ഗസ്സ മരണസംഖ്യ 61,709 കവിയുമെന്ന്; കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ
text_fieldsഗസ്സ സിറ്റി: ഒന്നര വർഷത്തോളം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,709 കവിയുമെന്ന് അധികൃതർ. കാണാതായവരുടെ എണ്ണം കൂടി ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. 47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ്സ ആരോഗ്യ മന്ത്രാലയം നേരത്തേ പുറത്തുവിട്ട കണക്ക്. കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫിസ് തലവൻ സലാമ മഹറൂഫ് പറഞ്ഞു.
അതേസമയം, 14,222 പേരുടെയെങ്കിലും മൃതദേഹങ്ങൾ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ വംശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 17,881 പേരും കുട്ടികളാണ്. 214 നവജാത ശിശുക്കളെയും സൈന്യം കൊലപ്പെടുത്തിയതായി ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
20 ലക്ഷത്തിലേറെ പേർ കുടിയൊഴിപ്പിക്കപ്പെട്ടു. ചിലർക്ക് 25 തവണ വീടും ടെന്റുകളും വിട്ട് പലായനം ചെയ്യേണ്ടി വന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അഭയാർഥികൾ ജീവിച്ചത്. പീരങ്കികളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേൽ സേന നടത്തിയ നിരന്തര ബോംബിടലിൽ 1,11,588 പേർക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റതായും മഹറൂഫ് കൂട്ടിച്ചേർത്തു.
സാധാരണക്കാർക്ക് മാത്രമല്ല, ഗസ്സയിലെ ആരോഗ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും കനത്ത ആഘാതമാണുണ്ടാക്കിയത്. 1155 ആരോഗ്യ പ്രവർത്തകരും 205 മാധ്യമപ്രവർത്തകരും 194 സിവിൽ ഡിഫൻസ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസ്സ വെടിനിർത്തൽ കരാർ നിലവിൽ വന്നതിനെ തുടർന്നാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പുതുക്കിയ എണ്ണം അധികൃതർ പുറത്തുവിട്ടത്. വെടിനിർത്തൽ മാർച്ച് വരെ നീളുമെന്നതിനാൽ ഇസ്രായേൽ വിലക്ക് കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാതിരുന്ന പ്രദേശങ്ങളിലും മൃതദേഹങ്ങൾക്കായുള്ള പരിശോധന നടത്തുന്നുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ച് സന്നദ്ധ, മെഡിക്കൽ സംഘങ്ങൾ മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ദൗത്യങ്ങളിലേക്ക് കടന്നതായി അൽ ജസീറ ലേഖകൻ താരീഖ് അബു അസം ഗസ്സയിൽനിന്ന് റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.