ഒക്ടോ. 10ന് ഇനി ദിവസങ്ങൾ മാത്രം: ട്രംപിന് കിട്ടുമോ സമാധാന നൊബേൽ? അണിയറയിൽ കരുനീക്കം സജീവം
text_fieldsന്യൂയോർക്ക്: ലോക സമാധാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേഷമണിയുമ്പോൾ, അരങ്ങിലും അണിയറയിലും സമാധാന നോബേൽ കരസ്ഥമാക്കാനുള്ള ചരടുവലികൾ സജീവം. ഒന്നും ചെയ്യാതെ ബറാക് ഒബാമക്ക് നൊബേൽ കിട്ടിയെങ്കിൽ എന്ത് കൊണ്ട് തനിക്ക് തന്നുകൂടാ എന്നാണ് ട്രംപിന്റെ ചോദ്യം. മിഡിൽ ഈസ്റ്റിനെ രക്ഷിച്ച തനിക്ക് രണ്ടെണ്ണമെങ്കിലും ലഭിക്കാൻ അർഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നൊബേൽ സമ്മാനം തനിക്ക് ലഭിക്കണമെന്ന് എല്ലാവരും പറയുന്നുണ്ടെന്നും ട്രംപ് ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ പാക് വെടിനിർത്തലിന് പിന്നിൽ താനാണെന്ന് പലവുരു ആവർത്തിച്ച ട്രംപ്, ഇറാൻ -ഇസ്രായേൽ വെടിനിർത്തലിന് പിന്നിലും സജീവമായി രംഗത്തുണ്ടായിരുന്നു. റഷ്യ- യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള പരിശ്രമവും തുടരുന്നുണ്ട്. ഇപ്പോൾ ഗസ്സ വംശഹത്യ അവസാനിപ്പിക്കാനും ബന്ദിമോചനത്തിനും അവതരിപ്പിച്ച 20ഇന പദ്ധതി നടപ്പാക്കാനുള്ള കഠിന ശ്രമത്തിലാണ് അദ്ദേഹം. ഒക്ടോബർ 10-ന് സമാധാന നൊബേൽ സമ്മാനം പ്രഖ്യാപിക്കാനിരിക്കെ, ഓസ്ലോയുടെ അംഗീകാരം നേടാനുള്ള കാമ്പയിനിങ്ങിലാണ് ട്രംപ്. ഗസ്സ വെടിനിർത്തൽ എക്കാലത്തെയും ഏറ്റവും വലിയ സമാധാന ഉടമ്പടിയാകും എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.
നൊബേൽ കരസ്ഥമാക്കാൻ യൂറോപ്യൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള നീക്കത്തിലാണ് ഇദ്ദേഹത്തിന്റെ വിശ്വസ്ഥനായ സ്റ്റീവ് വിറ്റ്കോഫ്. സഖ്യകക്ഷികളെ ഇതിനായി മാർക്കോ റൂബിയോ പ്രേരിപ്പിക്കുകയും ചെയ്യുണ്ട്.
നൊബേൽ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഗസ്സയിൽ ട്രംപ് 20ഇന പദ്ധതി പ്രഖ്യാപിച്ചത്. വെടിനിർത്തൽ, ഗസ്സ പുനർനിർമ്മാണം, ബന്ദികളെ വിട്ടയക്കൽ എന്നിവയാണ് ഇതിലെ പ്രധാന ഉള്ളടക്കം. ഇതിനോട് ഹമാസും ഇസ്രായേലും ഭാഗികമായി സമ്മതിച്ചത് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
അതേസമയം, നോർവീജിയൻ ഇറക്കുമതിക്ക് ട്രംപ് 15 ശതമാനം തീരുവ ഏർപ്പെടുത്തിയതും സമാധാന നൊബേൽ നൽകിയില്ലെങ്കിൽ ഇത് വർധിപ്പിച്ചേക്കുമെന്ന ആശങ്കയും നോർവേയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൂടാതെ, ശാന്തതയെ വിലമതിക്കുന്ന നോർവിജിയൻ രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമാണ് ട്രംപിന്റെ വ്യക്തിത്വമെന്ന വിമർശനവും ഉയരുന്നുണ്ട്. ന്യൂയോർക്ക് കോൺഗ്രസ് അംഗം ക്ലോഡിയ ടെന്നിയാണ് ട്രംപിന്റെ പേര് പുരസ്കാരത്തിന് നിർദ്ദേശിച്ചത്. നേരത്തെ, യുക്രെയ്നിലെ ഒലെക്സാണ്ടർ മെറെഷ്കോ ട്രംപിനെ നാമനിർദ്ദേശം ചെയ്തെങ്കിലും, ആക്രമണങ്ങളിൽനിന്ന് ട്രംപ് റഷ്യയെ തടയാത്തതിനാൽ നോമിനേഷൻ പിൻവലിച്ചിരുന്നു. ഇത്തവണ ലഭിച്ച 338 നോമിനേഷനുകളിൽ മാധ്യമപ്രവർത്തക കൂട്ടായ്മകൾ, സുഡാനിലെ ദുരിതാശ്വാസ പ്രവർത്തകർ, യൂലിയ നവൽനയ എന്നിവർ ഉൾപ്പെടുന്നു.
അതിനിടെ, തങ്ങളുടെ ഇരുണ്ട ജീവിതത്തിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിച്ചം കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന് നൊബേൽ സമ്മാനം നൽകണമെന്നും ആവശ്യപ്പെട്ട് ബന്ദികളുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ബന്ദി മോചനത്തിനും ഗസ്സ വെടിനിർത്തലിനും ട്രംപ് നടത്തുന്ന ശ്രമങ്ങളെ മാനിച്ച് സമാധാന നൊബേലിന് ശിപാർശ ചെയ്ത് നോർവീജിയൻ നൊബേൽ കമ്മിറ്റിക്കാണ് ബന്ദികളുടെ ബന്ധുക്കൾ കത്ത് അയച്ചത്.
ബന്ദികളുടെ ബന്ധുക്കളുടെ സംഘടനയായ ‘ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലിസ് ഫോറം’ (Hostages and Missing Families Forum) ആണ് വെള്ളിയാഴ്ച കത്ത് നൽകിയത്. അവസാനത്തെ ബന്ദിയെ വീട്ടിലെത്തിക്കുകയും യുദ്ധം അവസാനിക്കുകയും മിഡിൽ ഈസ്റ്റിലെ ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ട്രംപ് വിശ്രമിക്കില്ലെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് കത്തിൽ പറഞ്ഞു. തങ്ങളുടെ പേടിസ്വപ്നം ഒടുവിൽ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴെന്നും കത്തിൽ പറഞ്ഞു.
ഈ കഴിഞ്ഞ വർഷം ട്രംപിനെക്കാൾ ലോകത്ത് സമാധാനത്തിനായി സംഭാവന ചെയ്ത മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് ഫോറം അഭിപ്രായപ്പെട്ടു. ‘പലരും സമാധാനത്തെക്കുറിച്ച് വാചാലമായി സംസാരിച്ചപ്പോൾ അദ്ദേഹം അത് നേടിയെടുത്തു. ഓരോ ബന്ദിയും വീട്ടിലെത്തുന്നതുവരെ വിശ്രമിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തിട്ടുള്ളതിനാൽ നൊബേൽ സമ്മാനം നൽകണമെന്ന് ഞങ്ങൾ ശക്തമായി അഭ്യർഥിക്കുന്നു’ -ഫോറം ചൂണ്ടിക്കാട്ടി. ഇസ്രായേൽ-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിലെ ട്രംപിന്റെ പങ്കും 2020-ലെ അബ്രഹാം ഉടമ്പടികൾക്ക് മധ്യസ്ഥത വഹിച്ചതും ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂലൈയിൽ ട്രംപിനെ നൊബേലിന് നാമനിർദ്ദേശം ചെയ്ത് ബിന്യമിൻ നെതന്യാഹുവും നൊബേൽ കമ്മിറ്റിക്ക് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

