ഗസ്സയുടെ അഭിമാനമായ ‘സാമിർ മൻസൂർ ബുക്സ്റ്റോർ’ ഇസ്രായേൽ വീണ്ടും തകർത്തു
text_fieldsഗസ്സ സിറ്റി: ഗസ്സയുടെ അഭിമാനവും പുറംലോകത്തേക്കുള്ള വായനാ വാതായനവുമായ സാമിർ മൻസൂർ ബുക്സ്റ്റോർ ഇസ്രയേൽ സേന വീണ്ടും തകർത്തു. കഴിഞ്ഞദിവസം വ്യോമാക്രമണത്തിലാണ് ബുക്സ്റ്റോർ തകർത്തത്. 2021 മേയിൽ 11 ദിവസം നീണ്ട ഇസ്രായേൽ വ്യോമാക്രമണത്തിൽ ബുക്സ്റ്റോർ പൂർണമായും നശിപ്പിച്ചിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞ വർഷം വീണ്ടും തുറന്നത്.
ഗസ്സയിലെ വായനാസംസ്കാരത്തെ മാറ്റി മറിച്ച സാമിർ മൻസൂർ ബുക് ഷോപ്പ് 2000ലാണ് ആരംഭിച്ചത്. പുസ്തകം വാങ്ങാൻ വരുന്നവർക്ക് എത്രസമയം വേണമെങ്കിലും അവിടെ തുടരാം. പുസ്തകവുമെടുത്ത് വായിച്ചുകൊണ്ടിരിക്കാം. വരുന്നവർക്കെല്ലാം പുസ്തകം വാങ്ങിയാലും ഇല്ലെങ്കിലും സൗജന്യമായി ചായ നൽകും. അധികം മോശമാകാത്ത, ഉപയോഗിച്ച പുസ്തകങ്ങൾ അങ്ങോട്ട് കാശ് നൽകി വാങ്ങുകയും ചെയ്യും.
പുസ്തകശാലക്കൊപ്പം ഒരു യഥാർഥ ലൈബ്രറി പോലെ തന്നെയായി തന്റെ പ്രസ്ഥാനത്തെ മാറ്റുകയെന്നതായിരുന്നു സാമിർ മൻസൂറിന്റെ ലക്ഷ്യം. ആ സ്വപ്നത്തിന് മേലാണ് ഇസ്രയേലിന്റെ മിസൈലുകൾ വീണ്ടും പതിച്ചത്. എത്ര പുസ്തകങ്ങൾ നശിച്ചുവെന്നും നഷ്ടത്തിന്‍റെ ആഘാതം എത്രയെന്നും കണക്കുകൂട്ടുന്നതേയുള്ളു.
ലോകത്തെ ഏറ്റവും വലിയ ‘തുറന്ന ജയിൽ’ എന്ന് വിളിപ്പേരുള്ള ഗസ്സയിൽ വസിക്കുന്നവർക്ക് പുറംലോകത്തേക്കുള്ള വായനയുടെ വാതിലായിരുന്നു ഈ പുസ്തകശാല. ഗസ്സക്കപ്പുറത്തെ വിശാലമായ ലോകത്തെ സങ്കൽപത്തിൽ കാണാൻ ഇവിടത്തുകാരെ സഹായിച്ചുകൊണ്ടിരുന്ന മഹാപ്രസ്ഥാനമായി രണ്ടുപതിറ്റാണ്ടുകൊണ്ട് സാമിർ മൻസൂർ ബുക് ഷോപ്പ് വളർന്നു. ഉടമയുടെ പേരിൽ തന്നെയാണ് ബുക് ഷോപ്പ് അറിയപ്പെടുന്നത്.
അറബിക്ക് പുറമേ, വിവിധ ലോകഭാഷകളിലെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഇവിടെയുണ്ടായിരുന്നു. ഫിലോസഫി മുതൽ കലാസാഹിത്യവും ഫിക്ഷനും ബാലസാഹിത്യവുമൊക്കെ ഇവിടെ വിൽക്കപ്പെട്ടു. നിലവിൽ കെട്ടിടം അങ്ങനെ നിലനിൽക്കുന്നുണ്ട്. പക്ഷേ, മറ്റൊരു മിസൈലിൽ തകരാവുന്നതേയുള്ളു. ഇസ്രയേലിന്‍റെ കര ആക്രമണം കഴിയുമ്പോൾ അറിയാം ആരൊക്കെയും എന്തൊക്കെയും ബാക്കിയുണ്ടെന്ന്.
2021 ൽ സാമിർ മൻസൂർ ബുക് ഷോപ്പിലെ ഒരുലക്ഷം പുസ്തകങ്ങളാണ് ഒരൊറ്റ മിസൈലിൽ നശിച്ചമർന്നത്. സാമ്പത്തിക നഷ്ടമാകെട്ട, ഏഴുലക്ഷം ഡോളറും. മുട്ടൊപ്പം ഉയരത്തിലുള്ള കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തന്റെ പുസ്തകങ്ങൾ തെരയുന്ന മൻസൂറിന്റെ ചിത്രം വിവിധ ലോകമാധ്യമങ്ങളിൽ ഒന്നാം പേജിൽ അച്ചടിച്ചുവന്നു. രണ്ടുപതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത പുസ്തക പ്രസ്ഥാനവും ഒരുലക്ഷം പുസ്തകങ്ങളും നഷ്ടപ്പെട്ടതിന്റെ ആഘാതം സാംസ്കാരിക ലോകത്ത് വലിയ ഞെട്ടലായി പടർന്നു. ഈ തകർച്ചയിൽ നിന്ന് സാമിർ മൻസൂറിനെ കൈപിടിച്ചുയർത്താൻ ലോകം മുന്നോട്ടുവന്നു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് പണമായും പുസ്തകങ്ങളായും സഹായം പ്രവഹിക്കാൻ തുടങ്ങി. മാസങ്ങൾക്കുളളിൽ ഒന്നരലക്ഷത്തിലേറെ പുസ്തകങ്ങൾ ഇങ്ങനെ സമാഹരിച്ചു.
രണ്ടുലക്ഷം ഡോളറും ആദ്യഘട്ടത്തിൽ പിരിഞ്ഞുകിട്ടി. ആക്രമണത്തിൽ തകർന്നതിന്‍റെ ഒമ്പതാം മാസത്തിൽ 2022 ഫെബ്രുവരിയിൽ പഴയതിലും ഗംഭീരമായി സാമിർ മൻസൂർ ബുക് ഷോപ്പ് യൂനിവേഴ്സിറ്റി സ്ട്രീറ്റിൽ പ്രവർത്തനം പുനരാരംഭിച്ചു, മൂന്നുനിലകളിൽ മൂന്നുലക്ഷത്തിലേറെ പുസ്തകങ്ങളുമായി. സംസ്കാരം, മതം, വിദ്യാഭ്യാസം, നിയമം തുടങ്ങി വൈവിധ്യമാർന്ന പുസ്തകശേഖരം.
ലോകമെങ്ങും നിന്ന് പുസ്തകങ്ങൾ വരാൻ തുടങ്ങിയപ്പോൾ ഒരു പുസ്തകം മാത്രമേ മൻസൂർ അഭ്യർഥിച്ചു വാങ്ങിയുള്ളൂ: ഹാരിപോട്ടർ പുസ്തകങ്ങൾ. ഗസ്സയിലെ കുട്ടികൾക്ക് അത്ര പ്രിയങ്കരമാണ് ഹാരിപോട്ടർ കഥകൾ. ഇതറിഞ്ഞതോടെ ഹാരിപോട്ടർ ബോക്സ് സെറ്റുകൾ വിവിധകോണുകളിൽ നിന്ന് പാഞ്ഞെത്തി. ഒടുവിൽ ഇനി ഹാരിപോട്ടർ പുസ്തകങ്ങൾ വേണ്ട എന്ന് പറയേണ്ട അവസ്ഥയായി. അതേസമയം, ഈ ഹാരിപോട്ടർ പുസ്തകങ്ങൾ വായിച്ച നൂറുകണക്കിന് കുഞ്ഞുങ്ങൾ ഗസ്സയിലെ ഷിഫ ഹോസ്പിറ്റലിലെ മോർച്ചറിയിൽ ഇന്ന് ഖബറടക്കവും കാത്തുകിടക്കുന്നുണ്ട്....
സാമിർ മൻസൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

