രണ്ട് വർഷത്തിന് ശേഷം ഗസ്സയിലെ കുട്ടികൾ ഇന്ന് പരീക്ഷയെഴുതുന്നു
text_fieldsഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന സ്കൂൾ
ഗസ്സ: ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുമ്പോഴും ഗസ്സയിലെ നൂറുകണക്കിന് വിദ്യാർഥികൾ ഇന്ന് സെക്കൻഡറി പരീക്ഷയെഴുതും. യുനിവേഴ്സിറ്റി പഠനമെന്ന സ്വപ്നത്തിലേക്കുള്ള അവരുടെ ആദ്യ ചുവടുവെപ്പാണ് പരീക്ഷ. ഈമാസം ആദ്യമാണ് ശനിയാഴ്ച പരീക്ഷ നടത്തുമെന്ന് ഗസ്സ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയ ഒക്ടോബർ 2023ന് ശേഷം ഇതാദ്യമായാണ് ഗസ്സയിൽ ഒരു പരീക്ഷ നടക്കുന്നത്. 1500 വിദ്യാർഥികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ചില വിദ്യാർഥികൾ വീട്ടിലിരുന്ന് ഓൺലൈനായാണ് പരീക്ഷയെഴുതുന്നത്. സുരക്ഷമുൻനിർത്തിയാണ് ഇത്തരത്തിൽ ഓൺലൈൻ പരീക്ഷയെഴുതുന്നത്. ഗസ്സ മുമ്പിൽ ഇപ്പോഴും ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ പരീക്ഷയെഴുതുക എന്നത് ഗസ്സയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. ഇന്റർനെറ്റ്, വൈദ്യുതി ബന്ധങ്ങൾ ഗസ്സയിൽ താറുമാറായ നിലയിലാണ്. എങ്കിലും ലഭ്യമായ സ്ഥലങ്ങളിലെത്തി പരീക്ഷയെഴുതാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. ഇന്റർനെറ്റ് ലഭ്യത ഉൾപ്പടെ പരിശോധിക്കാനായി മോക്ക് ടെസ്റ്റും ഗസ്സയിൽ നടത്തിയിരുന്നു.
ലോകമിതുവരെ കാണാത്ത കൊടുംക്രൂരത ഗസ്സയിൽ ദിവസവും ആവർത്തിച്ച് ഇസ്രായേൽ അധിനിവേശ സേന. ഒഴിഞ്ഞ പാത്രങ്ങളുമായി ഭക്ഷണവിതരണകേന്ദ്രത്തിന് മുന്നിൽ വരിനിന്ന കുഞ്ഞുങ്ങളടക്കമുള്ള 29 പേരെയാണ് ഇന്ന് ഇസ്രായേൽ നിർദാക്ഷിണ്യം കൊലപ്പെടുത്തിയത്. ഗസ്സയിലെ മൂന്നിലൊരാൾ ഒരുതരി വറ്റു ലഭിക്കാതെ മുഴുപട്ടിണിയിലാണ് ദിവസം തള്ളിനീക്കുന്നതെന്ന യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂ.എഫ്.പി) റിപ്പോർട്ട് പുറത്തുവന്ന ദിവസവും അന്നം തേടിയെത്തിയവരെ ഐ.ഡി.എഫ് പച്ചക്ക് കൊന്നു.
റഫയിലെ ഭക്ഷ്യസഹായ കേന്ദ്രത്തിന് സമീപം നടത്തിയ ആക്രമണത്തിൽ 29 പേരടക്കം ഇന്ന് പുലർച്ചെ മുതൽ കുറഞ്ഞത് 41 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മേയ് അവസാനം മുതൽ ഗസ്സയിൽ ഭക്ഷ്യവിതരണത്തിനായി കാത്തിരുന്ന 900 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. അവരിൽ ഭൂരിഭാഗവും ജി.എച്ച്.എഫ് കേന്ദ്രങ്ങളുടെ പരിസരത്താണ് പിടഞ്ഞുമരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

