ഗസ്സ ഉച്ചകോടി ഇന്ന് ഈജിപ്തിൽ; ട്രംപും സീസിയും അധ്യക്ഷത വഹിക്കും
text_fieldsഗാസ സമാധാന ഉച്ചകോടി
കൈറോ: ഗസ്സയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിലെ ചെങ്കടൽ തീരമായ ശറമുശ്ശൈഖിൽ തിങ്കളാഴ്ച അന്താരാഷ്ട്ര ഉച്ചകോടി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി എന്നിവരുടെ അധ്യക്ഷതയിൽ 20ലേറെ രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കും.
ഗസ്സ വെടിനിർത്തലിനൊപ്പം പശ്ചിമേഷ്യയിൽ ശാശ്വത സമാധാനംകൂടി ലക്ഷ്യമിട്ടുള്ള ഉച്ചകോടി രണ്ടുവർഷത്തിലേറെയായി മേഖലയെ കൂടുതൽ കലുഷിതമാക്കി തുടരുന്ന സംഘർഷം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാമർ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരടക്കം പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവോ ഹമാസ് പ്രതിനിധിയോ പങ്കെടുക്കുമെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വെടിനിർത്തലിന് പിന്നാലെ ലക്ഷക്കണക്കിന് ഫലസ്തീനികൾ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോക്ക് ആരംഭിച്ചതിനിടെയാണ് ലോകം ഉറ്റുനോക്കുന്ന ഒത്തുചേരൽ. ഗസ്സയിലുടനീളം കെട്ടിടങ്ങളിലേറെയും ഇസ്രായേൽ നാമാവശേഷമാക്കിയതിനാൽ ശൂന്യതയിലേക്കാണ് മിക്കവരുടെയും തിരിച്ചുപോക്ക്.
വെടിനിർത്തലിന്റെ ആദ്യഘട്ട നടപടിയെന്നോണം ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയിട്ടുണ്ട്. പ്രധാന പട്ടണങ്ങളിൽ ഇസ്രായേൽ സൈന്യം തുടരരുതെന്നാണ് പ്രധാന വ്യവസ്ഥ. തുടർന്ന് 72 മണിക്കൂറിനകം ഹമാസ് നിയന്ത്രണത്തിലുള്ള 20 മൃതദേഹങ്ങളടക്കം 48 ബന്ദികളെയും വിട്ടയക്കണം. ഇസ്രായേൽ ജയിലുകളിലുള്ള നൂറുകണക്കിന് ഫലസ്തീനി തടവുകാരെ മോചിപ്പിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി കൈമാറ്റം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉച്ചകോടിക്കായി യു.എസിൽനിന്ന് പുറപ്പെട്ട ട്രംപ് ആദ്യം ഇസ്രായേൽ സന്ദർശിക്കും. ഇസ്രായേൽ പാർലമെന്റിൽ പ്രസംഗിക്കും. തുടർന്നാണ് ഉച്ചകോടിക്കായി ഈജിപ്തിലെത്തുക. ഹമാസിന്റെ സമ്പൂർണ നിരായുധീകരണമടക്കം കടുത്ത നിബന്ധനകളിലും ഗസ്സ പുനർനിർമാണത്തിലും തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സൈനിക നീക്കം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയിട്ടുണ്ട്.
അതേസമയം, കെട്ടിടാവശിഷ്ടങ്ങളിൽ ഊർജിതമായ പരിശോധനകൾ തുടരുകയാണ്. വെള്ളിയാഴ്ച മുതൽ 150 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണങ്ങളിൽ 85 ശതമാനവും നാമാവശേഷമായ ഖാൻ യൂനുസിൽ മാത്രം 28 മൃതദേഹങ്ങളാണ് ലഭിച്ചത്. സഹായ ട്രക്കുകൾ അടിയന്തരമായി ഗസ്സയിലേക്ക് കടത്തിവിടാൻ മുറവിളി ശക്തമാണ്. നേരത്തേ പ്രവർത്തിപ്പിച്ച 145 ഭക്ഷ്യ വിതരണ കേന്ദ്രങ്ങളും വീണ്ടും തുറക്കാൻ സന്നദ്ധമാണെന്ന് യു.എന്നിനു കീഴിലെ ലോക ഭക്ഷ്യ പദ്ധതി അധികൃതർ അറിയിച്ചു.
മോദിക്ക് ക്ഷണം
ന്യൂഡൽഹി: ശറമുശൈഖിൽ ഇന്നാരംഭിക്കുന്ന ഗസ്സ ഉച്ചകോടിയിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ലോക നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കില്ല. പ്രതിനിധിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

