ഗസ്സ യുദ്ധം: ഇസ്രായേലിനുമേൽ ഉപരോധമേർപ്പെടുത്തണമെന്ന് സ്പെയിൻ
text_fieldsമാഡ്രിഡ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മനുഷത്വരഹിതമായ ആക്രമണങ്ങൾ നിർത്തിയില്ലെങ്കിൽ രാജ്യത്തിനുമേൽ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സ്പെയിൻ. യുറോപ്യൻ, അറബ് രാജ്യങ്ങളുമായി നടത്തിയ യോഗത്തിനൊടുവിലാണ് സ്പെയിനിന്റെ ആവശ്യം. വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം പറഞ്ഞത്.
ഞായറാഴ്ച മാഡ്രിഡ് ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടുന്ന രാജ്യങ്ങളുടെ യോഗത്തിലാണ് സ്പെയിനിന്റെ ആവശ്യം. ഗസ്സയിൽ വലിയ മാനുഷിക പ്രതിസന്ധി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇടപെടണമെന്ന് യോഗത്തിനെത്തിയ വിദേശരാജ്യങ്ങളുടെ പ്രതിനിധികളോട് സ്പെയിൻ വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നില്ലെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദേൽ ആറ്റി പറഞ്ഞു.
ഗസ്സയിൽ ആക്രമണം വ്യാപിക്കുന്നതിനിടെ യുറോപ്യൻ യൂണിയനിലെ ഇസ്രായേലിന്റെ അടുത്ത അനുയായികൾ പോലും യുദ്ധം നിർത്തണമെന്ന് രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സമ്മർദങ്ങൾക്ക് ഇസ്രായേൽ ഇതുവരെ വഴങ്ങിയിട്ടില്ല.
മൂന്ന് മാസമായി ഗസ്സയിലേക്ക് അവശ്യവസ്തുക്കൾ ഇസ്രായേൽ അനുവദിക്കുന്നില്ല. ഒടുവിൽ സമ്മർദം ശക്തമായപ്പോൾ പരിമിതമായ തോതിൽ ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിക്കുകയായിരുന്നു. എന്നാൽ, ദിവസത്തിൽ വളരെ കുറച്ച് കണ്ടെയ്നറുകൾ മാത്രമാണ് ഗസ്സയിലേക്ക് അനുവദിക്കുന്നത്.
ബുധനാഴ്ച മുതൽ സഹായവുമായി 100 കണ്ടെയ്നറുകൾ മാത്രമാണ് ഗസ്സയിൽ എത്തിയത്. ഇത് ഗസ്സയുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പര്യപ്തമല്ലെന്ന് യു.എൻ ഉൾപ്പടെയുള്ള ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും കൂടുതൽ സഹായം അനുവദിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

