ഗസ്സ പ്രക്ഷോഭം ഏറ്റുമുട്ടലിൽ കലാശിച്ചു; പാകിസ്താനിൽ അഞ്ച് മരണം
text_fieldsഗസ്സയിലെ ജനങ്ങൾക്ക് പിന്തുണയുമായി പാകിസ്താനിൽ നടന്ന പ്രക്ഷോഭം
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണയുമായെത്തിയ തെഹ്രീകെ ലബ്ബൈക് പാകിസ്താൻ (ടി.എൽ.പി) പ്രവർത്തകരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു.
ഇസ്ലാമാബാദിലെ യു.എസ് എംബസിയിലേക്ക് മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചിരുന്നു. ലാഹോറിൽനിന്ന് 40 കിലോമീറ്റർ അകലെ മുർദികെയിൽ എത്തിയപ്പോഴാണ് പ്രക്ഷോഭകരെ പൊലീസ് തടഞ്ഞത്. സമരക്കാരെ പിരിച്ചുവിടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രക്ഷോഭകർ 40 വാഹനങ്ങൾക്ക് തീയിട്ടു. അതേസമയം, പാകിസ്താൻ-അഫ്ഗാനിസ്താൻ ഏറ്റുമുട്ടലിനെത്തുടർന്ന് അതിർത്തി രണ്ടാം ദിവസവും അടഞ്ഞുകിടന്നു. ഇതോടെ, ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരവും മുടങ്ങി. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
നിരവധി പാക് സൈനിക പോസ്റ്റുകൾക്കുനേരെ അഫ്ഗാൻ സേന ആക്രമണം നടത്തുകയായിരുന്നു. നിരന്തരം അതിർത്തി ലംഘിച്ച് നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും അഫ്ഗാൻ സേന അവകാശപ്പെട്ടു.
അതേസമയം, കൊല്ലപ്പെട്ടത് 23 സൈനികരെന്നാണ് പാകിസ്താൻ പറയുന്നത്. 200 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയതായും പാകിസ്താൻ അവകാശപ്പെട്ടു. സംഘർഷത്തിന് പിന്നാലെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംയമനത്തിന് ആഹ്വാനം ചെയ്തു. ഡ്യൂറൻഡ് ലൈൻ എന്നറിയപ്പെടുന്ന 2611 കിലോമീറ്റർ അതിർത്തിയിൽ പുതുതായി ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ചമൻ അതിർത്തി ക്രോസിങ്ങിലൂടെയുള്ള വ്യാപാരം പൂർണമായി നിർത്തിവെച്ചെങ്കിലും കുടുങ്ങിക്കിടന്ന 1500 അഫ്ഗാൻ പൗരന്മാരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

