ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബിട്ടു: 500ലേറെ പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ആശുപത്രിക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറുകണക്കിന് മരണം. 500 പേർ മരിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത ബോംബാക്രമണങ്ങളിൽ പരിക്കേറ്റ് ആയിരങ്ങൾ ചികിത്സയിലായിരുന്ന അൽഅഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്കുനേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്.
മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ആശുപത്രി നിറയെ മൃതദേഹങ്ങൾ കുമിഞ്ഞുകിടക്കുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സാൽ പറഞ്ഞു. 500ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നുതരിപ്പണമായ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
ആക്രമണത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് തീയുയരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ, 4000 പേർ അഭയംതേടിയ യു.എൻ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. യു.എൻ അഭയാർഥി കേന്ദ്രങ്ങൾവരെ സുരക്ഷിതമല്ലാതായി മാറിയതായി യു.എൻ അഭയാർഥി സമിതി കമീഷണർ ജനറൽ ഫിലിപ് ലസാറിനി പറഞ്ഞു.
അതേസമയം, 11 ദിവസം കഴിഞ്ഞ ഗസ്സ ആക്രമണത്തിൽ മരണം 3500 കവിഞ്ഞു. ഇതിൽ മൂന്നിലൊന്നും കുട്ടികളാണ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ 1200 പേർ പേർ അകപ്പെട്ടുകിടക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ, ലബനാനിൽ ഇസ്രായേൽ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.
ദിവസങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും വലിയ ആൾനാശമാണിത്. തിരിച്ചടിയായി, ലബനാനിൽനിന്ന് വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെ മേഖലയിലെ സിവിലിയന്മാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം നിർദേശിച്ചു. അതിർത്തിയിലെ പ്രകോപനം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ലബനാൻ ആവശ്യപ്പെട്ടു.
●യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേലിലെത്തും. കരവഴി ഗസ്സയെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികൾ മനസ്സിലാക്കാനാണ് സന്ദർശനമെന്നാണ് സൂചന. ഹമാസിൽനിന്ന് ഇസ്രായേലിനെ പ്രതിരോധിക്കൽ യു.എസിന്റെ അവകാശവും ചുമതലയുമാണെന്ന് ബൈഡൻ പറഞ്ഞു.
●ഇസ്രായേൽ ഗസ്സയിലേക്ക് കടന്നുകയറുംമുമ്പുതന്നെ അവരെ ആക്രമിക്കാൻ തങ്ങളെ അനുകൂലിക്കുന്ന ഗ്രൂപ്പുകൾക്ക് കഴിയുമെന്ന് ഇറാൻ.
●വൈദ്യുതി ജനറേറ്ററുകൾ പ്രവർത്തിക്കാനുള്ള ഇന്ധനമില്ലാത്തതുകാരണം മിക്ക ആശുപത്രികളും അപകടാവസ്ഥയിൽ. യു.എൻ നടത്തുന്ന ഭക്ഷ്യവിതരണകേന്ദ്രങ്ങൾ പൂട്ടിയതിനാൽ അഞ്ചു ലക്ഷം ജനങ്ങൾക്ക് റേഷൻ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

