ഉറ്റവർക്ക് കണ്ണീർമൊഴിയേകി ഗസ്സ; തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇനിയും ആയിരങ്ങൾ
text_fieldsഗസ്സയിൽ 75 പേർക്കായി നടന്ന മയ്യിത്ത് നമസ്കാരം
ഗസ്സ സിറ്റി: ഇനിയുമേറെ പേർ കാണാമറയത്തുണ്ടെന്ന നെഞ്ചുലക്കുന്ന വേദന ഉള്ളിൽ നീറുമ്പോഴും കൺമുന്നിൽ കിടന്നവർക്ക് അവർ പ്രാർഥനപൂർവം യാത്രാമൊഴിയേകി. ഗസ്സയിലാണ് ഇസ്രായേൽ ബോംബിട്ടു തകർത്ത കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് വീണ്ടെടുത്ത 75 പേർക്കായി അന്ത്യകർമങ്ങൾ നടന്നത്.
നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിൽ ശൈഖ് റദ്വാൻ ഖബർസ്ഥാനിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവസാനയാത്ര. ഗസ്സ സിറ്റിയുടെ വടക്കുകിഴക്കൻ മേഖലയായ ദറജ് പ്രദേശത്തുനിന്നാണ് ഭൗതികാവശിഷ്ടങ്ങളിലേറെയും കണ്ടെടുത്തത്. സ്ത്രീകളും കുട്ടികളുമായിരുന്നു ഇരകളിലേറെയും. ശരീരാവശിഷ്ടങ്ങൾക്കൊപ്പം സ്ഥലത്തുനിന്ന് ലഭിച്ച അവരുടെ പ്രിയപ്പെട്ട വസ്തുക്കളും ഒന്നിച്ചാണ് ഫലസ്തീൻ പതാകളിൽ പൊതിഞ്ഞ് ഖബറടക്കിയത്.
കഴിഞ്ഞ ജൂലൈയിലാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചത്. ഇതുവരെ 333 മൃതദേഹങ്ങളും 559 പേരുടെ ഭൗതികാവശിഷ്ടങ്ങളും ലഭിച്ചതായി സിവിൽ ഡിഫെൻസ് വൃത്തങ്ങൾ അറിയിച്ചു. 8000ലേറെ പേർ സമാനമായി ഇനിയും കെട്ടിടാവശിഷ്ടങ്ങളിലുണ്ടാകുമെന്നാണ് കണക്കുകൂടടൽ. ഗസ്സയിലുടനീളം തകർക്കപ്പെട്ട രണ്ടു ലക്ഷം കെട്ടിടങ്ങളുണ്ടെന്ന് യു.എൻ അഭയാർഥി ഏജൻസി പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

