അൽശിഫക്ക് പിന്നാലെ ഗസ്സയിലെ ഇന്തൊനേഷ്യൻ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രായേൽ; ആശുപത്രിയെ സൈന്യം വളഞ്ഞു, 12 പേരെ കൊലപ്പെടുത്തി
text_fieldsഗസ്സ സിറ്റി: അൽശിഫ ആശുപത്രിയെ വിജനമാക്കിയതിന് പിന്നാലെ ഗസ്സയിലെ മറ്റൊരു പ്രധാന ആരോഗ്യകേന്ദ്രമായ ഇന്തൊനേഷ്യൻ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം. ആശുപത്രിയെ ഇസ്രായേൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. പുറത്തിറങ്ങുന്ന ആരെയും വെടിവെക്കുന്ന സാഹചര്യമാണെന്ന് ഗസ്സയിലെ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെ മുതൽ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
ആരോഗ്യപ്രവർത്തകരും രോഗികളും ആശുപത്രിയിൽ അഭയംതേടിയ സാധാരണക്കാരും ഉൾപ്പെടെ 6000ലേറെ പേർ ഇന്തൊനേഷ്യൻ ആശുപത്രിയിലുണ്ട്. അൽശിഫയിൽ ചെയ്തത് പോലെ ഇവരെ പുറത്താക്കാനാണ് ഇസ്രായേൽ നീക്കം. അതീവ ഗുരുതരാവസ്ഥയിലുള്ള നൂറുകണക്കിന് രോഗികളുള്ള ആശുപത്രിയിൽ നിന്ന് മുഴുവനാളുകളെയും ഒഴിപ്പിക്കുന്നത് ഏറെ ശ്രമകരമാകും.
കൊല്ലപ്പെട്ട 12 പേരിൽ ഡോക്ടർമാരും രോഗികളും ഉൾപ്പെടുന്നുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, രോഗികൾ ആശുപത്രിയിലുള്ളിടത്തോളം തങ്ങൾ സേവനത്തിലുണ്ടാകുമെന്നാണ് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും ഉറച്ച തീരുമാനമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫ് അൽ കുദ്ര പറഞ്ഞു.
ഇന്നലെ അൽശിഫ ആശുപത്രിയിലെ മുഴുവനാളുകളെയും ഇസ്രായേൽ സൈന്യം ഒഴിപ്പിച്ചിരുന്നു. മാസമെത്താതെ ജനിച്ച ശിശുക്കളെയും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ഉൾപ്പെടെ ഒഴിപ്പിക്കേണ്ടിവന്നു. മരണമേഖലയെന്നാണ് അൽശിഫ സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ദൗത്യസംഘം ആശുപത്രിയെ വിശേഷിപ്പിച്ചത്.
അതിനിടെ, അൽശിഫയിൽ ഹമാസ് താവളമുണ്ടെന്ന ഇസ്രായേൽ സൈന്യത്തിന്‍റെ വാദം പച്ച നുണയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മേഖലയിൽ കനത്ത മഴയാണ് ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. വീടുകൾ തകർന്ന് അഭയകേന്ദ്രങ്ങളിൽ ടെന്‍റുകളിലും മറ്റും കഴിയുന്നവരുടെ ജീവിതം അങ്ങേയറ്റം ദുരിതമയമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

