ഗസ്സയിൽ മരണസംഖ്യ 20,674 ആയി; രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ
text_fieldsജോസഫ് യോസെഫ് ഗിറ്റാർട്സ്, എലിശ യെഹോനാഥൻ ലോബർ
ഗസ്സ: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 8663 പേർ കുട്ടികളാണ്.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 303 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3450 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴ് മുതൽ ഡിസംബർ 26 വരെയുള്ള കണക്കാണിത്.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തുന്ന റെയ്ഡും കെട്ടിടങ്ങൾ തകർക്കലും തുടരുകയാണ്. തുൽകരീം പട്ടണത്തിൽ നിന്ന് മുൻ തടവുകാരനായ ആളെ ഇസ്രായേൽ സേന വീണ്ടും അറസ്റ്റ് ചെയ്തു. 32കാരനായ ഇസ് ലാം ബൂലി റിയാദ് ബദീറാണ് അറസ്റ്റിലായത്.
പടിഞ്ഞാറൻ റാമല്ലയിലെ സഫ ഗ്രാമത്തിൽ നിന്ന് ഗ്രാമസഭാ തലവനായ റഷാദ് കരാജെയെയും റാമല്ലയിലെ അൽ മസായഫിൽ നിന്ന് മുമ്പ് വിട്ടയക്കപ്പെട്ട തടവുകാരൻ ഇഹ്സാൻ ഷായഹിനെയും സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ റെയ്ഡ് നടത്തിയാണ് ഇഹ്‌സാനെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ, ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. മിത്ഷർ സ്വദേശിയും 8104-ാം ബറ്റാലിയനിലെ സർജന്‍റുമായ എലിശ യെഹോനാഥൻ ലോബറും (24), തെൽഅവീവ് സ്വദേശിയും 7029-ാം ബറ്റാലിയനിലെ മേജറുമായ ജോസഫ് യോസെഫ് ഗിറ്റാർട്സും (25) ആണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.
നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. 82-ാം ബറ്റാലിയനിലെ രണ്ട് സൈനികർക്കും 75-ാം ബറ്റാലിയനിലെ ഒരു സൈനിക ഓഫീസർക്കുമാണ് പരിക്കേറ്റത്. വടക്കൻ ഗസ്സിയിൽവെച്ചാണ് മറ്റൊരു സൈനികന് പരിക്കേറ്റത്. കരയുദ്ധം ആരംഭിച്ച് രണ്ട് മാസത്തിനിടെ 160 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

