Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞങ്ങൾ പഠിക്കും, കൂടാരത്തിൽ ഇരുന്നാണെങ്കിലും പഠിക്കും’; മൂന്ന് വർഷത്തിന് ശേഷം സ്കൂളുകളി​ൽ തിരിച്ചെത്തി ഗസ്സയിലെ കുട്ടികൾ, ഒപ്പം പ്രതീക്ഷയും സന്തോഷവും

text_fields
bookmark_border
Gaza Students
cancel

ഗസ്സ: മൂന്ന് വർഷത്തിന് ശേഷം വീണ്ടും അവർ അവരുടെ ക്ലാസ്മുറികളിൽ തിരിച്ചെത്തി. അവരുടെ ചുമലിൽ ബാഗോ കൈയിൽ പുസ്തകങ്ങളോ ഉണ്ടായിരുന്നില്ല. സ്കൂൾ കെട്ടിടങ്ങൾ പോലും പേരിന് മാത്രം. എങ്കിലും ഗസ്സയിലെ കുട്ടികൾ ക്ലാസ്മുറിക​ളിലേക്ക് തിരിച്ചെത്തിയപ്പോൾ അവരുടെ മുഖങ്ങളിൽ നിറഞ്ഞ ചിരിയുണ്ടായിരുന്നു, ഒപ്പം പ്രതീക്ഷയും.

മൂന്ന് വർഷത്തോളം ക്ലാസ് മുറികളിൽനിന്ന് അകന്ന് നിന്നതിന് ശേഷമാണ് ആയി​രത്തോളം കുട്ടികൾ വീണ്ടും സ്കൂളുകളിലേക്കെത്തുന്നത്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളിലും താൽക്കാലിക പഠന കേന്ദ്രങ്ങളിലും ടെന്റുകളിലുമാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമിട്ടത്. ഗസ്സയിലുടനീളം 359 താൽക്കാലിക പഠന കേന്ദ്രങ്ങളാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന പഠന സാമഗ്രികൾ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലും സ്കൂളിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടികൾ. സെപ്റ്റംബർ 19നാണ് 2026-27 അധ്യയനവർഷം ഗസ്സയിൽ ആരംഭിച്ചത്.

യുദ്ധത്തിൽ ഗസ്സയിലെ ഭൂരിഭാഗം സ്കൂളുകളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിരുന്നു. യുണിസെഫിന്റെ കണക്ക് അനുസരിച്ച് യുദ്ധത്തിൽ ഏകദേശം 98 ശതമാനം സ്കൂളുകളും പൂർണമായി ​തകരുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തതായി പറയുന്നു. ഏകദേശം 6.6 ലക്ഷം വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് മുറികളിലെ വിദ്യാഭ്യാസം അന്യമായിരുന്നു.

വിദ്യാഭ്യാസ മന്ത്രാലയവും അന്താരാഷ്ട്ര പ്രാദേശിക സംഘടനകളും ചേർന്നാണ് താൽക്കാലിക സ്കൂളുകൾ ഒരുക്കിയിരിക്കുന്നത്. ടെന്റുകൾ, ടാർപോളിൻ, ഷീറ്റ് മെറ്റൽ, മരം എന്നിവ ഉപയോഗിച്ചാണ് താൽക്കാലിക സ്കൂളുകൾ ഒരുക്കിയിരിക്കുന്നത്. ചിലയിടങ്ങളിൽ ക്ലാസ്മുറികളിൽ ഒരു ബ്ലാക്ക് ബോർഡ് മാത്രമാണുള്ളത്. ചില പഠനകേന്ദ്രങ്ങൾ ഇപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

‘മൂന്ന് വർഷം മുമ്പാണ് അവസാനമായി സ്കൂളിൽ പോയത്. ഇപ്പോൾ അധ്യയനവർഷം ആരംഭിക്കുകയാണ്. ഇത് സന്തോഷത്തിന്റെയും വിജയത്തിന്റെയും വർഷമാണ്’- മൂന്ന് വർഷത്തിന് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് വിദ്യാർഥിയായ മൊയാദ് അബു മുസ്തഫ പറഞ്ഞു. പഠിക്കാൻ ആവശ്യമായ നോട്ട്ബുക്കോ പേനയോ പുസ്തകമോ ഒന്നുമില്ലെങ്കിലും ടെന്റിലിരുന്നായാലും പഠനം തുടരുമെന്ന് മൊയാദ് പറഞ്ഞു. ‘ഇതൊക്കെയാണെങ്കിലും ഞങ്ങൾ പഠിക്കും, ഒരു കൂടാരത്തിൽ പോലും ഇരുന്ന് പഠിക്കും’ -അവൻ പറഞ്ഞു. കൂടാതെ യുദ്ധത്തിനിടെ തന്റെ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതായും അവൻ കൂട്ടിച്ചേർത്തു.

ടെന്റിൽ കുടുംബത്തോടൊപ്പം കഴിയുന്ന 15കാരിയായ സമർ അബു സൽമിയും പഠനത്തിലേക്ക് തിരിച്ചെത്തി. യുദ്ധകാലത്ത് ഫോണിലൂടെയായിരുന്നു പഠനം. അധ്യാപകരെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും സ്കൂളിലെത്തുന്നത് തന്റെ സ്വപ്നത്തിലേക്കുള്ള തിരിച്ചുവരവാണെന്ന് സമർ അബു സൽമി പറയുന്നു. ‘ഞങ്ങൾ ഫോണിൽ പഠിച്ചു, പക്ഷേ ഞങ്ങളുടെ അധ്യാപകരെ കണ്ടിട്ടില്ല... ഇപ്പോൾ, ഞങ്ങൾ വീണ്ടും ഞങ്ങളുടെ സ്വപ്നത്തെ പിന്തുടരുകയാണ്... ഒരു ടെന്റിൽ നിന്ന് മറ്റൊന്നിലേക്ക്. യുദ്ധത്തിന് മുമ്പ്, ഞങ്ങൾക്ക് എല്ലാം ലഭ്യമായിരുന്നു... നോട്ട്ബുക്കുകൾ, പേനകൾ, സാധനങ്ങൾ, വസ്ത്രങ്ങൾ, വിനോദയാത്രകൾ, വിലകുറഞ്ഞ സാധനങ്ങൾ’ സാൽമി കൂട്ടിച്ചേർത്തു.

സ്കൂളിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെങ്കിലും സ്കൂളിലേക്കുള്ള യാത്രയിലും പഠനത്തിനിടയിലും വെടിയുണ്ടകളെയും റോക്കറ്റ് ആക്രമണങ്ങളെയും മറ്റ് ആക്രമണങ്ങളെയും കുറിച്ചുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് 14കാരനായ യാമൻ അബു സമ്ര പറയുന്നു. ‘സ്കൂളിൽ പോകാൻ ഞങ്ങൾ സന്തോഷത്തോടെയാണ് ഉണരാറുണ്ടായിരുന്നത്... ഇപ്പോൾ, സ്കൂളിൽ വരുമ്പോൾ, വെടിയുണ്ടകൾ, റോക്കറ്റുകൾ, ആക്രമണങ്ങൾ, എല്ലാം ഞങ്ങൾക്ക് ഭയമാണ്. ഇപ്പോൾ, സൂര്യനും ചൂടും മാത്രം ഉള്ള ഒരു കൂടാരത്തിലാണ് ഞാൻ ഇരിക്കുന്നത്’ യാമൻ അബു സമ്ര കൂട്ടിച്ചേർത്തു.

സ്കൂളുകൾ തുറന്നെങ്കിലും നോട്ട്ബുക്ക്, പേന, യൂണിഫോം തുടങ്ങിയ അടിസ്ഥാന സാധനങ്ങൾ പോലും പല കുടുംബങ്ങൾക്കും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. യുദ്ധത്തിന് മുമ്പ് കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന സാധനങ്ങൾ ഇപ്പോൾ കുടുംബങ്ങൾക്ക് താങ്ങാനാകാത്ത രീതിയിൽ ചെലവേറിയതായി. ഏകദേശം 5.4 ലക്ഷം വിദ്യാർഥികൾ താൽക്കാലിക സ്കൂളുകളിലും പഠനകേന്ദ്രങ്ങളിലുമായി നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ അധികൃതർ പറയുന്നു. നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി ഓൺലൈൻ പഠനം തുടരും. യുദ്ധത്തിനിടെ ഗസ്സ വിട്ടുപോയ കുട്ടികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. യുദ്ധത്തിൽ ഏകദേശം 22,000 വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. 770ലേറെ വിദ്യാഭ്യാസ പ്രവർത്തകരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട വിദ്യാഭ്യാസ പ്രവർത്തകരിൽ 532 പേർ അധ്യാപകരാണെന്നും അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gaza Students Return To Classrooms After Three Years
Next Story