Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ ഭക്ഷണം...

ഗസ്സയിൽ ഭക്ഷണം കഴിക്കാൻ​ ഒരുങ്ങവേ ഗർഭിണിയെയും ഭിന്നശേഷിക്കാരനായ ഭർത്താവിനെയും മകളെയും ഇസ്രായേൽ ​കൊന്നു

text_fields
bookmark_border
ഗസ്സയിൽ ഭക്ഷണം കഴിക്കാൻ​ ഒരുങ്ങവേ ഗർഭിണിയെയും ഭിന്നശേഷിക്കാരനായ ഭർത്താവിനെയും മകളെയും ഇസ്രായേൽ ​കൊന്നു
cancel

ഗസ്സ സിറ്റി: പുറത്ത്​ ഇസ്രായേൽ നരാധമൻമാർ മരണത്തീമഴ പെയ്യിക്കുന്നതിനിടെ ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു 33കാരിയായ അമാനിയും ഭർത്താവ്​ ഭിന്നശേഷിക്കാരനായ ഇയാദ് സൽഹയും മകൾ നാഗാമും. കുഞ്ഞുമക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രായേലിനെയോ, നരകയാതന അനുഭവിക്കുന്ന ഫലസ്​തീനെയോ കുറിച്ച്​ യാതൊരു അറിവുമില്ലാത്ത ഒരു കുരുന്ന്​ ജീവൻ അമാനിയുടെ ഉദരത്തിൽ തുടിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആ ഭക്ഷണം കഴിക്കാൻ അവരെ ഇസ്രായേൽ ​ൈസന്യം അനുവദിച്ചില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ പുറംലോക​ത്ത്​ എത്തേണ്ട ആ ഗർഭസ്​ഥ ശിശുവിനെയടക്കം അമാനിയുടെ കുടുംബത്തെ ഒന്നടങ്കം കണ്ണിൽ ചോരയില്ലാത്ത ഇസ്രായേൽ സേന മിസൈൽ വർഷിച്ച്​ കൊലപ്പെടുത്തി. ചിതറിത്തെറിച്ച ശരീരഭാഗങ്ങളും തകർന്ന വീടിന്‍റെ അവശിഷ്​ടങ്ങളും അവരുടെ ഭക്ഷണത്തളികയെ മൂടി.

"അവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു. എന്ത്​ തെറ്റാണ്​ എന്‍റെ സഹോദരൻ ചെയ്തത്​? 14 വർഷമായി വീൽചെയറിലാണ്​ അവൻ കഴിയുന്നത്​. അവന്‍റെ ​​കൊച്ചുമകളും ഭാര്യയും ചെയ്​ത തെറ്റ്​ എന്താണ്​?'പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃത​േദഹങ്ങൾ അടുക്കിവെച്ച മോർച്ചറിയുടെ മരവിച്ച വാതിലിൽ പിടിച്ച്​ ഇയാദിന്‍റെ ഇളയ സഹോദരൻ ഉമർ സൽഹ വിതുമ്പി. ആക്രമണം നടക്കുമ്പോൾ സമീപപ്രദേശത്ത്​ തന്നെ ഉണ്ടായിരുന്നു ഉമർ. ത​െന്‍റ കൺമുന്നിൽ വെച്ചാണ്​ മി​ൈസൽ വർഷിച്ച്​ സഹോദരനെയും കുടുംബത്തെയും വകവരുത്തിയതെന്ന്​ അദ്ദേഹം എ.എഫ്​.പി വാർത്താ ഏജൻസിയോട്​ പറഞ്ഞു.

ബുധനാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. ഗസ്സ കടൽത്തീരത്തുള്ള ഇയാദിന്‍റെ ദേർ അൽ ബലാഹ്​ ഫ്ലാറ്റിലെ മൂന്ന്​ മുറികളും മി​ൈസൽ ആക്രമണത്തിൽ പൂർണമായി തകർന്നു.

സ്വീകരണമുറിയുടെ അവശഷ്​ടങ്ങൾക്കിടയിൽ കഷണങ്ങളായി ചിതറിയ മകളുടെ ചുവന്ന സൈക്കിളിന്‍റെ ഭാഗങ്ങൾ കാണാം. തകർന്ന റഫിജറേറ്ററിലെ തക്കാളിപ്പാത്രത്തിൽ ചാരനിറത്തിലുള്ള മണ്ണുംപൊടിയും നിറഞ്ഞിരിക്കുന്നു.

ഗസ്സ കടൽത്തീരത്തുള്ള ഇയാദിന്‍റെ ദേർ അൽ ബലാഹ്​ ഫ്ലാറ്റ്​ ഇസ്രായേൽ മി​ൈസൽ ആക്രമണത്തിൽ പൂർണമായി തകർന്ന നിലയിൽ

ശാരീരികാവശതകളും യുദ്ധക്കെടുതികളും കാരണം തൊഴിൽരഹിതനായ ഇയാദ്​, ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസിയുടെ സഹായത്തെ ആശ്രയിച്ചാണ്​ ജീവിതം തള്ളിനീക്കിയിരുന്നത്​്​. സമീപത്തെ ഫാറ്റിലാണ്​ ഉമ്മയും മൂന്ന് സഹോദരന്മാരും കഴിഞ്ഞിരുന്നത്​. ആക്രമണം നടക്കു​േമ്പാൾ ഉമ്മ സ​േഹാദരന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. "രാജ്യത്തെ സ്​ഥിതി ശാന്തമാകാൻ മകൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. പിറക്കാനിരുന്ന കുട്ടിയെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്‍റെ മോൻ. അതിനിടെ അവർ അവന്‍റെ ജീവനെടുത്തു...' 58 കാരിയായ ആ മാതാവ്​ വേദന ഉള്ളിലൊതുക്കി പറഞ്ഞു.

മെയ് 10 മുതൽ തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്​തീനിൽ ഇതുവ​െര 65 കുട്ടികളടക്കം 230 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫലസ്തീൻ ചെറുത്തുനിൽപ്പ്​ സംഘങ്ങൾ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 12 പേരാണ്​ ഇസ്രായേലിൽ കൊല്ലപ്പെട്ടത്​.

ഭിന്നശേഷിക്കാരനെയും ഗർഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഗസ്സ ആരോഗ്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. 'നിരപരാധികളെ കൊല്ലുന്നത് കുറ്റകൃത്യമാണ്​. ലോക മനസ്സാക്ഷി ഉണരാൻ ഇനിയും എത്രപേർ മരിക്കണം?' -ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസഫ് അബു അൽ റിഷ് ചോദിച്ചു.

Show Full Article
TAGS:gaza under attack Gaza Israel palastine 
News Summary - Gaza: Israel kills disabled man, pregnant wife, child
Next Story