‘പൂകൃഷിക്കാരനായ എനിക്ക് വിവാഹത്തിന് ഒരു റോസാപ്പൂ പോലും നൽകാൻ കഴിഞ്ഞില്ല’- ഗസ്സയുടെ പൂക്കളെയും നിറങ്ങളെയും കവർന്ന് ഇസ്രായേൽ
text_fieldsറഫ: പൂക്കളുടെ നഗരമായിരുന്നു ഒരിക്കൽ ഗസ്സ. പുലർച്ചെ ഉദിച്ചുയരുന്ന സൂര്യനെ സാക്ഷിനിർത്തി ഇവിടുത്തെ കർഷകർ റഫയിലെ തെക്കൻ സമതലങ്ങളിൽ ഡമാസ്കസ് റോസുകളും കാർനേഷനുകളും ഗ്ലാഡിയോലികളും നട്ടുനനച്ച് വളർത്തിയിരുന്നു. എന്നാൽ, ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശ യുദ്ധം ഇന്ന് ഗസ്സയുടെ സുഗന്ധത്തെ പാടേ കരിച്ചുകളഞ്ഞിരിക്കുന്നു.
യുദ്ധത്തിന് മുമ്പ് പ്രതിവർഷം ആറ് കോടിയിലധികം പൂക്കളാണ് ഗസ്സയിൽ നിന്ന് മാത്രം കയറ്റുമതി ചെയ്തിരുന്നതെന്ന് ഗസ്സ കൃഷി മന്ത്രാലയ വക്താവ് മുഹമ്മദ് അബു ഔദ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ വമ്പന്മാരോട് കിടപിടിക്കുന്നത്ര ആകർഷകമായിരുന്നു ഗസ്സയിലെ റോസാപ്പൂക്കളുടെ സവിശേഷത. കല്യാണപ്പന്തലുകളിലും ജന്മദിനങ്ങളിലും ബിരുദദാന ചടങ്ങുകളിലുമെല്ലാം ഈ പൂക്കൾ വസന്തം തീർത്തു. പ്രിയപ്പെട്ടവർക്കായി ചെറുപ്പക്കാർ നാണയത്തുട്ടുകൾ ചേർത്തുവെച്ച് ഇവിടെ വിരിഞ്ഞ പൂക്കൾ വാങ്ങിയിരുന്നു.
എന്നാൽ ഇന്നാ പൂക്കളെല്ലാം ഓർമ്മയായി മാറിയിരിക്കുന്നു. ചുവപ്പും വെള്ളയും റോസും നിറങ്ങളിൽ ഗസ്സയെ അലങ്കരിച്ചിരുന്ന പൂപ്പാടങ്ങൾ ഇന്ന് ഇസ്രായേലി ബുൾഡോസറുകൾ ഇടിച്ചുനിരത്തി വെണ്ണീറാക്കി മാറ്റി. ഹരിതഗൃഹങ്ങളും പൂക്കടകളും തകർക്കപ്പെട്ടു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി, പ്രകൃതിദത്തമായ ഒരൊറ്റ പൂവ് പോലും വിളയാത്ത ഇടമായി ഗസ്സ മാറിയിരിക്കുന്നു. ഇത് വെറുമൊരു കാർഷിക നഷ്ടം മാത്രമല്ല, ഗസ്സയിലെ ജനതയുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും തകർച്ച കൂടിയാണ്.
‘ലോകത്തിലെ തന്നെ ഏറ്റവും മികച്ച റോസാപ്പൂക്കളാണ് ഞങ്ങൾ വളർത്തിയിരുന്നത്. യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും ജോർഡനിലേക്കുമെല്ലാം ഞങ്ങളുടെ പൂക്കൾ പോയിരുന്നു’ -റഫയിലെ പുഷ്പകർഷകനായ അബ്ദുൽറഹ്മാൻ ഹിജാസി വേദനയോടെ പറയുന്നു. തലമുറകളായി പൂ കൃഷി ചെയ്തുപോന്ന കുടുംബത്തിലെ അംഗമാണ് ഹിജാസി. തന്റെ കൃഷിയിടത്തിലെ പൂക്കൾ നുള്ളി പ്രിയപ്പെട്ടവൾക്ക് സമ്മാനിച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ഹിജാസിയുടെ മോഹം. എന്നാൽ യുദ്ധം അവനെ അഭയാർഥിയാക്കി. ഖാൻ യൂനിസിലെ അഭയാർഥി കൂടാരത്തിൽ വെച്ചായിരുന്നു ഹിജാസിയുടെയും നസ്രീൻ അബു മാദിയുടെയും വിവാഹം. എന്നാൽ ആ ചടങ്ങിൽ പ്രിയതമക്ക് നൽകാൻ പ്രകൃതിദത്തമായ ഒരൊറ്റ പൂവ് പോലും കണ്ടെത്താൻ അവനായില്ല. ‘ഒരു പുഷ്പകർഷകനായിട്ടും എന്റെ ഭാര്യക്ക് ഒരൊറ്റ റോസാപ്പൂവ് പോലും നൽകാൻ എനിക്ക് കഴിഞ്ഞില്ല’ -ഹിജാസി പറയുന്നു.
ഗസ്സയിലെ പുഷ്പകൃഷി മേഖല പൂർണ്ണമായും ഇസ്രായേൽ തുടച്ചുനീക്കിയതായി കൃഷി മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്. ബോംബാക്രമണത്തിൽ തകർന്നടിഞ്ഞ തെരുവുകളിൽ പച്ചപ്പും നിറങ്ങളും ഇല്ലാതായത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. മുമ്പ് പൂക്കടകൾ നിറഞ്ഞ ജബലിയ അഭയാർഥി ക്യാമ്പിലെ മുഹമ്മദ് അബു മൻസൂർ എന്ന വ്യാപാരിയുടെ കടകളെല്ലാം ഇന്ന് തകർത്ത നിലയിലാണ്. മുമ്പ് ഏകദേശം 20 ശെക്കൽ (6.80 ഡോളർ) ഉള്ളവർക്ക് പോലും ഒരു ചെറിയ പൂച്ചെണ്ട് വാങ്ങാമായിരുന്ന സ്ഥാനത്ത്, ഇന്ന് കൃത്രിമ പൂക്കൾക്ക് പോലും വൻ വിലയാണ്.
വിപണിയിൽ പ്രകൃതിദത്ത പൂക്കൾ ഇല്ലാതായതോടെ വിവാഹ ചടങ്ങുകൾക്കായി കൃത്രിമ പൂക്കൾ വാടകക്കെടുക്കേണ്ട അവസ്ഥയിലാണ് ഗസ്സയിലെ പുതിയ ദമ്പതികൾ. ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഏതാനും മണിക്കൂറുകളിലേക്ക് പൂക്കൾ വാടകക്ക് നൽകുന്ന പുതിയൊരു രീതിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.
താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച വിവാഹങ്ങളും ചടങ്ങുകളും നടക്കുന്നുണ്ടെങ്കിലും വസന്തം ഇനിയും ഗസ്സയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ‘യുദ്ധം ഗസ്സയുടെ ആകാശത്തെ മാത്രമല്ല മാറ്റിയത്, അതിന്റെ നിറങ്ങളെ കൂടിയാണ് കവർന്നത്’ -ദൈർ അൽ ബലാഹിൽ തകർന്ന തെരുവിൽ ഒരു ചെറിയ കട പുനരാരംഭിച്ച അബു മൻസൂർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

