതെന്ന് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് ലോക്കൽ 22 പ്രസിഡന്റ് ജെയിംസ് കോട്ടൺ ആരോപിച്ചു. ‘ആയിരത്തിലധികം പേരെ പിരിച്ചുവിട്ടതിന് ശേഷം ഒരു റോബോട്ട് പ്ലാന്റിലേക്ക് വരുന്നത് എപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇത് ഭാവിയിലേക്കുള്ള ചുവടുവെപ്പാണെന്ന് അവർ പറയുന്നു, പക്ഷേ അങ്ങനെയാണെങ്കിൽ അത് ജനങ്ങളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്’ കോട്ടൺ പറഞ്ഞു. പ്ലാന്റുകളിൽ റോബോട്ടുകളെ കൊണ്ടുവന്ന കമ്പനിയുടെ നടപടിയിൽ കടുത്ത അമർഷവും പ്രതിഷേധവുമാണ് യൂണിയൻ അംഗങ്ങൾ രേഖപ്പെടുത്തുന്നത്.
2026ലെ ആദ്യ പാദത്തിൽ 4.25 ബില്യൺ ഡോളറിന്റെ ലാഭമാണ് ജനറൽ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. റെക്കോർഡ് ലാഭം കൊയ്യുമ്പോഴും, ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് റോബോട്ടുകളെ കൊണ്ടുവരുന്ന കമ്പനിയുടെ നടപടി ആഗോളതലത്തിൽ വലിയ തൊഴിൽ സുരക്ഷാ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ലാഭത്തേക്കാൾ തൊഴിലാളികളുടെ ഉപജീവനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് യൂണിയനുകൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

