ഗസ്സയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു
text_fieldsഗസ്സ സിറ്റി: ജീർണിച്ച മൃതദേഹങ്ങളുടെയും പട്ടിണിയുടെയും തെരുവായി ഗസ്സ സിറ്റി. അധിനിവേശ സേനയുടെ വ്യോമാക്രമണത്തിൽ തകർന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഡസൻ കണക്കിന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നൂറുകണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ഗസ്സ സിറ്റിയുടെ അടുത്തുള്ള ടെൽ അൽ ഹവയിൽനിന്നും പരിസരങ്ങളിൽനിന്നുമാണ് മൃതദേഹങ്ങൾ ഏറെയും കണ്ടെടുത്തത്. നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരെയും അൽ അഹ്ലി ആശുപത്രിയിൽ എത്തിച്ചതായി ഡയറക്ടർ ഫാദൽ നയീം പറഞ്ഞു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടേതുൾപ്പെടെ 60ഓളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ടെൽ അൽ ഹവയിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇസ്രായേൽ സേന പിന്മാറിയത്. ആഴ്ചകൾ നീണ്ട വ്യോമാക്രമണമാണ് ഇവിടെ നടത്തിയത്. മൃതദേഹങ്ങൾ മാറ്റാനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുമുള്ള ശ്രമങ്ങൾ ഇസ്രായേൽ സേന തടയുകയാണ്. തകർന്ന പല വീടുകളിലേക്കും പോകാൻ കഴിയുന്നില്ല. ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഉത്തരവിട്ടശേഷം അഭയകേന്ദ്രങ്ങൾ വിട്ടുപോയവരാണ് കൊല്ലപ്പെട്ടവരിൽ പലരും.
സമാനമായ അവസ്ഥയാണ് ശുജയ്യയിലും. കനത്ത വ്യോമാക്രമണവും വെടിവെപ്പും നടത്തി നിരവധി പേരെ കൊലപ്പെടുത്തിയ ശേഷമാണ് ഇസ്രായേൽ ഇവിടുന്ന് പിന്മാറിയത്. ശുജയ്യയിലെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് 60 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഭൂരിഭാഗവും സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളാണ്. ഇതേ കുറിച്ച് ഇസ്രായേൽ സേന പ്രതികരിച്ചിട്ടില്ല.
ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടും മൂന്ന് ലക്ഷം പേർ ഇപ്പോഴും ഗസ്സയിൽ കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇസ്രായേൽ സേന ആക്രമണം തുടങ്ങിയശേഷം ആയിരക്കണക്കിന് സ്ത്രീകളും കുഞ്ഞുങ്ങളുമാണ് ഗസ്സയിൽനിന്ന് പലായനം ചെയ്തത്. ക്യാമ്പുകളിൽ തിങ്ങിഞെരുങ്ങി കഴിയുന്ന പലരും പട്ടിണിയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ, ഗസ്സയുടെ തെക്കൻ നഗരമായ റഫയിൽ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ ഖാൻ യൂനുസിലെ നാസർ ആശുപത്രിയിലേക്ക് മാറ്റി. മധ്യ ഗസ്സയിലെ നുസെറത്ത് അഭയാർഥി ക്യാമ്പിലും നാല് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ബോംബാക്രമണത്തിൽ ബ്രിട്ടനിൽനിന്നുള്ള അൽ ഖൈർ സന്നദ്ധ സംഘടനയുടെ നാല് പ്രവർത്തകർ കൊല്ലപ്പെട്ടു. അധിനിവേശ സേനയുടെ ആക്രമണത്തിൽ ഇതുവരെ 30,345 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
അതിനിടെ, ലബനാൻ ആസ്ഥാനമായ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.