ഗസ്സയിലെ ഒരേയൊരു കാൻസർ ആശുപത്രി അടച്ചുപൂട്ടുന്നു; റേഡിയോളജി പോലുള്ള ചില സേവനങ്ങൾ ഇതിനകം നിർത്തലാക്കിയതായി ആശുപത്രി ഡയറക്ടർ
text_fields
ഗസ്സ സിറ്റി: ഇസ്രായേൽ-ഹമാസ് സംഘർഷം അതിരുക്ഷമായി തുടരുന്നതിനിടെ ഗസ്സയിലെ ഒരേയൊരു കാൻസർ ആശുപത്രി അടച്ചുപൂട്ടൽ വക്കിൽ. ഇസ്രായേൽ ഉപരോധം കാരണം ഇന്ധനവും മരുന്നുകളും നിർത്തിയതുവഴി കാൻസർ ആശുപത്രി മറ്റൊരുദുരന്തമായി മാറുമെന്ന് ടർക്കിഷ്-പലസ്തീൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റൽ ഡയറക്‌ടർ ഡോ. സുബി സുകായെക് പറഞ്ഞു. നേരത്തേ തന്നെ വളരെ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രി പ്രവർത്തിച്ചു വരുന്നത്.
അതിനിടെയാണ് സമ്പൂർ’ണ ഉപരോധം വഴി ഇന്ധനവും മരുന്നും മറ്റും നിർത്തലാക്കിയത്. വൈദ്യുതി ഇല്ലാത്തതിനാൽ ആശുപത്രി പ്രവർത്തനം മിക്കതും താറുമാറായെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ചൊവ്വാഴ്ച ലോകമനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ ഇസ്രായേൽ ബോംബിട്ടു തകർക്കുകയും 500 ലധികം പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതു വഴി കാൻസർ ആശുപത്രിയുടെ സുരക്ഷിതത്വവും കടുത്ത ആശങ്കയുടെ നിഴലിലാണ്. കീമോതെറാപ്പി ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇന്ധനവും ലഭ്യമല്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തങ്ങൾ അവശ്യ സേവനങ്ങൾ നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ഡോ സുകായെകിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. നിരീക്ഷണത്തിനും രോഗനിർണയത്തിനും ഉപയോഗിക്കുന്ന റേഡിയോളജി പോലുള്ള ചില സേവനങ്ങൾ ഇതിനകം നിർത്തലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സ മുനമ്പിൽ 9,000ത്തിലധികം കാൻസർ രോഗികളുണ്ടെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റ കണക്കുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

