Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈ ആശുപത്രി മുറികളിൽ...

ഈ ആശുപത്രി മുറികളിൽ മരണം ഒളിച്ചിരിക്കുന്നു; ജീവന്റെ വെളിച്ചമറ്റു പോകുമോ?

text_fields
bookmark_border
Gaza Hospital
cancel

ഗസ്സ: ഗസ്സയിലെ ആശുപത്രികളിൽ അങ്ങേയറ്റത്തെ ആശങ്കകൾക്കൊപ്പം കൂട്ടിരിക്കുകയാണ് ഫലസ്തീൻകാർ. ദുരന്തമുനമ്പിൽ വിറങ്ങലിച്ചുനിൽക്കുന്ന സാധാരണക്കാർ മാത്രമല്ല, ആതുരസേവനത്തിന് ഓടിനടക്കുന്ന സന്നദ്ധ സംഘങ്ങൾ വരെ ആ ഭീതി പങ്കുവെക്കുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ മാരക പരിക്കേറ്റവർ ഉൾപെടെയുള്ളവരെ ചികിത്സിക്കുന്ന ആശുപത്രികളെ വല്ലാത്തൊരു മൗനം പൊതിഞ്ഞിരിക്കുന്നു.

ഗസ്സയിലെ ഏക പവർ പ്ലാന്റിൽ ബുധനാഴ്ചയോടെ വൈദ്യുതി പൂർണമായും തീർന്നിരിക്കുന്നു. ഇപ്പോൾ ബാക്അപ് ജനറേറ്ററുകളിലാണ് ഗസ്സ അഭയം തേടുന്നത്. അവയാകട്ടെ, മണിക്കൂറുകൾക്കുള്ളിൽ പ്രവർത്തനം നിലയ്ക്കും. കനത്ത ആക്രമണത്തിനൊപ്പം വെള്ളവും വൈദ്യുതിയും തടഞ്ഞ് ഇസ്രായേൽ നടത്തുന്ന ക്രൂരതയിലാണ് നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപകട മുനമ്പിലായിരിക്കുന്നത്. ഊർജ വിതരണം നിലയ്ക്കുന്നതോടെ ആശുപത്രികളെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്ന് ഗസ്സ സിറ്റിയിൽനിന്ന് ബി.ബി.സി ലേഖകൻ റുഷ്ദി അബൂ അലൂഫ് റിപ്പോർട്ട് ചെയ്യുന്നു.


മരണം ഒളിച്ചിരിക്കുന്ന ഇരുട്ടറകളായി മാറിയിരിക്കുന്ന ആശുപത്രി മുറികൾ ഏതുനിമിഷവും മോർച്ചറികളെന്ന ഭീതിദമായ അവസ്ഥയിലേക്ക് എടുത്തെറിയപ്പെടാമെന്ന് പറയുന്നത് മേഖലയിലെ ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആർ.സി) ഡയറക്ടറായ ഫാബ്രിസിയോ കാർബോണിയാണ്. ‘ഗസ്സയിൽ വൈദ്യുതി നിലയ്ക്കുമ്പോൾ ആശുപത്രികൾക്കും വൈദ്യുതി ഇല്ലാതാകും. ഇൻക്യുബേറ്ററിലുള്ള നവജാത ശിശുക്കൾ മുതൽ വയോധികർ വരെയുള്ളവർക്ക് ഓക്സിജൻ ലഭ്യമാവാതെ വരും. കിഡ്നി രോഗികളുടെ ഡയാലിസിസ് നിലയ്ക്കും. എക്സ്റേകൾ എടുക്കാനാകില്ല. ഇലക്ട്രിസിറ്റിയില്ലെങ്കിൽ ആശുപത്രികൾ മോർച്ചറികളായി മാറുന്ന അവസ്ഥയാണുണ്ടാവുക. ആ​ശുപത്രികൾ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ജനറേറ്ററുകളിലാണ്. കുറച്ചു മണിക്കൂറുകൾ കൂടി മാത്രമേ ​അവ പ്രവർത്തിക്കുകയുള്ളൂ’ -കാർബോണി മുന്നറിയിപ്പു നൽകുന്നു.

ഗസ്സയിലെ ആ​ശുപത്രികളിൽ നീണ്ട ക്യൂവാണിപ്പോൾ. ഗുരുതര പരിക്കേറ്റവർ വരെ അടിയന്തര ചികിത്സക്കായി അത്യാഹിത മുറികൾക്കുമുന്നിൽ ഊഴവും കാത്തിരിക്കുന്നു. അടിയന്തര വൈദ്യ ഉപകരണങ്ങളുടെ അഭാവം ഹോസ്പിറ്റലുകളെ അലട്ടുന്നുണ്ട്. രക്തം ദാനം ചെയ്യാനായി അവർ ആളുകളോട് അപേക്ഷിക്കുന്നു. മാരക പരിക്കേറ്റ പിഞ്ചുകുഞ്ഞുങ്ങൾ ആശുപത്രിക്കിടക്കയിൽ വേദന സഹിക്കാനാവാതെ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു.


ഊർജ വിതരണം ഏതു നിമിഷവും നിലയ്ക്കാമെന്ന അപകടരമായ അവസ്ഥ തൊട്ടുമുന്നിൽനിൽക്കെ ആരെ ആദ്യം ശസ്ത്രക്രിയ നടത്തണമെന്നറിയാത്ത കടുത്ത പ്രതിസന്ധിക്കുമുന്നിലാണ് ഡോക്ടർമാർ. മനുഷ്യത്വ ഇടനാഴികളില്ലാത്ത അവസ്ഥയിൽ ആശുപത്രികളുടെ അവസ്ഥ അത്യന്തം പരിതാപകരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഐ.സി.ആർ.സിയും ഐക്യരാഷ്ട്രസഭയും സഹായ വിതരണത്തിനുള്ള ഇടനാഴികൾ ഒരുക്കാൻ തയാറാണെങ്കിലും ഇസ്രായേൽ അതിന് അനുവദിക്കുന്നില്ലെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യു​ന്നു.

ഗസ്സ ക്രോസിങ്ങിലൂടെ സഹായ വിതരണത്തിന് ഒരുക്കമാണെന്ന് ഈജിപ്ത് ആവർത്തിക്കുമ്പോൾ പ്രദേശത്ത് നിരന്തരം ബോംബ് വർഷിച്ച് ഇസ്രായേൽ ആ സാധ്യതയെ അടച്ചുകളയുന്നു. എയർ സ്ട്രൈക്കിലൂടെ ഗസ്സയെ തകർക്കാൻ ഇസ്രായേൽ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ ആയിരക്കണക്കിനാളുകൾ അഭയം തേടി ഓടിയെത്തുന്നത് ആശുപത്രികളിലാണ്. കാരണം, ഗസ്സയിലെ മറ്റിടങ്ങളിലേതിനേക്കാൾ താരതമ്യേന സു​രക്ഷിതം അവിടെ മാത്രമാണെന്ന് ഫലസ്തീൻകാർ കരുതുന്നു.


കരുതുന്നതിലും എത്രയോ അധികമാണ് പരിക്കേറ്റ് ഗസ്സയിലെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണമെന്ന് ആറു മാസമായി ഗസ്സയിൽ ജോലി ചെയ്യുന്ന ഡോ. ജസ്റ്റിൻ ഡാൽബി ബി.ബി.സിയോട് പറഞ്ഞു. മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് (എം.എസ്.എഫ്) എന്ന മനുഷ്യാവകാശ സന്നദ്ധ സംഘടനക്കൊപ്പമാണ് ഡോ. ഡാൽബി ഗസ്സയിലെത്തിയത്. ‘നിരന്തര അതിക്രമമാണ്. രാത്രിയും പകലെന്നുമില്ലാതെ എല്ലായിടത്തും കനത്ത നാശനഷ്ടങ്ങൾ വരുത്തുകയാണ്. നിങ്ങൾ ആശുപത്രിയിലേക്കുള്ള വൈദ്യുത വിതരണം ഇല്ലാതാക്കുമ്പോൾ വെളിച്ചം അണഞ്ഞുപോകുന്നു. വൈദ്യ നിരീക്ഷണ ഉപകരണങ്ങൾ, ഓക്സിജൻ വിതരണം, മെക്കാനിക്കൽ വെന്റിലേറ്ററുകൾ, ഓപറേഷൻ തിയറ്ററുകൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സർജിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയൊന്നും പിന്നീട് പ്രവർത്തിക്കാനാവില്ല’ -ഡോ. ഡാൽബി ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictGaza Hospital
News Summary - Gaza hospitals risk turning into morgues
Next Story