ഗസ്സയിലെ ചുടുചോരക്കു മുന്നിൽ തോറ്റ് ഇസ്രായേൽ പി.ആർ
text_fieldsഗസ്സയിൽ പോഷകാഹാരക്കുറവു മൂലം രോഗാവസ്ഥയിലായ കുഞ്ഞിനെ പരിശോധിക്കുന്ന യു.എൻ പ്രവർത്തകർ
ഗസ്സയിൽ മാത്രമല്ല, കഴിഞ്ഞ രണ്ടുവർഷത്തിനിടെ കൈവെച്ച സകലയിടത്തും വമ്പൻ സൈനിക വിജയങ്ങളാണ് ഇസ്രായേലിന് കൈവന്നത്. യുദ്ധ, ചാരപ്രവർത്തന ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ നേടുമ്പോഴും ലോകത്തിന് മുന്നിൽ ഇസ്രായേൽ തോൽക്കുകയും ഒറ്റപ്പെടുകയുമാണ്.
ഗസ്സയിലേക്ക് അധിനിവേശം തുടങ്ങിയതു മുതൽ മാത്രമല്ല, അതിനും മുമ്പ് 2023 ഒക്ടോബർ ഏഴിനുതന്നെ ഐ.ഡി.എഫിന്റെ കടുംകൈകൾ വെളിപ്പെട്ടിരുന്നു. ഹമാസിന്റെ മിന്നലാക്രമണം നടന്ന പ്രദേശങ്ങളിൽ കൂട്ട നശീകരണായുധങ്ങൾ ഇസ്രായേൽ പലതവണ പ്രയോഗിച്ചതിന്റെ തെളിവുകൾ അവിടത്തെ മാധ്യമങ്ങൾ വഴിതന്നെ പുറത്തുവന്നു. ഇസ്രായേലുകാരെ ബന്ദികളാക്കി ഹമാസ് കൊണ്ടുപോകാതിരിക്കാൻ സ്വന്തം നാട്ടുകാരെയുൾപ്പെടെ കൊന്നൊടുക്കി. പിന്നീട് ഗസ്സക്ക് മേൽ ആക്രമണം തുടങ്ങിയപ്പോഴാകട്ടെ, ആശുപത്രിയും സ്കൂളും അഭയാർഥി ക്യാമ്പും മാത്രമല്ല, ഭക്ഷണത്തിന് വരി നിന്നവരെ പോലും ആക്രമിച്ചു. ഇസ്രായേലിന് യു.എസ് കൈമാറിയ ബങ്കർ ബസ്റ്റർ ബോംബുകളെ ‘ബേബി ബസ്റ്റർ ബോംബുകളെ’ന്ന് അവിടത്തെ ചില മാധ്യമ പ്രവർത്തകർതന്നെ വിശേഷിപ്പിക്കാൻ തുടങ്ങി. ഗസ്സയിൽ ചിതറിയ ചോരയും മാംസവും ലോകമെങ്ങുമുള്ള മൊബൈൽ ഫോണുകളിൽ പ്രചരിച്ചു. ജീവിതത്തിലിന്നേവരെ കാണാത്ത ഭയാനകമായ കാഴ്ചകൾ കണ്ട് യുവതലമുറ നടുങ്ങി. ഇസ്രായേൽ-യു.എസ് ലോബികൾ നയിക്കുന്ന ചാനലുകളിലെ ‘വെളുപ്പിച്ച’ വാർത്തകളെയല്ല അവർ ആശ്രയിച്ചത്.
കൺമുന്നിൽ കണ്ട യാഥാർഥ്യത്തെയാണ്. യൂറോപ്പിലും അമേരിക്കയിലും മറ്റും നിരത്തുകളിൽ യുവജനത ഇറങ്ങിയത് അങ്ങനെയാണ്. ചരിത്രത്തിലാദ്യമായി പൊതുബോധ നിർമിതിയിലെ മേൽക്കൈ ഇസ്രായേലിന് നഷ്ടമായി. പൊതുവികാരത്തിന്റെ ഉഷ്ണം സർക്കാറുകൾക്കും അനുഭവപ്പെട്ടുതുടങ്ങി. എന്നും ഇസ്രായേലിനെ തുണച്ചിരുന്ന ബ്രിട്ടനും ഫ്രാൻസും പിന്നെ ആസ്ട്രേലിയയും പോർചുഗലും സ്പെയിനും കാനഡയുമൊക്കെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ രംഗത്തുവന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. കൺമുന്നിൽ കാണുന്ന വംശഹത്യയോട് നിസ്സംഗതയോടെ പെരുമാറാൻ കഴിയാത്ത നിലയിൽ പൊതുവികാരത്തിന്റെ സമ്മർദമുണ്ടായി എന്നതാണ് സത്യം.
പക്ഷേ, ജർമനിയും ഇറ്റലിയും ഓസ്ട്രിയയുമൊക്കെ ഇപ്പോഴും മടിച്ചുനിൽക്കുകയാണ്. 32 നാറ്റോ അംഗ രാജ്യങ്ങളിൽ 18ഉം ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകഴിഞ്ഞു. ജി 20 രാജ്യങ്ങളിൽ ജർമനി, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, യു.എസ് എന്നിവ മാത്രമാണ് ഇപ്പോഴും ഫലസ്തീനെ അംഗീകരിക്കാത്തത്. യു.എൻ സുരക്ഷ കൗൺസിലിലെ സ്ഥിരാംഗങ്ങളിലാകട്ടെ, ബാക്കിയുള്ളത് യു.എസ് മാത്രവും. പക്ഷേ, യു.എസിന് പോലും പിന്തുണക്കാൻ കഴിയാത്ത പ്രവർത്തനങ്ങളും ഇസ്രായേലിൽനിന്നുണ്ടായി. ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തെ അപലപിക്കുന്ന സുരക്ഷ കൗൺസിൽ പ്രമേയത്തെ യു.എസിന് പിന്തുണക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

