ലോകമേ, കാണൂ...; കൂട്ടിയിട്ട മൃതദേഹങ്ങൾക്ക് നടുവിൽ വാർത്താസമ്മേളനം നടത്തി ഗസ്സ ആശുപത്രിയിലെ ഡോക്ടർമാർ
text_fieldsകൂട്ടിയിട്ട മൃതദേഹങ്ങൾക്ക് നടുവിൽ ഗസ്സ അൽ അഹ്‍ലി ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനം
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഗസ്സയിലെ ഡോക്ടർമാർ പറഞ്ഞു, ലോകമേ കണ്ണുതുറന്ന് കാണൂ ഈ കൂട്ടക്കുരുതി.
ഇസ്രായേൽ സൈന്യം ഇന്നലെ ബോംബുകൾ വർഷിച്ച ഗസ്സ അൽ അഹ്‍ലി ആശുപത്രിയിലാണ് കൂട്ടിയിട്ട മൃതദേഹങ്ങൾക്ക് നടുവിൽ വാർത്തസമ്മേളനം നടത്തി ആക്രമണത്തിന്‍റെ ഭീകരത പുറംലോകത്തെ അറിയിച്ചത്. മനുഷ്യത്വം മരവിക്കുന്ന നരവേട്ടയിൽ ആശുപത്രിയിൽ കൊല്ലപ്പെട്ടത് കുട്ടികൾ ഉൾപ്പെടെ 500ലേറെ പേരാണ്.
വെള്ളത്തുണിയിൽ പൊതിഞ്ഞ, മുറിവുകളിൽ നിന്ന് ചോരയുണങ്ങാത്ത മൃതദേഹങ്ങൾക്ക് നടുവിൽ നിന്ന് ഡോക്ടർമാർ പറഞ്ഞത്, ഇത് യുദ്ധമല്ല കൂട്ടക്കൊലയാണെന്നായിരുന്നു. ആരോഗ്യപ്രവർത്തകരിലൊരാൾ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന്‍റെ ചോരപുരണ്ട മൃതദേഹം കൈയിലേന്തിയിരുന്നു.
'ആശുപത്രിയിൽ ശസ്ത്രക്രിയയിലായിരുന്നു ഞാൻ. വലിയ സ്ഫോടന ശബ്ദം കേട്ടാണ് മുറിക്ക് പുറത്തേക്ക് വന്നത്. ഓപറേഷൻ മുറിയുടെ സീലിംഗ് പാടെ തകർന്നുവീണു. ഇത് കൂട്ടക്കൊലയാണ്' -ഡോ. ഗസ്സൻ അബു സിത പറഞ്ഞു. സന്നദ്ധ സംഘടനയായ 'ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേർസ്' അംഗമാണ് ഇദ്ദേഹം.
പുറത്തേക്ക് ഓടിവന്ന ഞാൻ കണ്ടത് കുഞ്ഞുങ്ങളുടെ മൃതദേഹം ചിതറിക്കിടക്കുന്നതാണ്. കൈകാലുകൾ നഷ്ടമായ കുഞ്ഞുങ്ങൾ വേറെ. മൃതശരീരങ്ങളും ചിതറിയ ശരീരഭാഗങ്ങളാലും നിറഞ്ഞിരുന്നു പരിസരമാകെ -ഡോക്ടർ പറഞ്ഞു.
ഫലസ്തീൻ ആരോഗ്യമന്ത്രാലയെ വക്താക്കളും ഡോക്ടർമാർക്കൊപ്പമുണ്ടായിരുന്നു. 'ജീവിതത്തിൽ ഇതുപോലൊരു കാഴ്ച കാണേണ്ടിവന്നിട്ടില്ല. സിനിമയിലോ സങ്കൽപത്തിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ല' -ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ ചികിത്സ തേടിയെത്തിയ സ്ഥലമാണ് അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രി. ഇസ്രായേൽ അധിനിവേശ സൈന്യം വീടുകൾ തകർത്തതിനെതുടർന്ന് നിരാലംബരായ അനേകം മനുഷ്യരും ഇതിന്റെ മുറ്റത്ത് അഭയം തേടിയിരുന്നു.
ആതുരാലയമായതിനാൽ അക്രമങ്ങളിൽനിന്ന് സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവർ എത്തിയത്. എന്നാൽ, എല്ലാ പ്രതീക്ഷകളെയും മനുഷ്യത്വത്തെയും കത്തിച്ചാമ്പലാക്കി ഇസ്രായേൽ പോർവിമാനങ്ങൾ ആകാശത്ത് നിന്ന് തീതുപ്പി. പിഞ്ചുമക്കളെയും പ്രായമായവരെയും അടക്കം 500ലേറെ പേരെയാണ് നിമിഷങ്ങൾക്കകം ചാമ്പലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

