Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രയേൽ ഗസ്സ...

ഇസ്രയേൽ ഗസ്സ കത്തിക്കു​േമ്പാൾ ലോകം നോക്കിനിൽക്കുന്നു

text_fields
bookmark_border
ഇസ്രയേൽ ഗസ്സ കത്തിക്കു​േമ്പാൾ ലോകം നോക്കിനിൽക്കുന്നു
cancel

എർബിലിൽ ഈ ലേഖകന്‍റെ കൂടെ ജോലി ചെയ്യുന്ന മുറാദ്‌ കമാൽ അൽ ബഷീത്വി ഫലസ്തീനിലെ ശൈഖ് ജർറാഹ് നിവാസിയാണ്. വർഷങ്ങളായി ജോർദാൻ പൗരത്വമുള്ള മുറാദിന്‍റെ കുടുംബത്തിലെ ചിലർ ഇന്നും ശൈഖ് ജർറാഹിൽ ജീവിക്കുന്നു. ചിലർ ഗസ്സയിലുമുണ്ട്.

100 മില്യൺ ഡോളർ വരുന്ന ഒരു കെട്ടിടത്തിന്‍റെ ഒരു മില്യൺ ഡോളറിന്‍റെ പാർട്ട്ണർ കൂടിയാണ് മുറാദിന്‍റെ കുടുംബം. കഴിഞ്ഞ ഏതാനും മാസങ്ങളായി അവരുടെ മേൽ പലരീതിയിൽ കുടിയൊഴിപ്പിക്കാനുള്ള സമ്മർദ്ദങ്ങൾ ഏറിവന്നു. ആദ്യം, വിവിധ ജൂത ഏജന്‍റുമാർ ഈ കുടുംബങ്ങളെ സമീപിച്ചു. വിൽപനക്ക് വഴങ്ങാതിരുന്നപ്പോൾ ഒരോരുത്തരുടെ ഷെയർ ഒഴിഞ്ഞു തന്നതായി കൃത്രിമരേഖയുണ്ടാക്കാൻ തുടങ്ങി. പിന്നീട് ബലം പ്രയോഗിച്ചു നോക്കി. എന്നാൽ ഇതിലൊന്നും ചങ്കുറപ്പുള്ള ഒരു ഫലസ്തീനിയും വീണിരുന്നില്ല എന്നതാണു സത്യം. ഫലസ്തീൻ ജനത അതിനെ പ്രക്ഷോഭങ്ങളുയർത്തിക്കൊണ്ടുവന്ന് ജനാധിപത്യ രീതിയിലാണ് നേരിട്ടത്.

ഇന്നിപ്പോൾ ഗസ്സ കത്തുകയാണ്. ഇതെഴുതുമ്പോഴും ഇസ്രായേൽ നിർബാധം കൂട്ടക്കുരുതി തുടരുകയാണ്. ഫലസ്തീനിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരുടെ മരണസംഖ്യ ഉയരുകയാണ്. നാവികയുദ്ധം കരയുദ്ധമായി മാറിയിരിക്കുന്നു. കെട്ടിടങ്ങൾ തകർന്നു വീഴുന്നു. ആയിരക്കണക്കിന്​ പൗരന്മാർക്ക് പരിക്കേറ്റു. നഗരങ്ങളിൽ കുട്ടികൾ ജീവനുവേണ്ടി നിലവിളിക്കുന്നു. കുടുംബങ്ങൾ യുദ്ധബാധിത പ്രദേശങ്ങളിൽനിന്നും അങ്ങോട്ടുമിങ്ങോട്ടും പരക്കംപായുന്നു. ഇസ്രായേൽ പട്ടാളം ഫലസ്തീനികളെ തടവിലാക്കുന്നു. കുടുംബങ്ങളുടെ കൂട്ട പലായനങ്ങൾ ആരംഭിച്ചു.



അഭയാർഥി ക്യാമ്പുകൾക്കുനേരെ പോലും തുരുതുരാ വെടിയുതിർത്ത് കൂട്ടക്കുരുതി നടത്തുന്നു. മാധ്യമങ്ങളെ ഇസ്രാ‍യേൽ വ്യാപകമായി വിലക്കിയിരിക്കുന്നു. ജനജീവിതം ദുസ്സഹമായിട്ട് ഒരാഴ്ചയായി. ഗസ്സയിൽ അനിശ്ചിതത്വം തുടരുന്നു. എന്നാൽ, ഫലസ്തീനികൾക്ക് ഭയമില്ല. അവർക്ക് നെഞ്ചുവിരിച്ച് പോരാടിയ ചരിത്രമുണ്ട്. കഴിവിന്‍റെ പരിധിയിൽ നിന്നു പോരാടാൻ തയ്യാറായി യുദ്ധമുഖത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ഫലസ്തീൻ ജനത. ഹമാസ് അതിനു നേതൃത്വം നൽകുന്നു.

രാഷ്ട്രീയ മുതലെടുപ്പിന്​ ഇസ്രായേൽ തുടങ്ങിവെച്ച യുദ്ധം

തികച്ചും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഇസ്രായേൽ തുടങ്ങിവെച്ച യുദ്ധമാണിത്. ഇസ്രായേലിൽ രണ്ട് വർഷത്തിനിടെ നടന്ന നാലാമത്തെ തെരെഞ്ഞെടുപ്പിൽ യാതൊരു ഗതിയും കിട്ടാതെ പുറം തള്ളപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിൽ പ്രസിഡന്‍റ്​ നെതന്യാഹു തന്‍റെ സ്ഥാനമുറപ്പിക്കാൻ കണ്ടെത്തിയ ഏക വഴിയായിരുന്നു ഈ ആക്രമണം. ഫലസ്തീനികളെ പ്രകോപിപ്പിക്കുകയെന്ന എന്നത്തേയും കുടിലതന്ത്രം. തനിക്കു പകരം പ്രതിപക്ഷ കക്ഷികളെ നയിക്കുന്ന യൈർ ലാപ്പിഡ് അധികാരത്തിലെത്തിയാൽ തനിക്കെതിരെയുള്ള അഴിമതി കേസുകളിൽ കോടതികയറേണ്ടി വരുമെന്ന് നെതന്യാഹുവിനു ഉറപ്പായിരുന്നു. ഇതിനുള്ള ഏറ്റവും നല്ല മറയായാണ് പുതിയ നീക്കങ്ങൾ. എന്നാൽ ഇത്തവണത്തേത് കൈവിട്ട കളിയായി മാറിയെന്ന് മാത്രം.

ഇസ്രായേൽ പട്ടാളം റമദാനിലെ അവസാന ദിവസങ്ങളിൽ മസ്ജിദുൽ അഖ്സ ലക്ഷ്യമാക്കി നീങ്ങുകയും ആക്രമണം അഴിച്ച് വിടുകയും ചെയ്തതാണ് ഫലസ്തീൻ ജനതയെ ഒന്നാകെ ഇളക്കിയത്. ഒരാഴ്ച്ചക്കുള്ളിൽ നാലുതവണയാണ് ഇസ്രായേൽ പട്ടാളം അഖ്സയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത്.

യുദ്ധം അവസാനിപ്പിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര ഇടപെടലുകൾ ഇതുവരെയുമുണ്ടായിട്ടില്ല. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടെങ്കിലും ഇരുഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടായിട്ടില്ല. അമേരിക്കയാകട്ടെ പരസ്യമായി ഇസ്രായേലിനു പിന്തുണ നൽകുകയും ചെയ്തിരിക്കുന്നു. അന്താരാ‍ഷ്ര്ട സമൂഹം ക്യത്യമായ ഇടപെടൽ നടത്തിയിട്ടില്ലെങ്കിൽ ഈ ചോരക്കളിക്ക് ലോകം വലിയ വിലകൊടുക്കേണ്ടി വരുമെന്ന് തീർച്ചയാണ്.


അതേസമയം ഫലസ്തീൻ പ്രസ്ഥാനമായ ഹമാസ് ചെറുത്തുനിൽപ്പ് പോരാട്ടങ്ങൾ ശക്തമാക്കുകയായിരുന്നു. ഹമാസ് തൊടുത്തു വിട്ട 2000ൽ അധികം റോക്കറ്റുകളിൽ 90 ശതമാനവും നിർവീര്യമാക്കിയെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കിയെങ്കിലും ഇസ്രായേലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്ന് ഈ ശതമാനക്കണക്കിൽ തന്നെ വ്യക്തമാണ്. തുടരെ തുടരെ ഹമാസ് റോക്കറ്റുകൾ ചെന്നു പതിച്ചപ്പോഴാണ് ഫലസ്തീൻ വിഷയങ്ങളോട് എന്നും വിമുഖത കാണിക്കുന്ന ജൂതകേന്ദ്രീകൃത പാശ്ചാത്യ മാധ്യമങ്ങൾക്ക് പോലും പതിവിൽ കവിഞ്ഞ് വിഷയത്തിന്‍റെ നാനാവശങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടിവന്നത്​. ഇസ്രായേൽ മാധ്യമങ്ങളിൽ ചിലത് സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചു.

എന്തുകൊണ്ട് ശൈഖ് ജർറാഹ്

കോളനിവത്കരണത്തിന്‍റെ ഏറ്റവും പുതിയ അധ്യായമാണ് ശൈഖ് ജർറാഹ് എന്ന കിഴക്കൻ ജറൂസലേമിലെ ഫലസ്തീനിയൻ നഗരം. 1948ന്‍റെ തനിയാവർത്തനമാണിതെന്നതിൽ സംശയമില്ല. 1967ലെ വെസ്റ്റ്ബാങ്ക്​, ഗസ്സ മുനമ്പ്​ കൈയേറ്റം പോലുള്ള ഈ കോളനിവത്കരണ പദ്ധതിക്ക് ഇസ്രായേൽ ഭരണകൂടം തന്നെയാണ് കുടപിടിച്ചിട്ടുള്ളത്. പടിഞ്ഞാറൻ ജറൂസലേമിലെ അൽ ഖാത്തമൂൻ, അൽത്വലബിയ അൽ ബാക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഫലസ്തീനികളെ തുടച്ചുനീക്കി ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് കൈമാറിയ ചരിത്രം ഫലസ്തീനികൾ ഇനിയും മറന്നിട്ടില്ല. ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഈ വംശീയ ഉന്മൂലന പദ്ധതിക്ക് ഇപ്പോൾ ഇസ്രായേൽ സുപ്രീം കോടതിയുടെ പച്ചകൊടിയുമുണ്ട്.

കിഴക്കൻ ജറൂസലേമിലെ ശൈഖ് ജർറാഹ് മേഖല പിടിച്ചാൽ മറ്റുള്ള ഭാഗങ്ങൾ എളുപ്പത്തിൽ പിടിച്ചടക്കി കിഴക്കൻ ജറൂസലേം മുഴുവൻ സ്വന്തമാക്കാമെന്ന് വ്യാമോഹിക്കുന്ന ഇസ്രായേൽ അതിനുള്ള പദ്ധതികൾ ഓരോന്നോരോന്നായി കൊണ്ടുവന്നു. 68 വർഷമായി ഈ നഗരത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീനികളോട് അവരുടെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുന്നു.

അഭയാർഥിക്യാമ്പിലേക്ക് നീങ്ങാൻ ആദ്യം അവരോട് കൽപ്പിച്ചെങ്കിലും വഴങ്ങാതിരുന്നപ്പോൾ വാടക നൽകി അവിടെ തന്നെ താമസിക്കാൻ അനുവാദം നൽകുന്നു. ഇതിലും വഴങ്ങാതിരുന്നപ്പോൾ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അഴിച്ച് വിട്ട് അവരെ തുരത്താൻ ശ്രമിക്കുന്നു. ഇസ്രായേൽ നടപടികൾക്കെതിരെ മാന്യമായി പ്രക്ഷോഭങ്ങൾ നടത്തിയ ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ വൻ തോതിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടു.

ആയിരക്കണക്കിനു തീവ്രജൂത വിഭാഗങ്ങളെ അണിനിരത്തിയാണ് ഈ പദ്ധതികൾക്ക് തുടക്കമിട്ടത്. 35,000ൽ അധികം ഫലസ്തീൻ കുടുംബങ്ങളും 4,500 ഓളം മാത്രം ജൂതന്മാരും ക്രിസ്ത്യാനികളുമാണ് ഈ നഗരത്തിൽ ജീവിച്ചിരുന്നത്. ഫലസ്തീൻ കുടുംബങ്ങളെ ഈ പ്രദേശങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള ബഹുമുഖ പദ്ധതികൾ ഇസ്രായേൽ നടപ്പിലാക്കി. തീവ്രവലത് രാഷ്രീയപാർട്ടികൾ ഈ പദ്ധതി ഏറ്റെടുത്തതോടെ ഇതിനു രാഷ്രീയമുഖം വന്നു. ഒസ്മ യഹൂദപ്പാർട്ടിയും ലിഹാവ മൂവ്മെൻറും മുന്നിൽ നിന്നു. അറബികൾക്കെതിരെ കൊലവിളി നടത്തിയും ഫലസ്തീനികളെ നിരന്തരമായി അധിക്ഷേപിച്ചും പദ്ധതിക്ക് കൊഴുപ്പേകി. പാർലമെന്റ് മെമ്പർമാർ അണിനിരത്തി വലിയ കാമ്പയിനുകൾ നടത്തി.


ഫലസ്തീനികളെ ശൈഖ് ജർറാഹിൽ നിന്നും പൂ‍ർണമായും ഉന്മൂലനം ചെയ്ത് ജൂതരെ കൂടുതൽ പാർപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായ കാമ്പയിന്​ ഇസ്രായേൽ കോടതി നിയമ സാധുത നൽകി. കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ജൂത കുടിയേറ്റ കോളനിക്കാർക്ക് അനുകൂലമായി സുപ്രീം കോടതിയുടെ വിധിപ്രസ്​താവമുണ്ടായത്. ഇതേതുടർന്ന് ഫലസ്തീൻ നിവാസികളെ തുരത്താനുള്ള ശ്രമങ്ങളെ ഫലസ്തീനികൾ പ്രക്ഷോഭം നടത്തി നേരിട്ടു. പിന്നീട് ഫലസ്തീനികൾ അവരുടെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞുകൊടുത്തുകൊണ്ട് താമസം തുടരാ‍മെന്ന നാടകീയമായ ഒത്തുതീർപ്പ് പദ്ധതിയുമായി ഇസ്രായേൽ രംഗത്ത് വന്നു. ഈ കരാറുകളൊന്നും അംഗീകരിക്കാൻ ഫലസ്തീനികൾ തയ്യാറാവാതെ വന്നപ്പോൾ അക്രമത്തിന്‍റെ പാത സ്വീകരിക്കാനും പ്രക്ഷോഭകരെ അടിച്ചൊതുക്കാനും ഇസ്രായേൽ പദ്ധതിയിട്ടു.

ശൈഖ് ജർറാഹിലെ ഫലസ്തീനി കുടുംബങ്ങളെ നിർബന്ധിച്ച് ഒഴിപ്പിക്കാനുള്ള ശ്രമത്തെ ഫലസ്തീനികൾ എതിർത്തു. അവർ ഒഴിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല. അവർ പ്രക്ഷോഭം തുടരുകയും ചെയ്തു. ഇതാണു ഇസ്രായേൽ പട്ടാളത്തെ അഖ്സയിലേക്ക് നയിച്ചുകൊണ്ട് ഭരണകൂടം മുതലെടുത്തത്.

അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി

എല്ലാ അന്താരാഷ്ട്ര നിയമങ്ങളേയും കാറ്റിൽ പറത്തുകയാണ് ഇസ്രായേൽ. യു.എൻ ഒത്തുതീർപ്പ് കരാർ 194 പ്രകാരം ഫലസ്തീൻ അഭയാർത്ഥികളെ ഫലസ്തീനിലേക്ക്​ തിരിച്ചുകൊണ്ടുവരികയാണ്​ വേണ്ടിയിരുന്നത്. എന്നാ‍ൽ, അതിനൊരു വിലയും കൽപ്പിക്കാ‍തെ കിഴക്കൻ ജറൂസലേമിലെ ഫലസ്തീൻ ജനതയെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇതിനകം രണ്ട് ലക്ഷത്തോളം കുടിയേറ്റ കോളനിക്കാർ ജറൂസലേമിൽ ഫലസ്തീനികളുടെ ഭൂമി കൈവശപ്പെടുത്തി താമസിക്കുന്നുണ്ട്. 50 വർഷമായി ഈ സംഖ്യ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ലക്ഷത്തിലധികം ഫലസ്തീനികൾ ഇവിടെ ഇപ്പോഴും താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഉപരോധത്തിൽ തളച്ചിട്ട ഒരു ജനത

ഫലസ്തീ‍നികളെ സംബന്ധിച്ചേടത്തോളം അതിജീവനം അനിവാര്യമാണ്. കാലങ്ങളായി അവർക്കുമേൽ സാമ്പത്തിക ഉപരോധങ്ങൾ നിലനിൽക്കുന്നു. എല്ലാതരത്തിലും ഉപരോധത്തിൽ അകപ്പെട്ട ഒരു സമൂഹം സ്വന്തം വിഭവങ്ങൾ പോലും അനുഭവിക്കാൻ കഴിയാതെ കാലങ്ങളായി നരകിച്ചാണ് ജീവിക്കുന്നത്. അന്താരാഷ്ട്ര സമൂഹങ്ങൾ നൽകുന്ന സഹായങ്ങൾക്കുപോലും ഉപരോധങ്ങൾ ബാധകമാക്കി. ഈ ഉപരോധങ്ങൾ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് പോരാട്ട പ്രസ്ഥാനമായ ഹമാസിനെയായിരുന്നുവെങ്കിലും ഫലസ്തീൻ ജനതയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാൻ ഉതകുന്നതായിരുന്നു ഓരോന്നും.


15 വർഷത്തേക്കുള്ള പ്രകൃതി വാതകം ഗസ്സയിൽ മാത്രം ഉണ്ടായിരിക്കെ (1999 ലെ കണക്കനുസരിച്ച് 30 ബില്യൺ കൂബിക് മീറ്റർ പ്രകൃതി വാതകം) അതുപയോഗിക്കാൻ അനുവദിക്കാതെ ദിവസേന ഏതാനും മണിക്കൂർ മാത്രം വൈദ്യുതിയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വ്യത്യസ്തവും രുചികരവുമായ പഴവർഗ്ഗങ്ങൾ തങ്ങളുടെ കയ്യിലുണ്ടായിരിക്കെ അവ കൃത്യമായി ഉപയോഗിക്കാനോ വിൽപന നടത്താനൊ ഇവർക്ക്​ അനുവാദമില്ല. അതുകൊണ്ട് തന്നെ ഫലസ്തീനിലെ ഓരോ ചെറുത്തുനിൽപ്പും അതിജീവിക്കാൻ പാ‍ടുപെടുന്നവരുടെ അനിവാ‍ര്യമായ ജീവന്മരണ പോരാട്ടം കൂടിയാണ്.

യുദ്ധം തിരിഞ്ഞ് കുത്തുകയാണ്

സാധാരണപോലെ കല്ലേറ്​ മാത്രം പ്രതീക്ഷിച്ച ഇസ്രായേലിന്‍റെ കണക്കുകൂട്ടലുകൾ ഇക്കുറി തകിടം മറിഞ്ഞു. ഹമാസ് യുദ്ധസജ്ജരായി രംഗത്ത് വന്നത് 200ൽ അധികം കിലോമീറ്റർ ദൂരെ പതിക്കാവുന്ന റോക്കറ്റുകളുമായാണ്. ഇത് പൊതുവെ ഭയചകിതരായ ഇസ്രായേൽ ജനതക്ക് ഇരുട്ടടിയായി. ഇസ്രായേലിൽ ഭരണകൂടത്തിനെതിരെ തിരിയാനും പ്രക്ഷോഭങ്ങൾ ആരംഭിക്കാനുമിത് കാരണമായി. പ്രക്ഷോഭങ്ങൾ ആഭ്യന്തരകലാപങ്ങളായിമാറി. കലാപങ്ങൾ അമർച്ച ചെയ്യാൻ ഇസ്രായേൽ പൊലീസ് ബലം പ്രയോഗിച്ചത് അതിനേക്കാൾ അപകടമായി. ചുരുക്കത്തിൽ ഈ യുദ്ധത്തിന് ഇസ്രായേൽ ജനത ഒരിക്കലും അനുകൂലമല്ല. ഇത് ഇസ്രായേലിനെ തിരിഞ്ഞുകുത്തുന്ന അവസ്ഥയിലാണ്.

ഇതുവരെ സമാധാനമായി ജീവിച്ച ഇസ്രായേലിലെ അറബ് ജനത ഒന്നാകെ ഇളകാൻ തുടങ്ങി. അറബ് -ജൂത ചേരിതിരിവുകൾ ശക്തമായി മാറിയതോടെ ആ‍ഭ്യന്തര പ്രശ്നങ്ങൾ രാജ്യത്തിനു തലവേദനയായി മാറിയിരിക്കുന്നു. എങ്ങിനെയാണ് അവസാനിപ്പിക്കേണ്ടതെന്ന് തിട്ടമില്ലാത്തതിനാൽ അക്രമങ്ങൾ അമർച്ച ചെയ്യുന്നതിൽ മാത്രം അവർക്ക് ശ്രദ്ധിക്കേണ്ടി വന്നു. ഇനി ഇതെവിടെ അവസാനിക്കുമെന്ന് അവർക്കുപോലും അനുമാനിക്കാൻ ആവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര സമൂഹം ഇടപെടണം

കാലങ്ങളായി അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മറ്റു യൂറോപ്യൻ ശക്തികളും ഇസ്രായേലിനു വേണ്ടിയാണ്​ നിലകൊള്ളുന്നത്​. ഫലസ്തീനെ സഹായിക്കാൻ തുർക്കിയും ഖത്തറുമുൾപെടെ ഏതാനും ചുരുക്കം രാജ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴും ആദ്യമായി ഇസ്രായേലിനെതിരെ രംഗത്ത് വന്നത് തുർക്കി പ്രസിഡന്‍റ്​ റജബ് തയ്യിബ് ഉർദുഗാ‍ൻ തന്നെയാണ്​. ഇറാനും ചില അറബ് രാജ്യങ്ങളും വലിയ വായിൽ പ്രസ്​താവനകൾ ഇറക്കിയെങ്കിലും കളത്തിലിറങ്ങി കളിക്കാൻ അവരുണ്ടാകില്ലെന്ന് ഫലസ്തീൻ ജനതക്ക് നന്നായറിയാം.


ആഴത്തിൽ വേരുപിടിച്ച ഇസ്രായേൽ ഫലസ്തീൻ സംഘട്ടനം പെട്ടെന്നൊന്നും അവസാനിപ്പിക്കാനാവില്ല. എന്നിരുന്നാലും ഇതിനൊരവസാനം ഉണ്ടായേ തീരൂ. എന്നും ഇസ്രായേലിനെ മാത്രം സഹായിക്കുന്ന പശ്ചാത്യ രാജ്യങ്ങളിൽ നിന്നും അത്തരമൊരു പ്രതീക്ഷയില്ല. എന്നാൽ, അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ആ‍വശ്യപ്പെട്ടാൽ ഒരു പരിഹാരമുണ്ടായേക്കും. ദ്വിരാഷ്ട്രമെന്ന ദുരുപദിഷ്ട പരിഹാരത്തെ ഇരു രാജ്യങ്ങളും നേരത്തെ തള്ളിയിരുന്നു. ഇസ്രായേൽ തേർവാഴ്ച്ചക്കും കുടിയേറ്റത്തിനും അറുതി വരുത്തി, ഫലസ്തീനികളോട്​ നീതി ചെയ്യുന്ന രീതിയിലാവണം പരിഹാരം. ഫലസ്തീൻ ജനതക്ക് അവർ കാലങ്ങളായി കാത്തിരിക്കുന്ന വിമോചനം നൽകുന്ന ഒരു പരിഹാരമാണ് കാലം കാത്തിരിക്കുന്നത്. ഭൂപടത്തിൽ നിന്നും നാമവശേഷമായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളെ പുനർനിർണയിച്ചുകൊണ്ടാ‍യിരിക്കണം ഈ പരിഹാരം സാധ്യമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaisraelpalastinegaza under attack
News Summary - gaza under attack
Next Story