ഗസ്സ വംശഹത്യക്ക് 1000 നാൾ തികയുമ്പോൾ ശബ്ദമുയർത്തണം -ഫലസ്തീൻ അംബാസഡർ
text_fieldsന്യൂഡൽഹി: ഗസ്സയിലെ വംശഹത്യക്ക് 1000 ദിവസം തികയുന്ന വേളയിലെങ്കിലും അതിന് അന്ത്യം കുറിക്കാൻ അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ ഡോ. അബ്ദുല്ല അബു ഷവേശ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഒന്നിച്ചുള്ള ഇടപെടൽ കൊണ്ടു മാത്രമേ വംശഹത്യ തടയാനാകൂ എന്നും ഡോ. അബ്ദുല്ല കൂട്ടിച്ചേർത്തു.
ഇസ്രായേൽ തുടരുന്ന ആക്രമണത്തിന്റെയും വംശഹത്യയുടെയും 1000 ദിവസം തികയുന്ന വേളയിൽ ഇന്തോ-ഫലസ്തീൻ സോളിഡാരിറ്റി നെറ്റ്വർക്ക് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ ജനത അനുഭവിക്കുന്ന യാതനകൾക്ക് പ്രതിവിധി കാണാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. യുദ്ധത്തിന്റെ ആരംഭം മുതൽ ഇസ്രായേലും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും കപടതയും കള്ളപ്രചാരണവുമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രായേലിന് നിലനിൽപിന് അവകാശം ഉള്ളതുപോലെ ഫലസ്തീനും നിലനിൽപിന് അവകാശമുണ്ട്.
ഫലസ്തീൻ ജനത കടുത്ത ഭീതിയിലാണ് കഴിയുന്നതെന്നും പ്രത്യേകിച്ചും സ്ത്രീകളും കുട്ടികളും നേരിടുന്ന യാതനകൾ വിവരിക്കാൻ കഴിയുന്നതല്ലെന്നും സാമൂഹിക പ്രവർത്തകനും ഇന്തോ-ഫലസ്തീൻ സോളിഡാരിറ്റി നെറ്റ്വർക്കിന്റെ സ്ഥാപകരിൽ ഒരാളുമായ ഡോ. രഞ്ജൻ സോളമൻ പറഞ്ഞു. ഗസ്സ യുദ്ധത്തിന് അറുതിവരുത്താനും സമാധാനം വീണ്ടെടുക്കാനും കേവലം വെടിനിർത്തൽ പ്രഖ്യാപനങ്ങൾ പോരെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലോടെ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

