Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇസ്രായേൽ ഉപരോധം കാരണം ഗസ്സയിൽ മാലിന്യ ശേഖരണം തടസ്സപ്പെടുന്നു': പടർന്നുപിടിച്ച് രോഗങ്ങൾ- മുന്നറിയിപ്പുമായി യു.എൻ

text_fields
bookmark_border
ഇസ്രായേൽ ഉപരോധം കാരണം ഗസ്സയിൽ മാലിന്യ ശേഖരണം തടസ്സപ്പെടുന്നു: പടർന്നുപിടിച്ച് രോഗങ്ങൾ- മുന്നറിയിപ്പുമായി യു.എൻ
cancel

ന്യൂയോർക്ക്: ഗസ്സ മുനമ്പിൽ ഖരമാലിന്യ ശേഖരണം പൂർണ്ണമായും തടസ്സപ്പെട്ടതോടെ കടുത്ത ആരോഗ്യ സുരക്ഷാ ഭീഷണിയും പകർച്ചാവ്യാധി സാധ്യതയും വർദ്ധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഇസ്രായേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങളും നിയന്ത്രണങ്ങളുമാണ് മാലിന്യ സംസ്കരണ വാഹനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ദുജാറിക് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അത്യാവശ്യ സാധനങ്ങളും ഇന്ധനവും നിഷേധിക്കുന്ന ഇസ്രായേൽ നയം മൂലം ഗസ്സയിലെ ജനങ്ങൾ നാലാമത്തെ ശൈത്യകാലത്തും കടുത്ത ദുരിതത്തിലാണ് ജീവിക്കുന്നത്. മാലിന്യ ശേഖരണത്തിൽ പങ്കാളികളായ ഏജൻസികളുടെ കൈവശമുള്ള വാഹനങ്ങളിൽ പകുതി മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വാഹനങ്ങൾ കേടുപാടുകൾ തീർത്ത് ഓടിക്കാൻ ആവശ്യമായ എഞ്ചിൻ ഓയിൽ, സ്പെയർ പാർട്സുകൾ എന്നിവ ഗസ്സയിലേക്ക് കടത്തിവിടാൻ ഇസ്രായേൽ സമ്മതിക്കുന്നില്ല. ഇതോടെ കുന്നുകൂടുന്ന മാലിന്യങ്ങളിൽ പകുതി പോലും നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്.

മാലിന്യങ്ങൾ തെരുവുകളിൽ ചീഞ്ഞളിയുന്നത് വൻതോതിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ അതിർത്തി കവാടങ്ങൾ തുറന്ന് നിയന്ത്രണങ്ങളില്ലാതെ ആശ്വാസ സാമഗ്രികളും വാഹന ഭാഗങ്ങളും കടത്തിവിടാൻ അനുമതി നൽകണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

വെടിനിർത്തലിനു ശേഷവും ഇസ്രായേൽ അക്രമം തുടർക്കഥ

2023 ഒക്ടോബറിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ 74,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1.75 ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളുടെ 90 ശതമാനവും പൂർണ്ണമായും തകർക്കപ്പെട്ടു.

2025 ഒക്ടോബർ 10 മുതൽ ഔദ്യോഗികമായി വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഫലസ്തീൻ മേഖലകൾക്ക് നേരെ ഇസ്രായേൽ ഷെല്ലാക്രമണവും വെടിവെപ്പും കെട്ടിടങ്ങൾ തകർക്കലും തുടരുകയാണ്. കടുത്ത തണുപ്പും പട്ടിണിയും രോഗങ്ങളും വേട്ടയാടുന്ന ഗസ്സയിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ മാനുഷിക സഹായം ലഭ്യമാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് യു.എന്നിന്റെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gaza Waste Collection Crippled by Israeli Restrictions; Health Risks Rise: UN Warns
Next Story