ജെൻ സി പ്രക്ഷോഭകരെ പ്രകോപിപ്പിച്ച നേപ്പാളിലെ നെപ്പോ കിഡ്സ്
text_fieldsനേപ്പാളിൽ അഴിമതിക്കും തൊഴിലില്ലായ്മക്കുമെതിരെ പോരാടാൻ ജെൻ സി പ്രക്ഷോഭകരെ പ്രകോപിപ്പിച്ച പ്രധാന കാരണം രാഷ്ട്രീയനേതാക്കൻമാരുടെ മക്കളുടെ (നെപ്പോ കിഡ്സ്) ആഡംബര ജീവിതശൈലി. സാധാരണ യുവാക്കളുടെ ദാരിദ്ര്യവും നെപ്പോ കുട്ടികളുടെ ആഡംബര ജീവിതവും കാണിക്കുന്ന നെപ്പോ കിഡ്‌സ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
നേപ്പാൾ തെരുവുകളിൽ പ്രതിഷേധങ്ങളും അക്രമങ്ങളും അലയടിക്കുകയാണ്. സർക്കാറിന്റെ അഴിമതിക്കെതിരെ യുവാക്കളുടെ രോഷം പൊട്ടിയൊഴുകുകയാണ്. രാജ്യവ്യാപക പ്രക്ഷോഭത്തിന് ശേഷം നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചു. രാഷ്ട്രീയ നേതാക്കളും മക്കളുമെല്ലാം സുരക്ഷിത സ്ഥാനങ്ങൾ തേടുന്നു. യുവാക്കൾ സർക്കാർ തുടർന്നുപോന്ന അഴിമതിയും നേപ്പാളിലെ രാഷ്ട്രീയനേതാക്കളുടെ മക്കളുടെ ആർഭാടവും ആഡംബരം നിറഞ്ഞ ജീവിതവും ഒരു പ്രധാന വിഷയമാക്കിരിക്കുകയാണിപ്പോൾ.
നേപ്പാളിലെ സോഷ്യൽ മീഡിയയിൽ നെപ്പോ കിഡ്സ്, നേപ്പാൾ കിഡ്‌സ്, പൊളിറ്റീഷ്യൻ നെപ്പോ ബേബി തുടങ്ങിയ കീവേഡുകൾ ട്രെൻഡായി മാറിയിരിക്കുകയാണ്. ഇതിൽ, നേപ്പാളിലെ സാധാരണ യുവാക്കൾ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവും നേരിടുന്നതായി കാണാവുന്നതാണ് , അതേസമയം നെപ്പോ കിഡ്‌സിൽ പ്രമുഖരായ രാഷ്ട്രീയനേതാക്കളുടെ മക്കൾ ആഡംബര കാറുകളിലും ലക്ഷക്കണക്കിന് വിലയുള്ള ഡിസൈനർ ഹാൻഡ്‌ബാഗുകൾ ഉപയോഗിക്കുന്നതും അന്താരാഷ്ട്ര യാത്രകൾ പോകുന്നതായും കാണിക്കുകയാണ്.
നേപ്പാളിലെ ജെൻ സി ലക്ഷ്യമിടുന്ന അത്തരം നിരവധി നെപ്പോ കിഡ്സുകളുണ്ട്. (രാഷ്ട്രീയ നേതാക്കളുടെ മക്കൾ) . ഉദാഹരണത്തിന്, നേപ്പാളിന്റെ മുൻ ആരോഗ്യമന്ത്രി ബിരോധ് ഖാതിവാഡയുടെ മകൾ ശൃംഖല ഖാതിവാഡ തന്റെ വിദേശ യാത്രകളുടെയും ആഡംബര ജീവിതശൈലിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. 29 കാരിയായ ശൃംഗല ഖാതിവാഡ മിസ് നേപ്പാളായിരുന്നു.
അതേസമയം, നേപ്പാളിന്റെ മുൻ പ്രധാനമന്ത്രി ശേർ ബഹാദൂർ ദ്യൂബയുടെ മരുമകൾ ശിവ്‌ന ശ്രേഷ്ഠയും തന്റെ കോടിക്കണക്കിന് വിലമതിക്കുന്ന ആഡംബര ബംഗ്ലാവിന്റെയും വിലയേറിയ ഫാഷന്റെയും പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അവരുടെ പല വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ശിവ്‌ന ശ്രേഷ്ഠ നേപ്പാളിൽ അറിയപ്പെടുന്ന ഗായികയാണ്. ശിവ്നയുടെ ഭർത്താവ് ജയ്‍വീർ സിങ് ദ്യൂബക്കും കോടികളുടെ ആസ്തിയുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമൽ ദഹൽ പ്രചണ്ഡയുടെ ചെറുമകൾ സ്മിത ദഹലിനും സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സുണ്ട്. തന്റെ കൈവശമുള്ള ലക്ഷങ്ങൾ വിലയുള്ള ഹാൻഡ്‌ബാഗുകളുടെ ചിത്രം പോസ്റ്റ് ചെയ്തതിനാണ് സ്മിത ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത്. നിയമമന്ത്രി ബിന്ദു കുമാർ ഥാപ്പയുടെ മകൻ സൗഗത ഥാപ്പക്കെതിരെയും ആർഭാടവും ആഡംബരവും നിറഞ്ഞ ജീവിതം നയിച്ചതിനെതിരെ ആരോപണമുയർന്നു.
നേപ്പാളിലെ ജെൻ സി പ്രതിഷേധക്കാർ നിരവധി നേപ്പാൾ കുട്ടികളുടെ ആഡംബര വീടുകൾക്ക് തീയിട്ടു. പൊതുജനം ദാരിദ്ര്യത്തിലകപ്പെട്ട് മരിക്കുമ്പോൾ നേപ്പാൾ കുട്ടികൾ ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങൾ ധരിക്കുന്നുണ്ടെന്നും അവർ ആർഭാട ജീവിതം നയിക്കുന്നെന്നും ആരോപിക്കുന്നു. ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ നേപ്പാൾ സ്ഥിരമായി സ്ഥാനം പിടിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് നേപ്പാളിലെ രാഷ്ട്രീയരംഗത്തുള്ളവരുടെ മക്കളുടെ ആർഭാട ജീവതരീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

