മെക്സിക്കോയിൽ സർക്കാറിനെതിരെ ‘ജെൻ സി’ പ്രക്ഷോഭം; പിന്നിൽ വലതുപക്ഷ രാഷ്ട്രീയക്കാരെന്ന് ക്ലോഡിയ ഷെയിൻബോം
text_fieldsമെക്സിക്കോ സിറ്റി: ലാറ്റിനമേരിക്കൻരാജ്യമായ മെക്സിക്കോയിൽ ഇടതുപക്ഷ സർക്കാറിനെ നയിക്കുന്ന ക്ലോഡിയ ഷെയിൽബോമിനെതിരെ ‘ജൻ സി’ പ്രക്ഷോഭം. മേയറെ പരസ്യമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനു പേർ ‘ജൻ സി’ എന്ന ബാനറിൽ രാജ്യത്തുടനീളം മാർച്ച് നടത്തി.
തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ മുഖംമൂടി ധരിച്ച പ്രതിഷേധക്കാരുടെ ഒരു സംഘം പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം താമസിക്കുന്ന നാഷനൽ പാലസിനു ചുറ്റുമുള്ള ബാരിക്കേഡുകൾ പൊളിച്ചു മാറ്റി. ഇവർ പൊലീസുമായി ഏറ്റുമുട്ടുകയും തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സാധാരണക്കാരും പൊലീസും അടക്കം നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കവർച്ച, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 20 പേരെ അറസ്റ്റ് ചെയ്തതായി മെക്സിക്കോ സിറ്റി സുരക്ഷാ മേധാവി പാബ്ലോ വാസ്ക്വെസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉറുപാൻ മേയർ കാർലോസ് മാൻസോയുടെ കൊലപാതകം ഉൾപ്പെടെയുള്ള ഉന്നതതല കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പൗരന്മാരുടെ പിന്തുണ ആർജിച്ചുകൊണ്ട് ജൻ സി യുവജന ഗ്രൂപ്പുകളാണ് റാലി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, പ്രക്ഷോഭത്തിന് തന്റെ സർക്കാറിനെ എതിർക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാരാണ് ധനസഹായം നൽകിയതെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു.
‘നാമെല്ലാവരും കാർലോസ് മാൻസോയാണ്’ എന്നതുൾപ്പെടെയുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന ബാനറുകൾ പ്രതിഷേധക്കാർ വീശി. ചിലർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ കൗബോയ് തൊപ്പികൾ ധരിച്ചിരുന്നു. നവംബർ 1ന് ‘ഡെഡ് ഡേ ഫെസ്റ്റിവലിൽ’ പങ്കെടുക്കുന്നതിനിടെയാണ് മാൻസോക്ക് വെടിയേറ്റത്. തന്റെ പട്ടണത്തിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെക്കുറിച്ചും കാർട്ടൽ അക്രമത്തെക്കുറിച്ചും തുറന്നു സംസാരിച്ചതിന് അദ്ദേഹം പ്രശസ്തനായിരുന്നു. രാജ്യത്തെ ഭയപ്പെടുത്തുന്ന സായുധ കാർട്ടൽ അംഗങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മയക്കുമരുന്നിനെതിരെ സർക്കാർ നടത്തിവരുന്നതിനുപുറമെ, മറ്റൊരു സമഗ്ര യുദ്ധത്തിനുള്ള ആഹ്വാനങ്ങളെ ഷെയിൻബോം ചെറുത്തുനിന്നു. അവരുടെ മുൻഗാമികളുടെ ശ്രമങ്ങൾ രക്തരൂക്ഷിതമായി അവസാനിച്ചതിനെ തുടർന്നായിരുന്നു ഇത്.
മാർച്ച് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സൈബർ ഇടങ്ങളിൽ ഇവ വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് പറഞ്ഞു. ആവശ്യങ്ങൾ ഉന്നയിക്കുന്ന യുവാക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തോടും പ്രകടന സ്വാതന്ത്ര്യത്തോടും യോജിക്കുന്നുവെന്നും അവർ പറഞ്ഞു.
അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ ഷെയിൻബോം 70ശതമാനത്തിനു മുകളിൽ അംഗീകാരത്തിന്റെ റേറ്റിങുകൾ നിലനിർത്തിയിരുന്നു. കൂടാതെ ‘ഫെന്റനൈൽ’ കടത്ത് തടയുന്നതിലും മുന്നേറ്റം നടത്തി. എന്നാൽ, മെക്സിക്കോ ഭരണകൂടത്തിന്റെ എതിരാളിയായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇതൊരു പ്രധാന തലവേദനയായി.
അതിനിടെ, രാജ്യത്തെ അക്രമം തടയുന്നതിൽ പരാജയപ്പെട്ടതിനും അയൽ രാജ്യങ്ങളിൽ നിന്ന് വർധിച്ചുവരുന്ന ശത്രുത നേരിടുന്നതിനും ഷെയ്ൻബാം വിമർശിക്കപ്പെട്ടു. ഈ മാസം ആദ്യം, പെറുവിലെ കോൺഗ്രസ് ഷെയിൻബോമിനെ രാജ്യത്ത് സ്വാഗതം ചെയ്യപ്പെടാത്ത വ്യക്തിയായി പ്രഖ്യാപിക്കാൻ വോട്ട് ചെയ്തിരുന്നു. 2022ലെ അട്ടിമറി ശ്രമത്തിന് കുറ്റം ചുമത്തിയ മുൻ പെറുവിയൻ പ്രധാനമന്ത്രിക്ക് മെക്സിക്കൻ സർക്കാർ അഭയം നൽകിയതിനെത്തുടർന്ന് പെറു മെക്സിക്കോയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

