ഗസ്സ അരാജകത്വത്തിന്‍റെ വക്കിൽ; യു.എൻ ഭക്ഷ്യസംഭരണ കേന്ദ്രത്തിൽ നിന്ന് ധാന്യങ്ങൾ കൊണ്ടുപോയി
text_fieldsഗസ്സ: ലോകത്തിന്റെ മുറവിളികളെല്ലാം അവഗണിച്ച് ഗസ്സക്കുമേൽ ഞായറാഴ്ചയും ബോംബുവർഷവും കരയാക്രമണവും നടത്തി ഇസ്രായേൽ. നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വിച്ഛേദിച്ച വാർത്താവിനിമയബന്ധം പുനഃസ്ഥാപിച്ചതോടെ, തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളുടെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഇന്നലെ പുറത്തുവന്നു. മരണം 8000 കവിഞ്ഞു. ഇതിനിടെ, ഭക്ഷണമില്ലാതെ നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിന് ഗസ്സ നിവാസികൾ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവിതരണ സംഭരണകേന്ദ്രത്തിൽ തള്ളിക്കയറി ധാന്യങ്ങളും മറ്റു വസ്തുക്കളും എടുത്തുകൊണ്ടുപോയി.
അടിസ്ഥാന ആവശ്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഗസ്സയിൽ സാമൂഹികക്രമം തകരുമെന്ന അവസ്ഥയാണ്. ഗസ്സ സിറ്റി, വടക്കൻ ഗസ്സ എന്നിവിടങ്ങളിൽനിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ വീണ്ടും മുന്നറിയിപ്പ് നൽകി. വാദി ഗസ്സയുടെ തെക്കോട്ടേക്കു പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം ഗസ്സയിൽ ആകെ മരണം 8005 ആണ്. പരിക്കേറ്റവർ: 20,242. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മരണം 112. പരിക്കേറ്റവർ 1900.
അതേസമയം, ഗസ്സയിൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് വാർത്താവിനിമയ സംവിധാനം അനുവദിക്കില്ലെന്നും ഇസ്രായേൽ പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ കാളരാത്രിക്ക് അന്ത്യംകുറിക്കാൻ ഇസ്രായേൽ വെടിനിർത്തലിന് തയാറാകണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവർത്തിച്ചു. യു.എൻ രക്ഷാസമിതിയിലെ അറബ് പ്രതിനിധിയായ യു.എ.ഇയുടെ ആവശ്യപ്രകാരം ഇന്ന് രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുമെന്ന് എ.പി റിപ്പോർട്ട് ചെയ്തു. തടവുകാരെ പരസ്പരം കൈമാറാൻ ഇസ്രായേലുമായി അടിയന്തര നടപടിക്ക് തയാറാണെന്ന് ഹമാസ് അറിയിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ ഏതാനും ഫലസ്തീനികൾ കൊല്ലപ്പെട്ടു. റഫക്കു കിഴക്കുഭാഗത്ത് ഇസ്രായേൽ സേനക്കുനേരെ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അൽ ഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. ഗസ്സയിലെ അൽ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്നും ഉടൻ ബോംബിടുമെന്നുമുള്ള ഇസ്രായേൽ മുന്നറിയിപ്പിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. നിറയെ രോഗികളുള്ള ആശുപത്രിയിൽനിന്ന് അവരുടെ ജീവന് അപകടമില്ലാതെ ഒഴിപ്പിക്കൽ ഒരു നിലക്കും സാധ്യമല്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി പറഞ്ഞു.
ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം രാജ്യത്തെ സുരക്ഷാ ഏജൻസികൾക്കാണെന്ന് ആരോപണമുന്നയിച്ചതിന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാപ്പുചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

